‘ക്യാപ്റ്റന്‍റെ’ പരാജയം; മങ്ങലേറ്റ് തുടർഭരണ സാധ്യതകൾ
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടകൊത്തളങ്ങളിൽ പോലും അടിപതറിയ ഇടതുമുന്നണിയുടെ പരാജയം മുന്നണിയെ നയിച്ച പിണറായി വിജയന്‍റെ കൂടി പരാജയമായി മാറി. ‘മൂന്നാം പിണറായി സർക്കാർ ലോഡിങ്’ എന്ന് ഇടതുകേന്ദ്രങ്ങൾ മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ സമൂഹമാധ്യമ പ്രചാരണത്തിന്‍റെ മുനയൊടിക്കുന്നത് കൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. പാർട്ടിയിലും മുന്നണിയിലും ചോദ്യം ചെയ്യപ്പെടാത്ത ഏക അധികാര കേന്ദ്രമായും അതുവഴി ക്യാപ്റ്റനായും പിണറായി വാഴ്ത്തപ്പെട്ടിരുന്നു.
പാർട്ടിയിലെ പിണറായിയുടെ അപ്രമാദിത്വം കൂടി ചോദ്യംചെയ്യപ്പെടുന്നതാണ് പാർട്ടിയുടെയും മുന്നണിയുടെയും നിയന്ത്രണം തെറ്റിച്ച തോൽവി. എക്കാലവും പാർട്ടിക്കൊപ്പംനിന്ന കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം പോലുള്ള കോർപറേഷനുകളിലേറ്റ തിരിച്ചടി തദ്ദേശ തെരഞ്ഞെടുപ്പിലെ ആഘാതത്തിന്‍റെ പ്രകട തെളിവാണ്.
ഉയർന്നുവരുന്ന പ്രശ്നങ്ങളിലും വിവാദങ്ങളിലും ശരിതെറ്റുകൾക്കപ്പുറം പിണറായിയും സർക്കാറും പാർട്ടിയും മാത്രം ശരിയെന്ന ആഖ്യാനത്തിലേക്ക് നേതൃത്വത്തിനൊപ്പം അണികളെക്കൂടി നയിച്ചതോടെ ജനവികാരം തിരിച്ചറിയാൻ കഴിയാതെ പോയി. പാർട്ടിയെ വിവാദത്തിൽ നിർത്തുന്ന വിവാദങ്ങളിൽ സാമാന്യയുക്തിക്ക് പോലും നിരക്കാത്ത ക്യാപ്റ്റന്‍റെ ന്യായീകരണങ്ങൾ പാർട്ടി സംവിധാനം വഴി ഒരുപോലെ സംപ്രഷണം ചെയ്യപ്പെട്ടു.
ഏറ്റവും ഒടുവിൽ വിദ്യാഭ്യാസ മേഖലയിൽ ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി 2020) സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപിക്കാൻ കേന്ദ്രസർക്കാർ തയാറാക്കിയ പി.എം ശ്രീ പദ്ധതിയിൽ മന്ത്രിസഭ പോലും അറിയാതെ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിനെ പോലും പാർട്ടി നേതൃത്വവും അണികളും മുഖ്യമന്ത്രിക്ക് വേണ്ടി ഇറങ്ങിനടന്ന് ന്യായീകരിച്ചു. കേന്ദ്രസർക്കാറിനും സംസ്ഥാന സർക്കാറിനും ഇടയിൽ ഇതിനായി പാലമായി നിന്നത് ജോൺ ബ്രിട്ടാസ് എം.പിയാണെന്ന് പുറത്തുവന്നതോടെ ഇതിലുള്ള അന്തർനാടകങ്ങളും വ്യക്തമായി.
മിനിമം വേതനത്തിനായി മാസങ്ങളോളം സെക്രട്ടേറിയറ്റ് നടയിൽ മഴയും വെയിലുമേറ്റ് ആശ വർക്കർമാർ നടത്തിയ സമരത്തെ പരിഹസിക്കുന്ന പാർട്ടി സംഘങ്ങളുടെ നടപടിയെയും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ ശരിവെച്ചു. അടിസ്ഥാന വിഭാഗങ്ങളുടെ ജീവൽ പ്രശ്നങ്ങളോട് മുഖംതിരിഞ്ഞുനിന്ന സർക്കാർ സമീപകാലത്തായി കോടികൾ പൊടിച്ചുള്ള മെഗാമേളകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതും കണ്ടു. വിശ്വാസികളെ കൂടെക്കൂട്ടാൻ ലക്ഷ്യമിട്ട് ആഗോള അയ്യപ്പ സംഗമം നടത്തിയപ്പോൾ അതിന്‍റെ ചെലവിൽ ഉയർത്തിയ കൂറ്റൻ ഹോർഡിങ്സിലും നിറഞ്ഞത് പിണറായി തന്നെയായിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ശബരിമല സ്വർണക്കൊള്ളയിൽ നേതാക്കൾ ഉൾപ്പെടെയുള്ളവർ ജയിലിലടക്കപ്പെട്ടപ്പോൾ നടപടിക്ക് പോലും പിണറായിയോ പാർട്ടിയോ തയാറായില്ല. 2020ൽ എൽ.ഡി.എഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന്‍റെയും 2021ൽ നേടിയ ഭരണത്തുടർച്ചയുടെയും സമ്പൂർണ ക്രെഡിറ്റെടുത്തത് മുന്നണിയെ നയിച്ച പിണറായി വിജയൻ തന്നെയായിരുന്നെങ്കിൽ 2025ലെ പാർട്ടിയെ ആടിയുലക്കുന്ന പരാജയത്തിന്‍റെ ഉത്തരവാദിത്തവും അദ്ദേഹത്തിന് മേൽ തന്നെയാണ് വന്നുചേരുക. വാഴ്ത്തുസംഘങ്ങൾക്കും അടുപ്പക്കാർക്കും മാത്രം സ്വീകാര്യനായി മാറുന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറുന്ന ജനവികാരം സ്വയമോ പാർട്ടിയോ കാണാതെ പോയതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പ്രധാന കാരണങ്ങളിലൊന്ന്.
മാസങ്ങൾക്കപ്പുറം നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങുമ്പോൾ മുന്നണിയെ നയിക്കാൻ തെറ്റുകൾ തിരുത്താത്ത ക്യാപ്റ്റൻ തന്നെ മതിയോ എന്നത് ഇടതുമുന്നണിക്കും പ്രധാനമാണ്. ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ കൈവിട്ടു തുടങ്ങിയ ഭൂരിപക്ഷ വോട്ടുകൾ തിരികെപ്പിടിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ ഭൂരിപക്ഷ പ്രീണന തന്ത്രങ്ങളും ന്യൂനപക്ഷ സംഘടനകളെ പൈശാചികവത്കരിക്കലും തുടരുമോ എന്നതടക്കം ഇതിൽ പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

