ഉമ്മ 10 വർഷംമുൻപ് ജീപ്പിൽ നിന്ന് തെറിച്ചുവീണ് മരിച്ചു; നിർത്തിയിട്ട ഓട്ടോയിലേക്ക് കാർ പാഞ്ഞുകയറി മകനും ദാരുണാന്ത്യം
text_fieldsമുഹമ്മദ് ഷാഫി
നെടുമങ്ങാട്: ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. വഞ്ചുവം പുത്തൻകരിക്കകം വീട്ടിൽ മുഹമ്മദ് ഷാഫി (ബാദുഷ-42) ആണ് മരിച്ചത്.
ഈ മാസം 10ന് തിരുവനന്തപുരം ജനറൽ ആശുപത്രി ജങ്ഷനിലാണ് അപകടം. പേട്ട-പാറ്റൂര്‍ റോഡിലൂടെ ജനറല്‍ ആശുപത്രി ഭാഗത്തേക്ക് അമിത വേഗത്തില്‍ വന്ന കാര്‍ നടപ്പാതയിലെ ഇരുമ്പ് വേലി തകർത്ത് കയറുകയായിരുന്നു. മുഹമ്മദ് ഷാഫിയടക്കം അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഓട്ടോ ഡ്രൈവറായ കണ്ണമ്മൂല സ്വദേശി സുരേന്ദ്രൻ, കാൽനടക്കാരിയായ മുട്ടത്തറ സ്വദേശിനി ശ്രീപ്രിയ,ശാസ്താംകോട്ട സ്വദേശി ആഞ്ജനേയൻ എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഇപ്പോഴും ചികിത്സയിലാണ്.
ഏറെക്കാലം ചുള്ളിമാനൂർ ഭാഗത്ത് ഓട്ടോ ഓടിയിരുന്ന ഷാഫി അടുത്തിടെയാണ് സിറ്റിയിലെ ഓട്ടോസ്റ്റാൻഡിലേക്ക് മാറിയത്. പത്തു വർഷം മുമ്പ് വിറക് കെട്ടുകയറ്റി വന്ന ജീപ്പിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണായിരുന്നു ഷാഫിയുടെ ഉമ്മ നസീമ ബീവി മരിച്ചത്. ഭാര്യ : ഷജിലാ ബീവി. മക്കൾ : ഷഹാന, ഷഫാന.
കാര്‍ ഓടിച്ച വട്ടിയൂര്‍ക്കാവ് വലിയവിള സ്വദേശി എ.കെ. വിഷ്ണുനാഥിന്റെ (25) ലൈസന്‍സ് സസ്പെൻഡ് ചെയ്തിരുന്നു. ബ്രേക്കിനു പകരം ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിനു കാരണമായതെന്നും കാറിനു സാങ്കേതിക തകരാര്‍ ഇല്ലെന്നും വാഹനം പരിശോധിച്ച ആര്‍.ടി.ഒ അജിത്കുമാര്‍ പറഞ്ഞിരുന്നു. 2019ല്‍ ലൈസന്‍സ് എടുത്ത വിഷ്ണുനാഥിനു വേണ്ടത്ര ഡ്രൈവിങ് വൈദഗ്ധ്യമില്ലെന്ന് പൊലീസ് പറഞ്ഞു. അമ്മാവനൊപ്പമാണ് വിഷ്ണുനാഥ് ഡ്രൈവിങ് പരിശീലനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

