നേരിട്ട് കേസെടുക്കാനാവില്ല; പിണറായിക്കെതിരായ മാസപ്പടി കേസിൽ സർക്കാർ
text_fieldsകൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടററേറ്റ് (ഇ.ഡി) സർക്കാറിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ നേരിട്ട് കേസെടുക്കാനാവില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. പി.എം.എൽ.എയിലെ 66(2) വകുപ്പ് പ്രകാരം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിർബന്ധമായും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്ന നിലപാട് ഇ.ഡി ആവർത്തിച്ചു.
തെളിവായി കാട്ടാനുള്ളത് ഡയറി മാത്രമാണല്ലോയെന്നും നേരിട്ട് കേസെടുക്കാൻ ഇത് പര്യാപ്തമല്ലെന്നും ഹൈകോടതി വാക്കാൽ നിരീക്ഷിച്ചു. ഇ.ഡി റിപ്പോർട്ടിലെ നിർദേശ പ്രകാരം പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം (പി.എം.എൽ.എ) എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തത് ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഡ്വ.കെ.എം. ഷാജഹാൻ നൽകിയ ഹരജിയിലെ വാദത്തിനിടെയാണ് സർക്കാറും ഇ.ഡിയും നിലപാടറിയിച്ചത്. എല്ലാ കക്ഷികളുടേയും വാദം പൂർത്തിയാക്കിയ കോടതി ഹരജി വിധി പറയാനായി മാറ്റി.
അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കൈമാറിയ റിപ്പോർട്ടിന്റെ പകർപ്പ് മുദ്രവെച്ച കവറിൽ ഇ.ഡി കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ വിശദ വാദം കേട്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ വിധി പറയാൻ മാറ്റിയത്. ഇ.ഡി.അന്വേഷണ ഏജൻസിയല്ലെന്നും റിപ്പോർട്ടിൽ മതിയായ വസ്തുതയില്ലെന്നുമടക്കം ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുള്ള അന്വേഷണം ഈ ഘട്ടത്തിൽ ആവശ്യമില്ലെന്നും പ്രാഥമികാന്വേഷണമേ സാധ്യമാകൂവെന്നുമുള്ള നിലപാട് സർക്കാർ സ്വീകരിച്ചത്. സ്വകാര്യ വ്യക്തി നൽകിയ ഹരജി നിലനിൽക്കുന്നതല്ലെന്നും തിടുക്കത്തിൽ കോടതിയെ സമീപിച്ചതിൽ തെറ്റായ ഉദ്ദേശ്യമുണ്ടെന്നും പ്രാഥമികാന്വേഷണം ആദ്യം നടത്തേണ്ടതുണ്ടെന്നും സർക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ജാജു ബാബു ചൂണ്ടിക്കാട്ടി.
എസ്.ഐ.ടി അന്വേഷണം ഹവാല കേന്ദ്രീകരിച്ച്
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരെ ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച പ്രത്യേക സംഘം അന്വേഷണം പ്രധാനമായും കേന്ദ്രീകരിക്കുന്നത് ഹവാല ഇടപാടുകൾ സംബന്ധിച്ച ആക്ഷേപത്തിലേക്ക്.
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി ഡി.ജി.പിക്ക് 25 പേജുള്ള കത്ത് നൽകിയതെങ്കിലും കേസെടുക്കാതെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണമാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ. അക്കാര്യമാണ് ഹൈകോടതിയേയും സർക്കാർ അറിയിച്ചിട്ടുള്ളത്. ആ സാഹചര്യത്തിൽ ഇ.ഡി വ്യക്തമാക്കിയ കാര്യങ്ങളിൽ വസ്തുതയുണ്ടോയെന്നാണ് എ.ഡി.ജി.പിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം പരിശോധിക്കുന്നത്.
സി.എം.ആർ.എല്ലിൽ നിന്നും പിണറായിക്കുള്ള കൈക്കൂലിയായാണ് മൂന്ന് കോടിയിലേറെ രൂപ മകൾ ടി. വീണക്ക് ലഭിച്ചതെന്നാണ് ഇ.ഡിയുടെ ആക്ഷേപം. അതിന് പുറമെ വീണ, ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, സുഹൃത്തുക്കൾ എന്നിവർ ചേർന്ന് വിദേശത്തേക്ക് 25 കോടി രൂപ കടത്തിയെന്ന ആക്ഷേപവും ഇ.ഡി ഉന്നയിച്ചിരുന്നു. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസിന് അന്വേഷണം കൈമാറാമായിരുന്നെങ്കിലും സർക്കാർ ക്രൈംബ്രാഞ്ചിനെ നിയോഗിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇ.ഡി ചൂണ്ടിക്കാട്ടിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പരിശോധനയാണ് പ്രധാനമായും എസ്.ഐ.ടി നടത്തുന്നത്.
അതിന്റെ ഭാഗമായി വീണ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും. സി.എം.ആർ.എൽ മുൻ എം.ഡി. ശശിധരൻ കർത്ത, ഫിനാൻസ് ഓഫിസർ സുരേഷ് കുമാർ എന്നിവരുടെ മൊഴിപ്പകർപ്പും അന്വേഷണസംഘം ഇ.ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

