ദിലീപിനെ കുറ്റമുക്തനാക്കിയ ജഡ്ജിയെ അവഹേളിച്ച് പ്രചാരണം; പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി ഡി.ജി.പിക്ക് കൈമാറി
text_fieldsതിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റമുക്തനാക്കിയ ജഡ്ജിയെ അവഹേളിച്ച് പ്രചാരണം നടക്കുന്നതിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് ഡി.ജി.പിക്ക് കൈമാറി. കോടതി നടപടികളെയും വിധി പ്രസ്താവം നടത്തിയ എറണാകുളം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിനെയും അവഹേളിച്ചും വ്യക്തിഹത്യ ചെയ്തും സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ പോലീസ് സ്വമേധയാ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് പരാതി മുഖ്യമന്ത്രിക്ക് നൽകിയത്.
ആഭ്യന്തര വകുപ്പിന് എതിരെ ഗുരുതര ആരോപണവുമായി ലഭിച്ച പരാതി അന്വേഷിക്കാനായി മുഖ്യമന്ത്രിയുടെ ഓഫിസ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. കോടതിയിൽനിന്ന് നീതി ലഭിച്ചില്ലെന്ന് തോന്നൽ ഉണ്ടാകുന്നവർക്ക് മേൽ കോടതികളിൽ അപ്പീൽ ഫയൽ ചെയ്യുന്നതിന് യാതൊരു നിയമ തടസ്സവും ഇല്ലാത്തതാണ്. എന്നാൽ കോടതി നടപടികളെയും വിധി പുറപ്പെടുവിച്ച ജഡ്ജിമാരെയും അവഹേളിച്ചും വ്യക്തിഹത്യ ചെയ്തും പൊതുജന മധ്യത്തിൽ പ്രചാരണം നടത്തുന്നത് കുറ്റകരമായ പ്രവൃത്തിയാണ്. ഇത് വ്യക്തി അഭിപ്രായ സ്വാതന്ത്ര്യമായി നിയമപരമായി കാണനാകില്ല. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടിക്രമം പൂർത്തിയാക്കുന്ന ഉത്തരവാദിത്വമാണ് വിചാരണ കോടതിക്കുള്ളത്. അത്തരം നടപടികൾ പൂർത്തിയാക്കിയതിന്റെ പേരിൽ ദിലീപിനെ കുറ്റമുക്തനാക്കിയ വനിതാ ജഡ്ജിയെ സമൂഹ മാധ്യമങ്ങളിൽ അവഹേളിച്ച് വ്യക്തിഹത്യ ചെയ്യുന്നത് ആസൂത്രിതമായി വർധിക്കുന്നത് പൊലീസിന് വ്യക്തമായി അറിവുള്ളതാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൊഴി നൽകിയ അതിജീവതക്ക് എതിരായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ് ആസ്ഥാനത്തിലെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജിപി കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനേക്കാൾ പ്രാധാന്യത്തോടെ കാണേണ്ട വിഷയങ്ങളിൽ വീഴ്ചകളാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഇപ്പോൾ ഉണ്ടാകുന്നത്. കൃത്യനിർവഹണം പൂർത്തിയാക്കിയതിന്റെ പേരിൽ സ്വകാര്യ താല്പര്യത്തിന്റെ മറവിൽ വിധിന്യായം പുറപ്പെടുവിച്ച കോടതികളിലെ ജഡ്ജിമാരെ പൊതു സമൂഹത്ത് അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും കണ്ടില്ലെന്ന് നടിക്കുന്നത് നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്.
നടിയെ ആക്രമിച്ച കുറ്റകൃത്യത്തിൽ പങ്കെടുത്ത ആറ് പേരെയും കോടതി ശിക്ഷിച്ചിരുന്നു. നീതിപൂർവമുള്ള ഇത്തരം നടപടിയെ ചിലർക്ക് അംഗീകരിക്കാനും ഉൾക്കൊള്ളാനും കഴിയുന്നില്ല. നടിയെ ആക്രമിച്ചവരെ ശിക്ഷിച്ച നടപടിയിൽ ചിലർ അസ്വസ്ഥരുമാണ്. ഇവരാണ് ജഡ്ജിയെ സമൂഹമാധ്യമങ്ങളിൽ അവഹേളിക്കാൻ മത്സരിക്കുന്നതെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു. നടിയെ ആക്രമിക്കാൻ ദിലീപ് ഗുണ്ടകൾക്ക് ക്വട്ടേഷൻ കൊടുത്തുവെന്ന ആരോപണം കോടതിയിൽ തെളിയിക്കപ്പെട്ടതുമില്ല.
വിചാരണ കോടതിക്ക് മുന്നിൽ എത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ നടത്തി വിധിന്യായം പുറപ്പെടുവിച്ചതിന്റെ പേരിൽ ഹണി എം. വർഗീസിനെ അപമാനിച്ചും വ്യക്തിഹത്യ ചെയ്തും സമൂഹ മാധ്യമങ്ങളിൽ വിചാരണയും പ്രചാരണവും നടത്തുന്നത് സർക്കാർ തടയണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി കുറ്റക്കാരായി കണ്ട പ്രതികളുടെ ശിക്ഷയെ സംബന്ധിച്ച വിധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രണ്ടാംഘട്ട വോട്ടെടുപ്പ് കഴിയുന്നതിന്റെ പിറ്റേ ദിവസം ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

