മേഴ്സിക്കുട്ടിയമ്മക്കെതിരായ സ്ഥാനാർഥിത്വം: ഇ.എം.സി.സി ഡയറക്ടറുടെ പത്രിക പിന്തുണച്ചവരിൽ കോൺഗ്രസ് പഞ്ചായത്തംഗവും
text_fieldsജെ. മേഴ്സിക്കുട്ടിയമ്മ, ഷിജു എം. വർഗീസ്
കുണ്ടറ (കൊല്ലം): കുണ്ടറയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കുന്ന, ആഴക്കടൽ മത്സ്യബന്ധന വിവാദത്തിലെ ഇ.എം.സി.സി കമ്പനി ഡയറക്ടർ ഷിജു എം. വർഗീസിെൻറ നാമനിർദേശ പത്രികയിൽ പിന്തുണച്ചവരിൽ കോൺഗ്രസ് പഞ്ചായത്തംഗവും. സ്ഥാനാർഥിത്വത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന എൽ.ഡി.എഫ് വിമർശനം ശരിവെക്കുന്നതാണിത്.
പെരിനാട് പഞ്ചായത്ത് നാന്തിരിക്കൽ വാർഡ് അംഗവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ഷൈനി ജോൺസനും മറ്റ് ഏഴു പേരുമാണ് നാമനിർദേശ പത്രികയിൽ ഒപ്പുവച്ചിരിക്കുന്നത്. എറണാകുളം വൈപ്പിനിൽ അയ്യമ്പിള്ളി സ്വദേശിയാണ് ഷിജു.
പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന ഷൈനി കോൺഗ്രസ് പെരിനാട് മണ്ഡലം കമ്മിറ്റിയംഗവും കൊല്ലം ബിഷപ്പ് ഹൗസിലെ ജിവനക്കാരനുമായ ജോൺസെൻറ ഭാര്യയുമാണ്. ഷിജു എം. വർഗീസിെൻറ ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയിൽ ജോൺസനും ഭാര്യയും ചേർന്നെന്ന പ്രചാരണവും ഉയർന്നിട്ടുണ്ട്.
എന്നാൽ, ഇത് ഇവർ നിഷേധിച്ചു. തങ്ങൾ കോൺഗ്രസുകാർ തന്നെയെന്നും യു.ഡി.എഫ് സ്ഥാനാർഥിക്കായി പ്രവർത്തിക്കുകയാണെന്നും അവർ പറഞ്ഞു.