വൈദ്യുതി നിയന്ത്രണം എത്രനാൾ തുടരുമെന്ന് പറയാനാകില്ല; പ്രതിസന്ധിയെ രാഷ്ട്രീയവത്കരിക്കരുതെന്നും സണ്ണി ജോസഫ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വൻതോതിൽ ഉയർന്നവെന്നും ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എത്ര നാൾ തുടരേണ്ടി വരുമെന്ന് വ്യക്തമാക്കാനാകില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. നിലവിലെ ഈ പ്രതിസന്ധിയെ രാഷ്ട്രീയ ലാഭങ്ങൾക്കായി ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതുകൊണ്ട് ഉണ്ടായ അടിയന്തിര സാഹചര്യമല്ല, മറിച്ച് രാജ്യമെമ്പാടും നിലനിൽക്കുന്ന സമാനമായ പ്രതിസന്ധിയുടെ ഭാഗമാണ്. ഇടതുപക്ഷ സർക്കാരിന്റെ ഭരണകാലത്തും സമാനമായ രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ ഇതിനെ ഒരു ഭരണപരാജയമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ ആയിരം മെഗാവാട്ടിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കടുത്ത ചൂടും മഴയുടെ ലഭ്യതയിലുണ്ടായ വലിയ കുറവും കാരണം ആഭ്യന്തര ഉത്പാദനത്തിലുണ്ടായ ഇടിവാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യവ്യാപകമായി അനുഭവപ്പെടുന്ന ഈ ഊർജ്ജക്ഷാമത്തെക്കുറിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്. ഇതിന് പുറമെ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന വിഹിതത്തിലും കുറവുണ്ടായിട്ടുണ്ട്. മുൻപ് വേനൽക്കാലത്തെ ആവശ്യങ്ങൾക്കായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി വരും സെപ്റ്റംബർ 15-നകം തിരിച്ചു നൽകേണ്ട ബാധ്യതയുള്ളതും നിലവിലെ സ്ഥിതി രൂക്ഷമാക്കുന്നു. മുൻ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന്റെ കാലത്ത് ഒപ്പുവെച്ചിരുന്ന, യീനിറ്റിന് 4.29 രൂപ നിരക്കിൽ ദീർഘകാലത്തേക്ക് വൈദ്യുതി ലഭ്യമാകുമായിരുന്ന കരാറുകൾ പിന്നീട് റദ്ദാക്കപ്പെട്ടതും ഇപ്പോഴത്തെ കനത്ത തിരിച്ചടിക്ക് കാരണമായിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. 2025 ജൂലൈയിൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 3500 - 3600 മെഗാവാട്ട് ആയിരുന്ന സ്ഥാനത്ത് 2026 ജൂലൈയിൽ അത് 4600 - 4800 മെഗാവാട്ടായി കുതിച്ചുയർന്നു. പ്രതിദിന ഉപയോഗം 70 ദശലക്ഷം യൂനിറ്റിൽ നിന്നും 78 ദശലക്ഷം യൂനിറ്റായാണ് വർദ്ധിച്ചത്. എന്നാൽ ഇതേ കാലയളവിൽ ആഭ്യന്തര ജലവൈദ്യുതി ഉത്പാദനം 45 ദശലക്ഷം യൂനിറ്റിൽ നിന്നും വെറും 14 - 17 ദശലക്ഷം യൂനിറ്റിലേക്ക് കൂപ്പുകുത്തി. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തെ 60 ശതമാനത്തിൽ നിന്നും ഇത്തവണ 28 ശതമാനമായി താഴുകയും ചെയ്തു. ഇടുക്കി ജില്ലയിൽ മാത്രം മഴ ലഭ്യതയിൽ 55 ശതമാനത്തിന്റെ കുറവാണ് ഇക്കുറി രേഖപ്പെടുത്തിയിട്ടുള്ളത്. പകൽ സമയത്ത് ലഭ്യമാകുന്ന സോളാർ വൈദ്യുതി രാത്രികാല ഉപയോഗത്തിനായി വലിയ തോതിൽ ശേഖരിച്ചു വെക്കാനുള്ള സംവിധാനങ്ങളുടെ പരിമിതി മറ്റൊരു വലിയ വെല്ലുവിളിയാണ്. ഇതിന് താൽക്കാലിക പരിഹാരമായി ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങൾ വർദ്ധിപ്പിക്കാനുള്ള അടിയന്തര നടപടികളുമായി കെ.എസ്.ഇ.ബി ലിമിറ്റഡ് മുന്നോട്ട് പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ പ്രതിസന്ധി ഘട്ടം മറികടക്കാൻ പൊതുജനങ്ങളുടെ ഭാഗത്തുനിന്നും കർശനമായ മുൻകരുതലുകൾ ഉണ്ടാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. രാത്രികാലങ്ങളിലെ അനാവശ്യമായ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണം. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നത് വഴി ഉപഭോഗം വലിയ രീതിയിൽ നിയന്ത്രിക്കാനാകും. കൂടാതെ, കൂടുതൽ വൈദ്യുതി ആവശ്യമുള്ള അയൺ ബോക്സ്, മോട്ടോറുകൾ തുടങ്ങിയവയുടെ ഉപയോഗം രാത്രി സമയങ്ങളിൽ നിന്ന് ഒഴിവാക്കി പകൽ സമയങ്ങളിലേക്ക് മാറ്റാൻ ശ്രദ്ധിക്കണം. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും അനാവശ്യമായി ലൈറ്റുകൾ പ്രകാശിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും അദ്ദഹം നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

