കർദിനാൾ ആലഞ്ചേരി സിറോ മലബാർ സഭ അധ്യക്ഷ പദവി ഒഴിഞ്ഞു
text_fieldsകൊച്ചി: സിറോ മലബാർ സഭയെ പിടിച്ചുലച്ച വിവാദങ്ങൾക്കൊടുവിൽ മേജർ ആർച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി സഭയുടെ പരമാധ്യക്ഷപദമൊഴിഞ്ഞു. മോശം ആരോഗ്യസ്ഥിതിയും സഭയിലെ ഭാരിച്ച ഉത്തരവാദിത്തങ്ങളും ചൂണ്ടിക്കാട്ടി ഒരു വർഷം മുമ്പ് ഫ്രാൻസിസ് മാർപാപ്പക്ക് സമർപ്പിച്ച രാജി അംഗീകരിക്കപ്പെട്ടതോടെയാണ് സ്ഥാനമൊഴിയൽ. വിശ്വാസികളിൽ ചേരിതിരിവുണ്ടാക്കിയ എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടും കുർബാന തർക്കവും അടക്കം പ്രശ്നങ്ങൾ നീറിനിൽക്കുന്നതിനിടെയാണ് രാജി അംഗീകരിക്കപ്പെട്ടത്. കർദിനാൾ ജോർജ് ആലഞ്ചേരി ഇനി മേജർ ആർച് ബിഷപ് എമിറിറ്റസ് എന്ന് അറിയപ്പെടും.
പുതിയ മേജർ ആർച് ബിഷപ് സ്ഥാനം ഏറ്റെടുക്കുന്നതുവരെ കൂരിയ മെത്രാൻ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ സിറോ മലബാർ സഭ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുമെന്ന് കർദിനാൾ ആലഞ്ചേരി കാക്കനാട് സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം-അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്ന് തൃശൂർ ആർച് ബിഷപ് ആൻഡ്രൂസ് താഴത്തും ഒഴിഞ്ഞു. ബിഷപ് ബോസ്കോ പുത്തൂരാണ് പുതിയ അഡ്മിനിസ്ട്രേറ്റർ. ജനുവരിയിൽ നടക്കുന്ന സിനഡ് സമ്മേളനത്തിലാണ് പുതിയ സഭാ അധ്യക്ഷനെ തെരഞ്ഞെടുക്കുക.
നേതൃസ്ഥാനത്തുനിന്ന് വിരമിച്ചെങ്കിലും കർദിനാളെന്ന നിലയിൽ പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിലെ ദൗത്യം ആലഞ്ചേരി തുടരും. കാക്കനാട് തന്നെയായിരിക്കും തുടർന്നും താമസിക്കുക. 2019ലാണ് ആലഞ്ചേരി മാർപാപ്പക്ക് ആദ്യം രാജി സമർപ്പിച്ചത്. എന്നാൽ, സിനഡ് തീരുമാനപ്രകാരം അന്ന് രാജി സ്വീകരിച്ചില്ല. പിന്നീട്, 2022 നവംബർ 15ന് വീണ്ടും രാജിക്കത്ത് സമർപ്പിച്ചു. ഈ രാജി ആവശ്യമാണ് വ്യാഴാഴ്ച പ്രാബല്യത്തിൽ വരും വിധം അംഗീകരിച്ചത്.
തീരുമാനം ദൈവ നിശ്ചയമാണെന്ന് ആലഞ്ചേരി മാധ്യമങ്ങളോട് പറഞ്ഞു. ഭൂമിയിടപാട് സംബന്ധിച്ച കേസ് കാരണമായോ എന്ന ചോദ്യത്തിന് അതും ഒരു സാഹചര്യമാണ് എന്നായിരുന്നു മറുപടി. 2011 ഏപ്രിൽ ഒന്നിന് അന്നത്തെ മേജർ ആർച് ബിഷപ് കർദിനാൾ വർക്കി വിതയത്തിൽ കാലം ചെയ്തതിന് പിന്നാലെയാണ് സിനഡ് സെക്രട്ടറിയായ ആലഞ്ചേരിക്ക് സഭയുടെ നേതൃചുമതല ലഭിച്ചത്. 12 വർഷത്തെ അജപാലന ശുശ്രൂഷക്കുശേഷമാണ് 78കാരനായ ആലഞ്ചേരി സ്ഥാനം ഒഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

