പത്രിക നൽകുമ്പോൾ തന്നെ മുന്നണിബന്ധവും വ്യക്തമാക്കണം –ഹൈകോടതി
text_fieldsകൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഏത് മുന്നണിയുടെ ഭാഗമായാണ് മത്സരിക്കുന്നതെന്ന് വ്യക്തമാക്കുന്ന പ്രസ്താവന നാമനിർദേശ പത്രിക സമർപ്പണ ഘട്ടത്തിൽ തന്നെ നൽകാൻ നിഷ്കർഷിക്കണമെന്ന് ഹൈകോടതി. തെരഞ്ഞെടുപ്പിന് മുമ്പുള്ള മുന്നണി സംവിധാനം സംബന്ധിച്ച് നിയമത്തിൽ അവ്യക്തത നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിെൻറ ഉത്തരവ്.
പ്രാദേശിക യു.ഡി.എഫിെൻറ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് ഔദ്യോഗിക സ്ഥാനാർഥിയെ തോൽപ്പിച്ചശേഷം അയോഗ്യനാക്കപ്പെട്ട കൊടുവള്ളി നഗരസഭ 28ാം വാർഡ് കൗൺസിലർ കെ. ശിവദാസനെതിരായ നടപടി റദ്ദാക്കിയ ഉത്തരവിലാണ് കോടതി നിർദേശം.
2015െല തെരഞ്ഞെടുപ്പിൽ ശിവദാസൻ പത്രിക നൽകിയതിന് പിന്നാലെ, ജില്ല പ്രസിഡൻറ് അനുവദിച്ച കൈപ്പത്തി ചിഹ്നത്തോടെ ഔദ്യോഗിക കോൺഗ്രസ് സ്ഥാനാർഥിയായി സി.എം ഗോപാലൻ എന്നയാൾ പത്രിക നൽകി. ഗോപാലനെയും ഇടത് സ്ഥാനാർഥിയെയും പരാജയപ്പെടുത്തിയ ശിവദാസൻ യു.ഡി.എഫിെൻറ ഭാഗമാണെന്ന് രേഖാമൂലം വ്യക്തമാക്കുകയായിരുന്നു.
ഇതിനെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം ഒരു എൽ.ഡി.എഫ് അംഗം നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ ശിവദാസനെ അയോഗ്യനാക്കി. ഇതിനെതിരെ ഇതേ ബെഞ്ചിനെ സമീപിച്ചപ്പോൾ കമീഷൻ ഉത്തരവ് ശരിെവച്ച് ഹരജി തള്ളുകയായിരുന്നു. ശിവദാസൻ നൽകിയ പുനഃപരിശോധന ഹരജിയിലാണ് അയോഗ്യത റദ്ദാക്കി കോടതിയുടെ ഉത്തരവുണ്ടായത്.