വരുമാനമുണ്ടെങ്കിലും മുൻ ഭാര്യക്ക് ജീവനാംശം നിഷേധിക്കാനാവില്ല -ഹൈകോടതി
text_fieldsകൊച്ചി: വരുമാനമുണ്ടെന്ന പേരിൽ ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് ജീവിക്കുന്ന ഭാര്യക്ക് ജീവനാംശം നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി. ഭർത്താവിനൊത്തു ജീവിച്ചപ്പോഴുള്ള ജീവിതനിലവാരം തുടരാൻ ഭാര്യക്ക് അർഹതയുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഉത്തരവ്.
മാസവരുമാനമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭർത്താവിൽനിന്നുള്ള ജീവനാംശം ഭാര്യക്ക് നിഷേധിച്ച പത്തനംതിട്ട കുടുംബ കോടതി ഉത്തരവ് റദ്ദാക്കിയ കോടതി ജീവനാംശം തീരുമാനിക്കാൻ നിർദേശിച്ച് കേസ് കുടുംബകോടതിയിലേക്ക് മടക്കി. ഭർത്താവിന് ഒമ്പതുലക്ഷം രൂപ മാസവരുമാനമുണ്ടെന്നും എൽ.ഐ.സി പെൻഷൻ ഫണ്ടിൽ വലിയ നിേക്ഷപമുണ്ടെന്നുമായിരുന്നു ഭാര്യയുടെ വാദം. മകൾക്കും തനിക്കുമായി 45,000 രൂപയാണ് മാസം ജീവനാംശമായി ഭാര്യ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഭാര്യ ജോലി ചെയ്യുന്നുണ്ടെന്നും മകൾക്ക് പ്രായപൂർത്തിയായതിനാൽ ജീവനാംശത്തിന് അർഹതയില്ലെന്നുമായിരുന്നു ഭർത്താവിന്‍റെ വാദം.
എന്നാൽ, ഭാര്യയുടെ താൽക്കാലിക ജോലിക്ക് തുച്ഛമായ വരുമാനമാണ് ലഭിക്കുന്നതെന്ന് വിലയിരുത്തിയ കോടതി കുറഞ്ഞ വരുമാനം ജീവിക്കാൻ മതിയാവില്ലെന്ന് പറയുന്ന പക്ഷം ഭർത്താവിൽനിന്നുള്ള ജീവനാംശത്തിനുള്ള അവകാശം ഭാര്യക്ക് നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കി. തന്നെ ആശ്രയിക്കുന്ന കുട്ടി പ്രായപൂർത്തിയായ ആളാണ് എന്നത് കുട്ടിയുടെ ആവശ്യങ്ങൾക്കായി ഭർത്താവിൽനിന്ന് ജീവനാംശം കിട്ടാൻ ഭാര്യക്ക് തടസ്സമല്ല.
കുടുംബം പോറ്റാൻ കഴിയില്ലെന്നും നിയമപരമായ ചുമതലകൾ നിറവേറ്റാനാവില്ലെന്നും തെളിയിക്കേണ്ടത് ഇക്കാര്യത്തിൽ ഭർത്താവിന്‍റെ ബാധ്യതയാണെന്നും കോടതി പറഞ്ഞു. ഹിന്ദു അഡോപ്ഷൻസ് ആൻഡ് മെയിന്‍റനൻസ് നിയമപ്രകാരം വിവാഹം കഴിക്കുന്നതുവരെ മകൾക്ക് ജീവനാംശം നൽകാൻ പിതാവിന് ഉത്തരവാദിത്തമുണ്ടെന്ന് കോടതി വിലയിരുത്തി. എന്നാൽ, ഇക്കാര്യം കുടുംബ കോടതിയിൽ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

