നോട്ടീസ് നൽകാതെ പള്ളി അടച്ചുപൂട്ടാൻ കഴിയുമോ- യു.പി സര്‍ക്കാരിനോട് അലഹബാദ് ഹൈക്കോടതി
text_fieldsഅലഹബാദ്: ഉത്തർപ്രദേശിലെ മുസഫർനഗറിൽ മുൻകൂട്ടി നോട്ടീസ് നൽകാതെ പള്ളി അടച്ചുപൂട്ടിയതിൽ സർക്കാരിനോട് വിശദീകരണം തേടി അലഹബാദ് ഹൈക്കോടതി. മുൻകൂർ നോട്ടീസ് നൽകുകയോ ഉടമസ്ഥരുടെ ഭാഗം കേൾക്കുകയോ ചെയ്യാതെ ഒരു ആരാധനാലയം സീൽ ചെയ്യാൻ കഴിയുമോ എന്ന് അലഹബാദ് ഹൈക്കോടതി ചോദിച്ചു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആരാധനാലയം സീൽ ചെയ്തതെന്ന് വിശദീകരിക്കണമെന്നും കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മലയാളിയായ ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് സിദ്ധാർഥ് നന്ദൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഇടപെടൽ.
മുൻകൂർ നോട്ടീസ് നൽകുകയോ ഹർജിക്കാരന്‍റെ വാദം കേൾക്കുകയോ ചെയ്യാതെ നിർമാണത്തിലിരിക്കുന്ന ആരാധനാലയം സീൽ ചെയ്യാൻ നിയമത്തിൽ വ്യവസ്ഥയുണ്ടോ? സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരിടത്ത് ആരാധനാലയത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണോ? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്.
മുസഫർനഗറിൽ താൻ വാങ്ങിയഭൂമിയിൽ പണിത പള്ളി അധികൃതർ സീൽ ചെയ്തതിനെതിരെയാണ് അഹ്സാൻ അലി കോടതിയെ സമീപിച്ചത്. 2019-ൽ പ്രവീൺ കുമാർ ജെയിൻ എന്നയാളിൽ നിന്നാണ് താൻ ഭൂമി രജിസ്റ്റർചെയ്ത് വാങ്ങിയതെന്ന് അലി കോടതിയിൽ വ്യക്തമാക്കി. പള്ളിക്കുചുറ്റും മതിൽ നിർമിക്കാൻ തുടങ്ങിയപ്പോഴാണ് നിർമാണം തടഞ്ഞത്. നിർമ്മാണം നിയമവിരുദ്ധമാണെന്നും യോഗ്യതയുള്ള അധികാരിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്നും പറഞ്ഞാണ് നടപടി. പള്ളി സീൽ ചെയ്യുന്നതിന് മുമ്പ് തനിക്ക് നോട്ടീസ് നൽകുകയോ തന്‍റെ വാദം കേൾക്കയോ ചെയ്തില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ജഗദീഷ് പ്രസാദ് മിശ്ര കോടതിയെ അറിയിച്ചു.
തുടർന്ന് ഹർജിയിൽ മറുപടി നൽകാനും നടപടി സ്വീകരിച്ച നിയമത്തെക്കുറിച്ച് അറിയിക്കാനും കോടതി സംസ്ഥാനത്തോട് ആവശ്യപ്പെടുകയാണ്.
ശ്രദ്ധേയമായ വിധിന്യായങ്ങളിലൂടെ നേരത്തെയും യോഗി സർക്കാർ നടപടികളെ ചോദ്യം ചെയ്ത ജഡ്ജിയാണ് മലയാളിയായ അതുൽ ശ്രീധരൻ. അതിനാൽതന്നെ നേരത്തെ അദ്ദേഹത്തെ പ്രധാനകേസുകൾ പരിഗണിക്കുന്നതിൽ നിന്ന് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

