കഞ്ചാവ് കടത്ത്: ഒളിവിലായിരുന്ന പ്രതികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ
text_fieldsമലൈസ്വാമിയും കണ്ണനും
കുമളി: വൻതോതിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതികളെ തമിഴ്നാട്ടിലെ തിരുപ്പൂരിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കോമ്പൈ സ്വദേശി മലൈസ്വാമി, കമ്പം ഉലകത്തേവർ തെരുവിൽ കണ്ണൻ എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം ഒളിവിലായിരുന്ന കാളിരാജിനെ നേരത്തേ അറസ്റ്റ് ചെയ്ത് ഗുണ്ടാ ആക്ട് പ്രകാരം ജയിലിലടച്ചിരുന്നു. സെപ്റ്റംബർ 22നാണ് കേസിനാസ്പദമായ സംഭവം.
തേനി ജില്ലയിൽ വൻതോതിൽ കഞ്ചാവ് വിൽപന നടക്കുന്നതായ വിവരത്തെ തുടർന്ന് എസ്.പി സായ് സരൺ തേജസ്വി പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു. ഇൻസ്പെക്ടർ ശിലൈമണിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് കമ്പം സർക്കാർ ബസ് ഡിപ്പോക്ക് മുന്നിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പിക്അപ് വാനിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 176 കിലോ കഞ്ചാവ് പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന കമ്പം സ്വദേശികളായ വേൽമുരുകൻ (45) കുബേന്ദ്രൻ (37) എന്നിവരെ അറസ്റ്റ് ചെയ്യുകയും പിക്അപ് വാൻ, പ്രതികളുടെ ആഡംബര കാർ, ഇരുചക്രവാഹനം എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.
ഇവരിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 80 കിലോ കഞ്ചാവ് കമ്പത്തെ അടച്ചിട്ട കടക്കുള്ളിൽനിന്ന് കണ്ടെടുത്തു. കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിലെ മുഖ്യ പ്രതികൾ മലൈസ്വാമി, കണ്ണൻ, കാളിരാജ് എന്നിവരാണെന്ന് പൊലീസിന് വിവരം ലഭിച്ചു.
ഉത്തമ പാളയം ഡി.വൈ.എസ്.പി ചിന്നക്കണ്ണിെൻറ നേതൃത്വത്തിൽ മൂന്നുമാസമായി ഇവരെ പൊലീസ് തിരയുന്നതിനിടെയാണ് കാളിരാജ് പിടിയിലായതും മറ്റു രണ്ടുപേർ തിരുപ്പൂരിൽ ഉണ്ടെന്ന വിവരം ലഭിച്ചതും. അറസ്റ്റിലായ പ്രതികളെ ഉത്തമപാളയം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

