മൂന്നാം തരംഗത്തിന് ശേഷം എന്താണെന്ന് പറയാനാവില്ല, ഡിജിറ്റൽ പഠനം തുടരേണ്ടി വരും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന് ശേഷം എന്താണെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഡിജിറ്റൽ പഠനം തുടരേണ്ടിവരും. കോവിഡ് ഒന്നാം തരംഗം കഴിഞ്ഞ് രണ്ടാം തരംഗത്തിലാണ് നമ്മളിപ്പോൾ. മൂന്നാം തരംഗം വരാനുണ്ട്. അതുകഴിഞ്ഞ് പിന്നൊരു തരംഗം വരുന്നുണ്ടോയെന്ന് നമുക്ക് അറിയില്ല. കോവിഡ് കുറച്ചുകാലം നമ്മുടെ കൂടെ ഉണ്ടാകും. അതുകൊണ്ട് ഓൺലൈൻ വിദ്യാഭ്യാസം എപ്പോൾ അവസാനിക്കുമെന്ന് ഉറപ്പിച്ച് പറയാൻ കഴിയാത്ത അവസ്ഥയാണ്.
വളർന്നുവരുന്ന കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ അടിത്തറ ഉറപ്പിക്കുകയെന്നത് വളരെ പ്രധാനമാണ്. ഇക്കാര്യത്തിൽ 'ഡിജിറ്റൽ ഡിവൈഡ്' ഉണ്ടാകാൻ പാടില്ല. അതിനാവശ്യമായ കരുതൽ ഉണ്ടാകണം. ആവശ്യമായ നടപടികൾ സർക്കാറിനൊപ്പം എല്ലാവരും ചെയ്യണം.
നിലവിൽ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സംസ്ഥാനത്തെ കുട്ടികളിൽ ഒരു വിഭാഗം കുട്ടികൾ ഡിജിറ്റൽ പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ ശേഷിയില്ലാത്തവരാണ്. പലവിധ പ്രശ്നങ്ങൾ അവർ നേരിടുന്നുണ്ട്.
പാഠപുസ്തകങ്ങൾ പോലെ തന്നെ വിദ്യാർഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ഉണ്ടാവുക പ്രധാനമാണ്. അത് വാങ്ങാൻ ശേഷിയില്ലാത്തവരെ അതിന് സഹായിക്കണം -മുഖ്യമന്ത്രി പറഞ്ഞു.