കാര്‍ യാത്രക്കാരന് ഹൃദയാഘാതം; രക്ഷകരായ ‘മാലാഖ'മാര്‍ക്ക് അഭിനന്ദന പ്രവാഹം
text_fieldsകാര്‍ യാത്രികന് രക്ഷകരായ അഞ്ജലി ബൈജുവും ആദ്ര രാജും
പെരുമ്പാവൂര്‍: യാത്രക്കിടെ കാര്‍ യാത്രക്കാരന് ഹൃദയാഘാതമുണ്ടായപ്പോള്‍ സമയോചിതമായ ഇടപെടലിലൂടെ ജീവന്‍ രക്ഷിച്ച നഴ്‌സുമാര്‍ക്ക് അഭിനന്ദന പ്രവാഹം. എ.സി റോഡില്‍ കാലടി പാലത്തിലെ ഗതാഗതക്കുരുക്കില്‍ ഹൃദയാഘാതമുണ്ടായ കാര്‍ യാത്രക്കാരനായ പെരുമ്പാവൂര്‍ പള്ളിക്കവല ഹൈദരാലി ജങ്ഷന്‍ ചിരക്കക്കുടി വീട്ടില്‍ സി.ഇ. സിനാജിന് (43) ആണ് കൊരട്ടി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ നഴ്സ് അഞ്ജലി ബൈജു (24), കാലടി സ്വദേശിനിയും കോതമംഗലം മാര്‍ ബസേലിയോസ് നഴ്‌സിങ് കോളജിലെ അവസാന വര്‍ഷ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ഥിനിയുമായ ആദ്ര രാജ് (22) എന്നിവര്‍ രക്ഷകരായത്.
ട്രാഫിക് ബ്ലോക്കിലൂടെ ഓടിനടന്ന് ആരോഗ്യപ്രവര്‍ത്തകരെ തിരയുകയും ആംബുലന്‍സ് വിളിച്ചുവരുത്തുകയും ചെയ്ത ഒക്കല്‍ തുരുത്ത് സ്വദേശി രഞ്ജിത്തും ഓണമ്പിള്ളി സ്വദേശി എം.എച്ച്. മുഹമ്മദാലിയും മനുഷ്യത്വത്തിന് മാതൃകയായി. ബുധനാഴ്ച രാവിലെ 9.15ഓടെ താന്നിപ്പുഴയില്‍ ലൈറ്റിട്ട് ട്രാക്ക് തെറ്റി കാര്‍ വേഗതയില്‍ ഓടിച്ചുപോയ സിനാജിനോട് രഞ്ജിത്ത് വിവരം തിരക്കുകയായിരുന്നു. നെഞ്ചുവേദന കാരണം ആശുപത്രിയിലേക്ക് പോവുകയാണെന്ന് സിനാജ് അറിയിച്ചു.
സിനാജിന് വാഹനം ഓടിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ രഞ്ജിത്ത് മകനെ തൊട്ടടുത്ത സ്‌കൂളിലാക്കി തിരിച്ചെത്തി സുഹൃത്ത് മുഹമ്മദലിയോട് വിവരം പറഞ്ഞു. അപ്പോഴേക്കും സിനാജിന്റെ കാര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് മുന്നോട്ട് നീങ്ങാനാകാത്ത അവസ്ഥയിലാവുകയും അദ്ദേഹം അബോധാവസ്ഥയിലേക്ക് മാറുകയും ചെയ്തു. ഈ സമയം പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോയ സ്വകാര്യ ബസും കുരുക്കില്‍പെട്ടു. ബസില്‍ ആരോഗ്യ പ്രവര്‍ത്തകരുണ്ടോ എന്ന് രഞ്ജിത്ത് അന്വേഷിച്ചു. ബസിലുണ്ടായിരുന്ന അഞ്ജലിയും ആര്‍ദ്രയും പെട്ടെന്നുതന്നെ രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഇതിനിടെ സ്ഥലത്തെത്തിയ ഓണമ്പിള്ളി മുസ്ലിം ജമാഅത്തിന്റെ ആംബുലന്‍സില്‍ സിനോജിനോടൊപ്പം അഞ്ജലിയും ആര്‍ദ്രയും കയറി.
അങ്കമാലിയിലെ ആശുപത്രിയില്‍ എത്തുന്നതുവരെ ഇവര്‍ രോഗിക്ക് സി.പി.ആര്‍ നല്‍കി. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അദ്ദേഹം അപകടനില തരണം ചെയ്തിരുന്നു. രക്ത ധമനിയിലെ ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് സിനാജിനെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. സിനാജിന്റെ ജീവന്‍ രക്ഷിക്കാന്‍ കാരണക്കാരായ നഴ്‌സുമാര്‍ക്ക് വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് സമൂഹമാധ്യമങ്ങളിലും നാട്ടിലും ലഭിച്ചത്. അഞ്ജലി ബൈജുവിനെ മന്ത്രി റോജി എം. ജോണ്‍ കൊരട്ടി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെത്തി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

