പരിഗണന വിജയത്തിന് സ്ഥാനാർഥി നിർണയം തുടങ്ങി-എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സീറ്റ് വിഭജന ചർച്ചയും സി.പി.എമ്മിന്‍റെ സ്ഥാനാർഥി നിർണയ ചർച്ചയും പുരോഗമിക്കുന്നതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്ഥാനാർഥി പട്ടികയിൽ അന്തിമവാക്ക് സംസ്ഥാന നേതൃത്വത്തിന്റേതാണെന്നും പാർട്ടിക്ക് ജയം ഉറപ്പായ മണ്ഡലങ്ങളിൽ രണ്ടു ടേം വ്യവസ്ഥ പാലിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗശേഷം വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
പോളിറ്റ് ബ്യൂറോയിൽനിന്ന് ഒരാൾ മാത്രമേ മത്സര രംഗത്തുണ്ടാകൂ. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുമെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബിതന്നെ പറഞ്ഞിട്ടുണ്ട്. മുൻമന്ത്രി ജി. സുധാകരൻ, സുരേഷ് കുറുപ്പ് എന്നിവരുടെ പേരുകൾ പരിഗണനയിലില്ല. സംസ്ഥാന സെക്രട്ടറിയായ താൻ മത്സരിക്കില്ല. തളിപ്പറമ്പിൽ തന്‍റെ പിൻഗാമിയായി ഭാര്യ പി.കെ. ശ്യാമളയെ പാർട്ടി ഇപ്പോൾ തീരുമാനിച്ചിട്ടില്ല. മാധ്യമ പ്രവർത്തകനായിരുന്ന എം.വി. നികേഷ് കുമാറിന്‍റെ സ്ഥാനാർഥിത്വത്തിലും ഇതുവരെ തീരുമാനമായിട്ടില്ല.
തിരുവനന്തപുരമടക്കം ഏതെങ്കിലും സീറ്റുകൾ ഏറ്റെടുക്കുന്ന കാര്യം ബന്ധപ്പെട്ട ഘടകകക്ഷികളുമായി ചർച്ച ചെയ്ത് മാത്രമേ തീരുമാനിക്കൂ. നേരത്തെ കേരള കോൺഗ്രസ്-എമ്മിന് അനുവദിച്ചിട്ടും അവർക്ക് മത്സരിക്കാൻ കഴിയാതിരുന്ന കുറ്റ്യാടി സീറ്റോ പകരം സീറ്റോ അവർക്കു നൽകുന്നതൊക്കെ ഉഭയകക്ഷി ചർച്ചയിൽ തീരുമാനിക്കും. നിരവധി പേർ ജോലി ചെയ്യുന്നതിനാൽ ഗൾഫ് മേഖലയിലെ യുദ്ധ സാഹചര്യം മലയാളികളെ ഉത്കണ്ഠപ്പെടുത്തുന്നതാണെന്നും യുദ്ധത്തിന്‍റെ കെടുതികൾ നേരിട്ടനുഭവിക്കുന്ന കേരളത്തിൽ അമേരിക്കൻ കാട്ടാളത്തത്തിനെതിരെ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

