'യുക്തിസഹമായ കാരണം വിശദീകരിക്കാൻ വിദ്യാഭ്യാസ മന്ത്രിക്കായില്ല'; സ്കൂൾ ഒളിമ്പിക്സ് നിർത്തിയത് വിദ്യാർഥികളോടുള്ള ക്രൂരത -വി. ശിവൻകുട്ടി
text_fieldsവി. ശിവൻകുട്ടി
കോഴിക്കോട്: ഇടത് സർക്കാർ ആവിഷ്കരിച്ച സ്കൂൾ ഒളിമ്പിക്സ് നിർത്തലാക്കിയത് വിദ്യാർഥികളോടുള്ള ക്രൂരതയും കായിക ലോകത്തോടുള്ള അവഗണനയുമാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒരു പരാതിക്കും ഇടനൽകാതെ കുറ്റമറ്റ രീതിയിൽ കഴിഞ്ഞ രണ്ടുതവണയും നടത്തിയ സ്കൂൾ ഒളിമ്പിക്സ് മാറ്റിയതിന് യുക്തിസഹമായ കാരണം വിശദീകരിക്കാൻ വിദ്യാഭ്യാസ മന്ത്രിക്കായിട്ടില്ല.
എന്തിന് ഇത്തരമൊരു തീരുമാനമെടുത്തു, മന്ത്രിയെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോ, ഉദ്യോഗസ്ഥർ ഇത് തുടരാൻ താൽപര്യമെടുത്തില്ലേ തുടങ്ങിയ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ മന്ത്രി ഷംസുദ്ദീന് ബാധ്യതയുണ്ടെന്നും ശിവൻകുട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു.
ആരും വേണ്ടത്ര ശ്രദ്ധിക്കാതിരുന്ന കായികമേളയെ ലോകശ്രദ്ധ ആകർഷിക്കാൻ ഇടയാക്കിയ മാറ്റമായിരുന്നു സ്കൂൾ ഒളിമ്പിക്സ്. ക്ലബുകൾ ഓണം കായികമേള നടത്തുന്നതുപോലെ ചടങ്ങിന് നിർവഹിച്ചുപോന്നതായിരുന്നു സ്കൂൾ കായികമേള. സർവത്ര അഴിമതിയുമുണ്ടായിരുന്നു. വിധികർത്താക്കളും അഴിമതിയിൽ പങ്കുചേർന്നപ്പോൾ അത് ചോദ്യംചെയ്യാൻ പോലുമാകാതെ വിദ്യാർഥികളും രക്ഷിതാക്കളും നിസ്സഹായരായി.
താമസ, ഭക്ഷണ സൗകര്യങ്ങൾ തീരെ അപര്യാപ്തമായിരുന്നു. പങ്കെടുക്കുന്ന പകുതിയിലേറെ വരുന്ന ദരിദ്ര കുടുംബങ്ങളിലെ കുട്ടികളോട് നികൃഷ്ടമായാണ് പെരുമാറിയിരുന്നത്. ഭക്ഷണം, താമസം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ പോലും തൃപ്തികരമായിരുന്നില്ല. പലയിടങ്ങളിലും കക്കൂസ് സൗകര്യം പോലുമുണ്ടായിരുന്നില്ല.
സ്വർണമെഡൽ നേടിയ കുട്ടികൾക്ക് അത് സൂക്ഷിക്കാൻ പോലും സൗകര്യമില്ലാത്ത വീടുകളിൽനിന്ന് വരുന്ന പ്രതിഭാധനരായ വിദ്യാർഥികളോടുള്ള ഈ അവഗണന അവസാനിപ്പിക്കാനാണ് എല്ലാ മത്സരങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരണമെന്ന് ചിന്തിച്ചത്. ഒരു സ്ഥലത്തുതന്നെ എല്ലാ മത്സരങ്ങളും കേന്ദ്രീകരിക്കുന്നത് കൂടുതൽ മാധ്യമ ശ്രദ്ധ ലഭിക്കാനും അതുവഴി വിവിധ സ്ഥാപനങ്ങളിൽ വിജയികൾക്ക് ജോലി ലഭിക്കാനുമൊക്കെ പ്രോത്സാഹനമാകുമെന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു മാറ്റം ആലോചിച്ചത്.
ആദ്യം തിരുവനന്തപുരത്തും പിന്നീട് എറണാകുളത്തും വിജയകരമായി നടത്തിയ ശേഷം, കണ്ണൂരിന് പതാക കൈമാറിയാണ് താൻ വിടവാങ്ങിയത്. മുഖ്യമന്ത്രിയുടെ പേരിൽ 117.5 പവൻ സ്വർണ കപ്പ് ഒരുക്കിയത് ഇപ്പോഴും നിയമസഭ ട്രഷറിയിൽ സൂക്ഷിച്ചിട്ടുണ്ടാകും. അത് പ്രദർശിപ്പിക്കുക എന്ന ചടങ്ങ് പോലും ഇത്തവണ ഉണ്ടായില്ല.
സംസ്ഥാനത്തിന്‍റെ കായിക കുതിപ്പ് ലോകശ്രദ്ധയിൽ കൊണ്ടുവരാനും, വളർന്നുവരുന്ന പ്രതിഭകൾക്ക് വിശാലമായ അവസരങ്ങളൊരുക്കാനും സാധിച്ച മേളയുടെ പ്രകാശം കെടുത്താനുള്ള തീരുമാനത്തിനെതിരെ കായിക കേരളം ശബ്ദമുയർത്തണമെന്ന് ശിവൻകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

