പ്രചാരണത്തിൽ യു.ഡി.എഫ് ഒരു പടി മുന്നിൽ
text_fieldsമുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യത്യസ്ത വാർത്താസമ്മേളനങ്ങളിൽ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തിയപ്പോൾ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ യു.ഡി.എഫ് ഒരുപടി മുന്നിൽ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയ എൽ.ഡി.എഫിന് ആ മേൽക്കൈ പ്രചാരണ ഗോദയിൽ ലഭിച്ചില്ല. അതേസമയം, സ്ഥാനാർഥി നിർണയത്തിലെ താളപ്പിഴ അതിവേഗം മറികടന്ന യു.ഡി.എഫ്, സി.പി.എം -ബി.ജെ.പി ഡീൽ ആരോപണത്തിലൂടെ ആദ്യഘട്ട പ്രചാരണത്തിന്റെ അജണ്ട നിശ്ചയിക്കുന്നതാണ് പിന്നെ കണ്ടത്. പിന്നാലെ എസ്.ഡി.പി.ഐ പിന്തുണ എൽ.ഡി.എഫിനെന്ന സൂചന പുറത്തായതോടെ പ്രചാരണ വിഷയം അതിൽ കറങ്ങി. അത് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കി.
സി.പി.എം പ്രചാരണം മുഖ്യമന്ത്രി പിണറായി വിജയനിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ടപ്പോൾ സംസ്ഥാന നേതാക്കൾക്ക് പുറമെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സച്ചിൻ പൈലറ്റ് തുടങ്ങി ഒട്ടേറെപേരെ കളത്തിലിറക്കിയാണ് യു.ഡി.എഫ് കളം പിടിച്ചത്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ദൃശ്യമായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉൾപ്പെടെ ഭീഷണികൾ നിലനിൽക്കുമ്പോഴാണ് ‘ഡീൽ’ ആരോപണം സി.പി.എമ്മിനുമേൽ പതിച്ചത്.
പിന്നാലെ പ്രചാരണം ശബരിമല സ്വർണക്കൊള്ളയിലേക്ക് കൊണ്ടുപോകാനും യു.ഡി.എഫ് ശ്രമിച്ചു. വയനാട് ഫണ്ട് പിരിവിലെ കോൺഗ്രസിന്റെ ഒളിച്ചുകളി പ്രചരിപ്പിക്കാൻ സി.പി.എം ആവുംവിധം ശ്രമിക്കുന്നതും കണ്ടു. കണക്ക് പുറത്തുവിട്ടാണ് കോൺഗ്രസ് അതിനെ നേരിട്ടത്. വികസന, ക്ഷേമപദ്ധതികളിൽ ഊന്നിയാണ് ഇടതുമുന്നണി പ്രചാരണം തുടങ്ങിയതെങ്കിലും ഡീൽ ആരോപണത്തിൽ അത് മുങ്ങി. ചോദ്യത്തിന് അനുമതി തേടിയയാളോട് ‘അത് വീട്ടിൽ പോയി ചോദിച്ചാൽ മതി’യെന്ന മുഖ്യമന്ത്രിയുടെ മറുപടി യു.ഡി.എഫ് ആയുധമാക്കി. 80 വയസ്സിന് മുകളിലുള്ളവരെ സ്ഥാനാർഥികളാക്കിയതും പുതുമുഖങ്ങൾ കുറഞ്ഞതും എൽ.ഡി.എഫ് പട്ടികയുടെ മാറ്റ് കുറച്ചു.
പേരാമ്പ്രയിൽ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ എൽ.ഡി.എഫ് പ്രചാരണ വാഹനത്തിൽ നിന്നുവന്ന വിഭാഗീയത പടർത്തുന്ന അനൗൺസ്മെന്റും തിരിച്ചടിയായി. ആലപ്പുഴയിൽ ജി. സുധാകരൻ, കണ്ണൂരിൽ വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, പാലക്കാട് പി.കെ. ശശി, കൊല്ലത്ത് ഐഷ പോറ്റി തുടങ്ങിയവർ പാർട്ടി ബന്ധം മുറിച്ചു യു.ഡി.എഫ് പിന്തുണയുള്ള സ്ഥാനാർഥികളായതും എൽ.ഡി.എഫിന് കനത്ത ആഘാതമായി. സംസ്ഥാനമൊട്ടുക്ക് പ്രചാരണത്തിനിറങ്ങേണ്ട എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണന് മണ്ഡലത്തിൽനിന്ന് പുറത്തിറങ്ങാനാകാത്ത വെല്ലുവിളിയാണ് യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയ പേരാമ്പ്രയിൽ സൃഷ്ടിച്ചത്.
മന്ത്രിമാരായ എം.ബി. രാജേഷ്, വി. അബ്ദുറഹിമാൻ, പി.എ. മുഹമ്മദ് റിയാസ്, പി. രാജീവ്, റോഷി അഗസ്റ്റിൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ, വി. ശിവൻകുട്ടി, കെ.ബി. ഗണേഷ് കുമാർ, കെ.എൻ. ബാലഗോപാൽ, വീണാ ജോർജ് തുടങ്ങിവരെല്ലാം കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഭൂരിപക്ഷം കുറഞ്ഞാലും യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന അഭിപ്രായ സർവേകളും എൽ.ഡി.എഫിന്റെ മൂന്നാം ഭരണ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. 100 സീറ്റെന്ന മുൻ നിലപാടിൽനിന്ന് ഒരു തരി പിന്നാക്കംപോകാതെ സതീശൻ കണക്ക് നിരത്തുന്നത് ഇടതുകേന്ദ്രങ്ങളിൽ ഉണ്ടാക്കുന്ന ആശങ്ക വേറെ. സി .പി.എം കൂടെനിർത്തിയ വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകൾ, ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന എഫ്.സി.ആർ.എ നിയമഭേദഗതി തുടങ്ങിയവയെല്ലാം തെരഞ്ഞെടുപ്പിലെ അടിയൊഴുക്ക് നിർണയിക്കുന്ന ഘടകങ്ങളായേക്കും. എങ്കിലും പ്രചാരണത്തിലെ മേൽകൈ വോട്ടാകുമോ എന്ന് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

