ലോകകപ്പിൽ മുത്തമിടാനായില്ല ആരാധകർക്ക് സങ്കടരാവ്
text_fieldsക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സരം ടി.വിയിൽ കാണുന്ന
ഒതുക്കുങ്ങൽ അരിച്ചോൾ പവർ കിങ് ലൈബ്രറി ആൻഡ്
സ്പോർട്സ് ക്ലബ് പ്രവർത്തകർ
മലപ്പുറം: ആവേശവും ആശങ്കയും മൈതാനത്ത് മാറിമാറി പിച്ചൊരുക്കിയപ്പോൾ ജില്ലയിൽ ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികളാണ് കണ്ണെടുക്കാതെ ഇന്ത്യ-ആസ്ട്രേലിയ ലോകകപ്പ് ഫൈനൽ പോരാട്ടം കൺനിറയെ കണ്ടത്. ഇന്ത്യ ലോകകപ്പ് കിരീടം ചൂടുമെന്ന പ്രതീക്ഷയിൽ ആവേശത്തോടെ കളി വീക്ഷിച്ച മലപ്പുറത്തെ ക്രിക്കറ്റ് ആരാധകർ, അവസാനം മഞ്ഞപ്പട വിജയം കൊയ്തപ്പോൾ നിരാശ രാവിലലിഞ്ഞു.
ഇന്ത്യൻ ബാറ്റർമാരുടെ വെടിക്കെട്ട് പ്രകടനത്തിനായി കാത്തിരുന്ന ആരാധകരെ നിരാശരാക്കി ആസ്ട്രേലിയ തുടരെ വിക്കറ്റെടുത്തപ്പോൾ ഭേദപ്പെട്ട ഒരു ടോട്ടൽ സ്കോർ മാത്രമായിരുന്നു ആരാധാകരുടെ മനസ്സിൽ. ഒരുവിധം 240 റൺസെടുത്ത് ഇന്ത്യൻ ബാറ്റിങ് അവസാനിച്ചപ്പോൾ ചാമ്പ്യൻഷിപ്പിൽ കരുത്ത് തെളിയിച്ച പേസർമാരുടെ മികച്ച പ്രകടനത്തിലായിരുന്നു പ്രതീക്ഷ.
ആ പ്രതീക്ഷ സാക്ഷാത്കരിക്കുമെന്ന് തോന്നിക്കുന്ന പ്രകടനമാണ് തുടക്കത്തിൽ ബൗളർമാർ പുറത്തെടുത്തത്. മുഹമ്മദ് ഷമി തുടങ്ങിവെച്ച വിക്കറ്റ് വേട്ട തീപ്പന്തുകളുമായി ബുംറയും ഏറ്റെടുത്തതോടെ കളിയിൽ ഇന്ത്യ പിടിമുറുക്കുമെന്ന് തോന്നിച്ചെങ്കിലും ഓസീസ് ബാറ്റർമാരുടെ റൺവേട്ടയിൽ എല്ലാ പ്രതീക്ഷകളും പൊലിഞ്ഞു. പലയിടത്തും വലിയ സ്ക്രീനിൽ ഫൈനൽ മത്സരം കാണാൻ അവസരം ഒരുക്കിയിരുന്നു. കളി നേരിട്ട് കാണാൻ ജില്ലയിൽനിന്ന് നിരവധിപേർക്ക് അവസരം ലഭിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ നേർന്നും ആവേശം പങ്കുവെച്ചും പോസ്റ്റുകളിടാനും ആരാധകർ മത്സരിക്കുകയായിരുന്നു.