ഹിന്ദു ഐക്യവേദി നേതാക്കളെ കാണാൻ പറ്റില്ലെന്ന് പറയാമോ?, പിണറായിയെപോലെ ഒളിച്ചുപോയല്ല കണ്ടത് -മുഖ്യമന്ത്രി വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ തന്നെ കാണാൻ വരുന്ന ഹിന്ദു ഐക്യവേദി നേതാക്കളെ കാണാൻ പറ്റില്ലെന്ന് പറയാൻ തനിക്കാവില്ലെന്നും പിണറായി വിജയനെപ്പോലെ ഒളിച്ചല്ല താൻ അവരെ കണ്ടതെന്നും വി.ഡി. സതീശൻ. മന്ത്രിസഭായോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും മാത്രം മുഖ്യമന്ത്രിയല്ലെന്നും കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും മുഖ്യമന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി
താൻ ഒളിച്ചല്ല അവരെ കണ്ടതെന്നും പിണറായി വിജയൻ ചെയ്തതുപോലെ ആർ.എസ്.എസ് നേതാക്കളെ കാണാൻ മറ്റൊരു കാറിൽ കയറി, മാധ്യമപ്രവർത്തകരെപ്പോലും മാറ്റിനിർത്തി ആരുമറിയാതെ മസ്കറ്റ് ഹോട്ടലിൽ വെച്ച് ഒളിച്ചുകണ്ട ചരിത്രം തനിക്കില്ലെന്നും വി.ഡി. സതീശൻ പരിഹസിച്ചു.
നൂറുകണക്കിന് ആളുകൾ കാണാൻ വരുന്ന പൊതുസമയത്താണ് ഹിന്ദു ഐക്യവേദി നേതാക്കളും ഓഫിസിലെത്തിയത്. അവർ തന്ന നിവേദനം വാങ്ങി സംസാരിക്കുകയാണ് ചെയ്തത്. തനിക്കെതിരെ നിരന്തരം വ്യാപകമായ പ്രചാരണം നടത്തുന്ന രണ്ടുപേർ ആ സംഘത്തിലുണ്ടായിരുന്നു. എന്നാൽ അതിന്റെ പേരിൽ അവരെ കാണാൻ പറ്റില്ലെന്ന് പറയാൻ ഒരു ഭരണാധികാരിക്ക് കഴിയില്ല.
ഹിന്ദു ഐക്യവേദി നേതാക്കളെ ഇരുത്തിയ അതേ കസേരയിലാണ് തൊട്ടടുത്ത ദിവസം തനിക്കെതിരെ സമരം ചെയ്യുന്ന എൻ.ജി.ഒ യൂണിയൻ നേതാക്കളെയും ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളെയും സി.പി.എമ്മിന്റെ അധ്യാപക സംഘടന നേതാക്കളെയും ഇരുത്തി സംസാരിച്ചതെന്നും തന്നെ കാണാൻ വരുന്നവരോട് കാണില്ലെന്ന് പറയുന്നത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. കാണാൻ അനുമതി നിഷേധിക്കുമ്പോഴാണ് യഥാർഥത്തിൽ അത് വാർത്തയാകേണ്ടത്.
എൻ.എസ്.എസ് നേതൃത്വം കാണാൻ സമയം ചോദിച്ചിട്ടും നൽകിയില്ല എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്മായും അടിസ്ഥാനരഹിതമാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ബജറ്റ് തയാറെടുപ്പിന്റെ തിരക്കിലായിരുന്നതിനാൽ തന്റെ പക്കൽ ഫോൺ ഉണ്ടായിരുന്നില്ല.
ആ സമയത്താണ് എൻ.എസ്.എസ് പ്രതിനിധി തന്റെ പ്രൈവറ്റ് സെക്രട്ടറിയെ ബന്ധപ്പെടുന്നത്. വിവരമറിഞ്ഞയുടൻ താൻ അദ്ദേഹത്തെ തിരിച്ചുവിളിക്കുകയും വളരെ സൗഹാർദ്ദപരമായി സംസാരിക്കുകയും ചെയ്തു. നേരിൽ കണ്ട് കാര്യങ്ങൾ സംസാരിക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ബജറ്റ് അവതരിപ്പിക്കുന്ന ദിവസം വരെ താൻ ഇവിടെത്തന്നെയുണ്ടായിരുന്നു. എന്നാൽ താൻ കാണാൻ സമയം നൽകിയില്ല എന്ന തരത്തിൽ പിന്നീട് വന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളി തന്നെ വന്നു കണ്ടതിനെതിരെയുള്ള ആരോപണങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു. ആലുവയിലെ തന്റെ വസതിയിൽ പൊതുജനങ്ങളെ കാണുന്ന സമയത്താണ് തുഷാർ വെള്ളാപ്പള്ളി എത്തിയത്. അദ്ദേഹം വന്ന് അഭിനന്ദിച്ച ശേഷം മടങ്ങുകയായിരുന്നു. തുഷാർ വെള്ളാപ്പള്ളി വരുമ്പോൾ വരാൻ പാടില്ലെന്ന് തനിക്ക് പറയാൻ സാധിക്കില്ലെന്നും അതിലും ആരോപണം ഉന്നയിക്കുന്നതിൽ അർഥമില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

