പറവൂരിൽ കാർ പുഴയിലേക്ക് മറിഞ്ഞ് കുടുംബത്തിലെ മൂന്നുപേർ മരിച്ചു
text_fields
പറവൂർ (എറണാകുളം): നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് വയസ്സുള്ള കുട്ടി ഉൾപ്പെടെ കുടുംബത്തിലെ മൂന്നുപേർ മരണപ്പെട്ടു. പുത്തൻവേലിക്കര തുരുത്തൂർ കൈമാതുരുത്തി വീട്ടിൽ പരേതനായ സെബാസ്റ്റ്യെൻറ ഭാര്യ മേരി (68), മകൻ മെൽവിെൻറ ഭാര്യ ഹണി (32), മകൻ ആരോൺ മെൽവിൻ (രണ്ട് വയസ്സ്) എന്നിവരാണ് മരണപ്പെട്ടത്. കാർ ഒാടിച്ചിരുന്ന മെൽവിൻ(42) പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.
ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. പുത്തൻവേലിക്കര പഞ്ചായത്തിലെ കണക്കൻ കടവ് പമ്പ് ഹൗസിന് സമീപം ആലമറ്റം റോഡിലുള്ള പുഴയിലേക്ക് കാർ മറിയുകയായിരുന്നു. മേരിയുടെ ആലമറ്റത്തുള്ള സഹോദരെൻറ വീട്ടിൽ ആദ്യ കുർബാന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. വിജന പ്രദേശത്ത്കൂടിയുള്ള യാത്രയിൽ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. കാർ വെള്ളത്തിൽ വീഴുന്ന ശബ്ദം കേട്ട് സമീപവാസികളായ ചിലരാണ് ആദ്യമെത്തിയത്. ഇതിനിടയിൽ ഡോർ തുറന്നു മെൽവിൻ പുറത്തുകടന്നിരുന്നു.

അമ്മയും ഭാര്യയും കുട്ടിയും കാറിലുണ്ടെന്ന് മെൽവിൻ അറിയിച്ചതോടെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. സ്ഥലത്തെത്തിയ പുത്തൻവേലിക്കര പൊലീസ് മാള,പറവൂർ എന്നിവിടങ്ങളിലെ അഗ്നിശമന സേനാവിഭാഗങ്ങളെ വിളിച്ചുവരുത്തി. ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കനത്ത മഴയും വെളിച്ചക്കുറവും പ്രയാസമുണ്ടാക്കി. പിന്നീട് ജെ.സി.ബി ഉപയോഗിച്ച് കാർ കരക്കുകയറ്റി ഡോറുകൾ വെട്ടിപ്പൊളിച്ചാണ് മേരിയെയും ഹണിയെയും പുറത്തെടുത്തത്. മേരി മരിച്ചനിലയിലായിരുന്നു.
ഹണിയെ ഉടനെ ചാലാക്ക മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അതേസമയം കാറിലുണ്ടായിരുന്ന കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് രണ്ടു മണിയോടെ പുഴയിലെ പായലിൽ കുടുങ്ങിയ നിലയിൽ കുട്ടിയുടെ മൃതദേഹം പറവൂരിലെ ഫയർമാൻ എൻ.യു അൻസാർ മുങ്ങിയെടുക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച ഉച്ചയോടെ തുരുത്തൂർ സെൻറ് തോമസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു. മേരിക്ക് തോമസ് എന്നൊരു മകൻ കൂടിയുണ്ട്. മരുമകൾ ഷിജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
