മണ്ഡലം കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുപ്പ് കമീഷണറാക്കാൻ പറ്റുമോ?
text_fieldsകോഴിക്കോട്: എൻ. ശേഷാദ്രിനാഥിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി നിയമിക്കാൻ ശിപാർശ ചെയ്തതിൽ വിമർശനമുന്നയിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസിനെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവും ഡി.സി.സി മുൻ അധ്യക്ഷനുമായ കെ.സി. അബു. റിട്ടയർ ചെയ്ത ജഡ്ജിമാരെയാണ് തെരഞ്ഞെടുപ്പ് കമീഷണർ ആയി നിയമിക്കുന്നത് എന്നാണ് അന്വേഷണത്തിൽ മനസ്സിലായത്. നിലവിൽ റിട്ടയർ ചെയ്ത ജഡ്ജിമാരൊന്നും കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റായി ഇരിക്കുന്നില്ല.
മുമ്പും കെ.പി.സി.സി സെക്രട്ടറിമാരോട് കൂടിയാലോചന നടത്തിയിട്ടല്ല ഇത്തരം ഉന്നതപദവികളിൽ ആളുകളെ നിയമിച്ചത്. കെ.പി.സി.സിയിലുള്ളവർ തിരുവനന്തപുരത്ത് പോകുന്നതും മുഖ്യമന്ത്രിയെ കാണുന്നതും ഒരു വാർത്തയേ അല്ല. പി.എം. നിയാസ് അനാവശ്യ വിവാദം ഉയർത്തുകയാണ്. വി.ഡി. സതീശൻ സർക്കാറിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്. എല്ലാ കണക്കുകൂട്ടലുകൾക്കും പ്രതീക്ഷകൾക്കും അപ്പുറമുള്ള വലിയ വിജയമാണ് യു.ഡി.എഫിന് ജനം നൽകിയത്. നല്ല തുടക്കമാണ് വി.ഡി. സതീശൻ സർക്കാറിന്റേത്. ഈ സമയത്ത് ഇത്തരത്തിലുള്ള കാര്യങ്ങളെടുത്ത് ആവശ്യമില്ലാത്ത വിവാദം ഉണ്ടാക്കുന്നത് ശരിയല്ല. ഇതൊക്കെ ഓരോരുത്തരുടെ മാനസികാവസ്ഥ ചെയ്യുന്ന കാര്യങ്ങൾ കൂടിയാണ്. തന്നെക്കാൾ എത്രയോ കാലം കഴിഞ്ഞു വന്ന നാലഞ്ചു പേർ എം.എൽ.എയായത് ഉൾക്കൊള്ളാനുള്ള ബുദ്ധിമുട്ട് തനിക്ക് മനസ്സിലാകും. ആ ബുദ്ധിമുട്ട് തനിക്കുമുണ്ട്.
അത്തരം കുഴപ്പം കൊണ്ട് പറയുന്ന കാര്യമായിട്ടാണ് നിയാസിന്റെ പ്രസ്താവനയെ കാണുന്നതെന്നും കെ.സി. അബു വ്യക്തമാക്കി. പി.എം. നിയാസ് മത്സരിക്കാത്തത് കൊണ്ടാണ് ചാലപ്പുറം ഡിവിഷൻ ബി.ജെ.പിക്ക് കിട്ടാൻ കാരണം. ഒരു മണ്ഡലം പ്രസിഡന്റ് വിമതൻ ആയതുകൊണ്ടാണ് ചാലപ്പുറം നഷ്ടമായത്. പി.എം. നിയാസ് അവിടെ മത്സരിച്ചിരുന്നുവെങ്കിൽ അയ്യൂബ് അവിടെ റിബൽ ആകുമായിരുന്നില്ല. ആ സീറ്റും പാളയവും പുതിയറയും നിയാസ് മത്സരിച്ച് തോറ്റ മലാപ്പറമ്പും കോൺഗ്രസിന് കിട്ടുമായിരുന്നു. കോഴിക്കോട് മേയറുടെ കൊടിവെച്ച കാറിൽ സഞ്ചരിക്കാനുള്ള അവസരം നിയാസ് കളഞ്ഞു കുളിച്ചതാണ്. കോൺഗ്രസുകാർക്ക് അനാവശ്യ വിവാദത്തിൽ താൽപര്യമില്ലെന്നും ആരായാലും വേണ്ടാത്ത വിവാദങ്ങൾ നല്ലതല്ലെന്നും കെ.സി. അബു ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

