തലസ്ഥാന മാറ്റം: സ്വകാര്യ ബിൽ ചോർത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസെന്ന് ഹൈബി ഈഡൻ
text_fieldsകൊച്ചി: തലസ്ഥാനം മാറ്റണമെന്ന സ്വകാര്യ ബിൽ ചോർത്തി വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ ഓഫിസെന്ന് കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ എം.പി. അനാവശ്യ വിവാദമാണ് ഉണ്ടാക്കിയത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ തന്‍റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത്. സ്വകാര്യ ബിൽ സംബന്ധിച്ച് പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ മറുപടി നൽകുമെന്നും ഹൈബി പറഞ്ഞു.
ജനാധിപത്യ രാജ്യത്ത് എനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ബിൻ പിൻവലിച്ചിട്ടില്ല. പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ അക്കാര്യം ആലോചിക്കും. അക്കാദമിക തലത്തിലുള്ള ചർച്ചയാണ് താൻ ഉയർത്തിയതെന്നും ഹൈബി ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കില്ല. പബ്ലിസിറ്റി ആഗ്രഹിച്ചാണ് സ്വകാര്യ ബിൽ നൽകിയതെന്ന് തന്നെ അറിയുന്നവർ വിശ്വസിക്കില്ല. നേതാക്കളുടെ പ്രസ്താവനകൾക്ക് മറുപടിയുണ്ടെന്നും എന്നാൽ അവരുടെ സീനിയോരിറ്റി പരിഗണിച്ച് പറയുന്നില്ലെന്നും ഹൈബി ഈഡൻ വ്യക്തമാക്കി.

