തിരുവനന്തപുരത്ത് മോദിക്കെതിരെ പ്രതിഷേധ എഴുത്തുള്ള കാർ കസ്റ്റഡിയിലെടുത്തു; പഞ്ചാബ് സ്വദേശിക്കായി തിരച്ചിൽ
text_fieldsപട്ടത്ത് പ്രധാനമന്ത്രിക്കെതിരെ വാചകങ്ങൾ എഴുതിയ വാഹനം കസ്റ്റഡിയിലെടുത്തപ്പോൾ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും പ്രതിഷേധ എഴുത്തുള്ള കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പട്ടത്തെ ബാർ ഹോട്ടലിന് മുന്നിൽ നിന്നാണ് ഞായറാഴ്ച മ്യൂസിയം പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. ഹോട്ടലിൽ ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച് കടന്ന പഞ്ചാബ് സ്വദേശിക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. ഉത്തർപ്രദേശിലെ മീററ്റിൽ ഓംകാറിന്റെ പേരിലാണ് രജിസ്ട്രേഷൻ.
കർഷക സമരം, പുൽവാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് എഴുതിയിരിക്കുന്നത്. അമിതവേഗത്തിലെത്തിയാണ് കാർ ഹോട്ടലിന് മുന്നിൽ നിർത്തിയത്. സുരക്ഷ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ ഇയാൾ ബാറിലേക്ക് പോയി.
കാറിലെ എഴുത്തും പെരുമാറ്റവും ശ്രദ്ധയിൽപെട്ടതോടെ ഹോട്ടൽ ജീവനക്കാർ മദ്യം നൽകിയില്ല. പ്രകോപിതനായ ഇയാൾ ബഹളംവെച്ചു. ഹോട്ടൽ അധികൃതർ പൊലീസിനെ വിവരം അറിയിച്ചതോടെ കാർ ഉപേക്ഷിച്ച് ഓട്ടോയിൽ കടന്നു. തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
കാറിലെ ബാഗുകളിൽനിന്ന് പഴകിയ വസ്ത്രങ്ങളും കേബിളുകളും ഇലക്ട്രോണിക് വസ്തുക്കളും കണ്ടെത്തി. ഉണങ്ങിയ നിലയിലായിരുന്നു കാറിന് പുറത്തെ മഷി. ഈ വാചകങ്ങളുമായി കാർ ഇത്രയും ദൂരം സഞ്ചരിച്ചതെങ്ങനെയെന്നാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. സംഭവം വിവിധ അന്വേഷണ ഏജൻസികളെ പൊലീസ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

