വളയംകുളത്ത് വാഹനാപകടം: പരിക്കേറ്റവരെ പുറത്തെടുത്തത് ജീപ്പ് വെട്ടിപ്പൊളിച്ച്
text_fieldsവളയംകുളത്ത് അപകടത്തിൽപെട്ട വാഹനം
ചങ്ങരംകുളം: സംസ്ഥാനപാതയിൽ വളയംകുളത്ത് ബൊലേറോ ജീപ്പ് മിനിലോറിയിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സ്വദേശികളായ ഫിയാസ് (26), അജിനാസ് (24), ഷിയാദ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളയംകുളം സെമി ഹമ്പിന് സമീപം ചൊവ്വാഴ്ച രാവിലെ ആറോടെയാണ് അപകടം. കണ്ണൂരില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ആറംഗസംഘം സഞ്ചരിച്ച ജീപ്പ് മുന്നില്‍ പോയിരുന്ന മിനിലോറിയിലിടിച്ചാണ് അപകടം.
മിനി ലോറി സെമി ഹമ്പില്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടകാരണമെന്ന് കരുതുന്നു. അപകടത്തില്‍ ജീപ്പ് ഭാഗികമായി തകര്‍ന്നു. വാഹനത്തില്‍ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്താന്‍ കഴിയാതെവന്നതോടെ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഏറെനേരത്തെ ശ്രമത്തിനുശേഷം ജീപ്പ് വെട്ടിപ്പൊളിച്ച് ഫയര്‍ഫോഴ്സ് എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാര്‍ യുവാവിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംസ്ഥാനപാതയിലെ ഹമ്പുകള്‍ ദീര്‍ഘദൂര വാഹനങ്ങള്‍ക്ക് തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതുമൂലം നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെടുന്നത്.

