കൊച്ചി: മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. ഭാരതം കണ്ട രാഷ്ട്രപതിമാരില്‍ തന്‍റേതായ ജ്ഞാനവും പ്രാഗത്ഭ്യതയും രാഷ്ട്ര തന്ത്രജ്ഞതയും കൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു പ്രണബ് മുഖര്‍ജിയുടേതെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു.
ദേശീയ ഐക്യത്തിനും സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിനും മതസൗഹാര്‍ദ്ദത്തിനും പ്രാമുഖ്യം നൽകികൊണ്ടാണ് രാഷ്ട്രപതി എന്ന നിലയില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചത്. ഐക്യത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും മുന്‍ഗണന നൽകി മാനുഷികമൂല്യങ്ങളില്‍ അടിയുറച്ച്, ഭാരതീയ സംസ്കാരത്തെ പരിപോഷിപ്പിക്കുമെന്ന് അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം.
രാഷ്ട്രീയജീവിതത്തിലും രാഷ്ട്രനേതൃത്വത്തിലും പ്രണബ് മുഖർജി നൽകിയ മാതൃക പൊതുജനസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും മാതൃകയാകട്ടെയെന്നും ആലഞ്ചേരി അഭിപ്രായപ്പെട്ടു.