പിന്നോട്ടെടുക്കുന്നതിനിടെ കാർ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു; വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsരാമനാട്ടുകര (കോഴിക്കോട്): പിന്നോട്ടെടുക്കുന്നതിനിടയിൽ നിയന്ത്രണംവിട്ട കാർ ആൾമറ തകർത്ത് വീട്ടുമുറ്റത്തെ കിണറ്റിൽ വീണു. കാറോടിച്ച വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. പെരുമുഖം കാട്ടിങ്ങൽ പറമ്പ് വൃന്ദാവനം വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ സ്നേഹലതക്കാണ് (64) അപകടം സംഭവിച്ചത്. 14 കോൽ താഴ്ചയുള്ള കിണറ്റിലേക്കാണ് ബുധനാഴ്ച വൈകീട്ട് 5.30ന് മാരുതി അൾട്ടോ കാറും സ്നേഹലതയും വീഴുന്നത്. ഭാഗ്യത്തിന് കാർ വീണത് വിലങ്ങനെയായതിനാൽ താഴോട്ടു പതിച്ച് വെള്ളത്തിൽ മുങ്ങാതെ നിന്നു. മറിച്ചായിരുന്നുവെങ്കിൽ ദുരന്തം ഉറപ്പ്.
സീനിയർ ഫയർ റസ്ക്യൂ ഓഫിസറായ എസ്.ബി. സജിത്ത് ഡ്യൂട്ടി കഴിഞ്ഞു പോകുന്ന വഴി വാർഡ് കൗൺസിലർ സമീഷ് വിവരമറിയിച്ചതനുസരിച്ച് മീഞ്ചന്തയിൽനിന്ന് സ്റ്റേഷൻ ഓഫിസർ സി.കെ. മുരളീധരൻ, അസി. ഓഫിസർ ഇ. ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ടീം കുതിച്ചെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
എസ്.ബി. സജിത്, വി.കെ. അനൂപ് എന്നിവർ മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ കിണറ്റിലിറങ്ങി ലോക്കായ ഡോർ ബ്ലേഡ് ഉപയോഗിച്ച് തുറന്ന് മുൻ സീറ്റിൽനിന്ന് സ്നേഹലതയെ കരക്കെത്തിച്ചു. കാർ ക്രെയിൻ ഉപയോഗിച്ച് കരകയറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

