കനറാ ബാങ്കിൽ സ്വീപ്പർമാർക്ക് കൂട്ട സ്ഥലം മാറ്റം
text_fieldsതൃശൂർ: കനറാ ബാങ്കിൽ ലയിച്ച സിൻഡിക്കേറ്റ് ബാങ്കിലെ സ്വീപ്പർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ലയനത്തിന് മുമ്പ്, കഴിഞ്ഞ മാർച്ച് 26 മുതൽ സ്വീപ്പർമാരെ സിൻഡിക്കേറ്റ് ബാങ്ക് പൂർണ സമയ ജീവനക്കാരാക്കി മാറ്റിയിരുന്നു. അത് സൂചിപ്പിച്ച് ജീവനക്കാർക്ക് ഉത്തരവും നൽകി. എന്നാൽ ഏപ്രിൽ ഒന്നിന് ലയിച്ച ശേഷം ഈ ജീവനക്കാരെ കനറാ ബാങ്ക് പൂർണ സമയം പണിയെടുപ്പിച്ചുവെങ്കിലും ഏഴു മാസം പിന്നിട്ടിട്ടും വേതനം പൂർണ തോതിൽ നൽകിയിട്ടില്ല. കോവിഡിെൻറ പേര് പറഞ്ഞ് കനറാ ബാങ്ക് അധികൃതർ നടത്തുന്ന ചൂഷണത്തിനെതിരെ ബാങ്കിലെ സംഘടനകൾ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. അതിനിടയിലാണ് ഒരു മുന്നറിയിപ്പുമില്ലാതെ തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ജീവനക്കാരെ ഫോൺ വിളിയിലൂടെ കൂട്ടത്തോടെ സ്ഥലം മാറ്റം അറിയിച്ചത്. സ്ഥലംമാറ്റം ലഭിച്ച ശാഖയിൽ ചൊവ്വാഴ്ച തന്നെ ഹാജരാകാനാണ് നിർദ്ദേശം.
സ്ഥലം മാറ്റിയ ശാഖകളിൽ വർഷങ്ങളായി ദിവസക്കൂലി അടിസ്ഥാനത്തിൽ പണിയെടുക്കുന്ന ജീവനക്കാരുമുണ്ട്. അവരുടെ ജോലിയെ ഈ സ്ഥലം മാറ്റം ബാധിക്കാൻ സാധ്യതയുണ്ട്. തൊഴിലാളി വിരുദ്ധ നിലപാട് തിരുത്താത്ത പക്ഷം വലിയ പ്രതിഷേധ പരിപാടികൾക്ക് കനറാ ബാങ്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് കനറാ ബാങ്ക് സ്റ്റാഫ് യൂനിയൻ സെക്രട്ടറി എൻ. അനിൽ ബാബു അറിയിച്ചു.