കാറും 1.78 കോടിയും കവർന്ന കേസ്: യുവാവ് പിടിയിൽ
text_fieldsമുണ്ടൂർ: കാറും 1.78 കോടി രൂപയും കവർന്ന കേസിൽ ഒരാളെകൂടി കോങ്ങാട് പൊലീസ് പിടികൂടി. മുണ്ടൂർ പൂതനൂർ കോലോത്തൊടി പ്രശാന്താണ് (27) പിടിയിലായത്. കവർച്ചസംഘത്തിന് മൊബൈൽ ഫോൺ വാങ്ങിനൽകി, കവർന്ന 10 ലക്ഷം രൂപ ഒളിപ്പിച്ചു എന്നിവയാണ് ഇയാൾക്കെതിരെയുള്ള കുറ്റം.
ഒളിപ്പിച്ച 10 ലക്ഷത്തിൽ അഞ്ച് ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 17ന് രാവിലെ 11.50ന് തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാർ വേലിക്കാട് പാലത്തിൽ തടഞ്ഞിട്ട് യാത്രക്കാരെ ബലമായി പിടിച്ചിറക്കിയ ശേഷം കാറും പണവും തട്ടിയെടുക്കുകയായിരുന്നു.
പണമടങ്ങിയ കാറും പണവും ഉപേക്ഷിച്ചനിലയിൽ പിന്നീട് തോലന്നൂരിൽനിന്ന് കണ്ടെത്തി. കവർച്ചക്ക് ഉപയോഗിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.