അർബുദ നിർണയത്തിന് ചെലവേറുന്നു
text_fieldsതിരുവനന്തപുരം: അർബുദം ക്രമാതീതമായി വർധിക്കുേമ്പാഴും രോഗ നിർണയത്തിനും ചികിത്സ, ഫലപ്രാപ്തി, വ്യാപനം എന്നിവ അറിയാനുമുള്ള ന്യൂക്ലിയർ മെഡിസിൻ വിഭാഗം സർക്കാർ മേഖലയിൽ പേരിനു മാത്രം. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽകോളജിലും തിരുവനന്തപുരം ആർ.സി.സിയിലും മാത്രമാണ് ന്യൂക്ലിയർ മെഡിസിൻ വിഭാഗമുള്ളത്. എന്നാൽ, ഉപകരണങ്ങളും യോഗ്യരായ ഡോക്ടർമാരും ഇല്ലാത്തതിനാൽ കാര്യക്ഷമമായി പരിശോധനകൾ നടക്കുന്നില്ല. അതിനാൽ കേരളത്തിലെ മിക്ക ഓങ്കോളജിസ്റ്റുകളും രോഗികളെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ സ്ഥാപനങ്ങളിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലേക്ക് വിടുകയാണ്.
ഒരാളിൽ അർബുദം ഉണ്ടോയെന്ന് നിർണയിക്കുന്നത് ന്യൂക്ലിയർ മെഡിസിൻ വിഭാഗമാണ്. അർബുദം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ രോഗികൾ ഏറെ ആശ്രയിക്കുന്ന സർക്കാർ മേഖലയിൽ അത്യാവശ്യം വേണ്ട വിഭാഗമാണ് ന്യൂക്ലിയർ മെഡിസിൻ. എന്നാൽ, സർക്കാർ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നാണ് ആക്ഷേപം. ന്യൂക്ലിയർ മെഡിസിനിൽ പി.ജി ഉള്ളവർ നിരവധി പേർ കേരളത്തിലുണ്ടെങ്കിലും അവസരമില്ലാത്തതിനാൽ അവരെല്ലാം സ്വകാര്യ മേഖലയിൽ ജോലിചെയ്യുകയാണ്. തിരുവനന്തപുരത്തും കോഴിക്കോട്ടും ജനറൽ മെഡിസിൻ വിഭാഗത്തിലെയും റേഡിയോളജിയിലെയും ഡോക്ടർമാരാണ് ഇൗ വിഭാഗം കൈകാര്യം ചെയ്യുന്നത്.
ആർ.സി.സിയിലേയും തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലെയും ന്യൂക്ലിയർ മെഡിസിൻ മേധാവികൾക്ക് ഈ വിഷയത്തിൽ ബിരുദാനന്തര ബിരുദമില്ല. റേഡിയോ തെറപ്പിയിൽ പി.ജി നേടിയ ശേഷം ന്യൂക്ലിയർ മെഡിസിനിൽ ഡിപ്ലോമ മാത്രം നേടിയവരാണിവർ .ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ വേണ്ട രണ്ടുപ്രധാന ഉപകരണങ്ങൾ ഗാമാകാമറയും പെറ്റ് സി.ടി സ്കാനറുമാണ്. ഇതു രണ്ടും ഇല്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിന് ഇപ്പോൾ കാര്യമായ ജോലിയുമില്ല.
കോഴിക്കോട് ഗാമാ കാമറയുണ്ടെങ്കിലും അർബുദം ഉണ്ടോയെന്ന് കണ്ടുപിടിക്കുന്ന പെറ്റ് സി.ടിയില്ല. ആർ.സി.സിയിൽ രണ്ടുമുണ്ടെങ്കിലും ഡോക്ടർമാർക്ക് പെറ്റ് സി.ടിയിൽ വേണ്ടത്ര പരിചയമില്ല. ഇതോടെ റിപ്പോർട്ട് പലപ്പോഴും നിലവാരമില്ലാത്തതാവും. സ്വകാര്യ സ്ഥാപനങ്ങളാകട്ടെ വൻതുകയാണ് ഈടാക്കുന്നത്. പെറ്റ് സി.ടി സ്കാനിന് 25,000 രൂപവരെയാണ് പുറത്ത്. സർക്കാർ മേഖലയിലാണെങ്കിൽ ഇത് 2000 രൂപക്ക് ചെയ്യാമെന്നാണ് ഇൗ രംഗത്തെ ഡോക്ടർമാർ പറയുന്നത്.
ന്യൂക്ലിയർ മെഡിസിനിൽ ഉൾപ്പെട്ട പരിശോധനകൾ
അർബുദം കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന പെറ്റ് സി.ടി സ്കാന്‍, വൃക്കയുടെ പ്രവര്‍ത്തനക്ഷമത അറിയുന്ന ഡി.ടി.പി.എ സ്കാന്‍, ഹൃദയത്തിെൻറ രക്ത ഓട്ടമറിയുന്ന സെസ്റ്റാമിബി സ്കാന്‍, കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ആവശ്യമായ ഹൈഡ സ്കാന്‍, എല്ലുകളിലെ അർബുദബാധ കണ്ടുപിടിക്കുന്ന ബോണ്‍ സ്കാന്‍, തലച്ചോറിെൻറ സ്കാനായ ഇ.ഡി.സി, തൈറോയ്ഡ് കാന്‍സര്‍ കണ്ടുപിടിക്കുന്ന ഐ-131 സ്കാന്‍ . വിവിധ കാന്‍സറുകളുടെ അത്യാധുനിക ചികിത്സകളും ന്യൂക്ലിയര്‍ മെഡിസിന് വിഭാഗത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
