മെഡിസെപ് മെച്ചപ്പെടുത്തിക്കൂടെ? -ഹൈകോടതി
text_fieldsകൊച്ചി: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി നടപ്പാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് നിർബന്ധമാക്കിയതിനെതിരായ ഹരജിയിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടി. പദ്ധതി മെച്ചപ്പെടുത്തിക്കൂടെ? എന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയാണ് ജസ്റ്റിസ് എൻ. നഗരേഷ് പരിഗണിച്ചത്.
മെഡിസെപ് പരാജയമാണെന്നും അതിനാൽ ചേരുന്ന കാര്യം തീരുമാനിക്കാൻ അംഗങ്ങൾക്ക് അനുമതി നൽകുകയോ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കുകയോ വേണമെന്നാണ് ഹരജിയിലെ ആവശ്യം. മിക്ക ആശുപത്രികളും പദ്ധതിക്ക് പുറത്താണ്. മെഡിസെപ്പിൽ എം പാനൽ ചെയ്തിരുന്ന പല ആശുപത്രികളും ചികിത്സ നൽകിയതിന്റെ പണം കിട്ടാതെ പിന്മാറി. പല രോഗങ്ങളും ഇതിന്റെ കവറേജിൽ വരുന്നില്ലെന്നും ഹരജിക്കാർ വാദിച്ചു.
മെഡിസെപ്പിലെ വിവരശേഖരണം സ്വകാര്യതയുടെ ലംഘനമാണെന്നും ജീവനക്കാരുടെ സമ്മതമില്ലാതെയാണ് ശമ്പളത്തിൽനിന്ന് പ്രീമിയം പിടിക്കുന്നതെന്നും ഹരജിക്കാർ കുറ്റപ്പെടുത്തി. തുടർന്നാണ് സ്കീം മെച്ചപ്പെടുത്തിക്കൂടെ? എന്ന് കോടതി സർക്കാറിനോട് ചോദിച്ചത്. സത്യവാങ്മൂലം നൽകാനും നിർദേശിച്ചു. തുടർന്ന് സമാന ഹരജികൾക്കൊപ്പം രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

