You are here
ഡിക്കിയിലിരുന്ന് യാത്ര ചെയ്ത സംഭവം; കാർ കസ്റ്റഡിയിലെടുത്തു
ഹിയറിങ്ങിന് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വാഹന ഉടമ എത്തിയില്ല
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കാറിെൻറ ഡിക്കിയിലിരുന്ന് അപകടകരമായി യാത്ര ചെയ്ത സംഭവത്തിൽ മോട്ടോർവാഹന വകുപ്പ് കാർ കസ്റ്റഡിയിലെടുത്തു. ചേവായൂർ കിർത്താഡ്സിെൻറ സമീപത്തുനിന്നാണ് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം കാർ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഹിയറിങ്ങിന് ഹാജരാവാൻ ഉടമ പേരാമ്പ്ര സ്വദേശിയായ സഫീർ സലീമിനോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൻഫോഴ്സ്മെൻറ് ആർ.ടി.ഒ പി.എം. ഷബീർ പറഞ്ഞു. വാഹനം ഉടമ തന്നെയാണ് ഓടിച്ചിരുന്നതെന്നും ഹിയറിങ്ങിനുശേഷം ലൈസൻസ് അയോഗ്യമാക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും ആർ.ടി.ഒ പറഞ്ഞു. തിങ്കളാഴ്ച ഹിയറിങ്ങിന് ഹാജരാവാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും എത്തിയില്ല. തുടർന്നാണ് കിർത്താഡ്സിന് സമീപത്തുനിന്ന് കാർ കണ്ടെത്തിയത്.
ഫിറ്റ്നസ് ഉൾെപ്പടെ രേഖകൾ കൃത്യമാണെങ്കിൽ ചൊവ്വാഴ്ച തന്നെ കാർ വിട്ടുനൽകും. കഴിഞ്ഞ ദിവസം താമരശ്ശേരി ചുരത്തിൽ അഞ്ചാം വളവിലാണ് സംഭവം. കെ.എൽ 31 സി 7167 കാറിെൻറ ഡിക്കി പകുതി തുറന്ന് കാൽ പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതിെൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടിയുമായി മോട്ടോർവാഹന വകുപ്പ് മുന്നോട്ടുപോയത്. കാറിെൻറ പിറകിൽ വാഹനത്തിൽ യാത്ര ചെയ്തവരാണ് ദൃശ്യങ്ങൾ പകർത്തിയത്.