കാലിക്കറ്റ് സെനറ്റ്: ഗവര്‍ണർ നാമനിർദേശം ചെയ്തവർക്ക് മൂന്നാഴ്ചകൂടി പൊലീസ് സംരക്ഷണം
text_fieldsകൊച്ചി: കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണർ നാമനിർദേശം ചെയ്ത അംഗങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന മുൻ ഉത്തരവിന്‍റെ കാലാവധി ഹൈകോടതി നീട്ടി. ക്രമസമാധാനം നിയന്ത്രിക്കണമെന്ന നിര്‍ദേശത്തോടെ മൂന്നാഴ്ചത്തേക്കാണ് പൊലീസ് സംരക്ഷണ ഉത്തരവ് നീട്ടി നൽകിയത്. സെനറ്റ് അംഗങ്ങളായി ഗവർണർ സ്വന്തംനിലക്ക് നാമനിർദേശംചെയ്ത ബാലൻ പൂതേരി, സി. മനോജ്, പി.എം. അശ്വിൻരാജ്, എ.വി. ഹരീഷ്, അഫ്‌സൽ സഹീർ, സി. സ്നേഹ, എ.ആർ. പ്രവീൺ കുമാർ, എ.കെ. അനുരാജ് എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ഉത്തരവ്. എതിർകക്ഷികളായ എസ്.എഫ്.ഐ പ്രവർത്തകരോട് സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി ഹരജി വീണ്ടും രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
ഡിസംബർ 21ന് രാവിലെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ തങ്ങളെ സെനറ്റ് ഹൗസിനുമുന്നിൽ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞെന്നും കൈയേറ്റം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് ഹരജി നൽകിയിരിക്കുന്നത്. നേരത്തേ ഹരജി പരിഗണിച്ചപ്പോഴാണ് പൊലീസ് സംരക്ഷണം നൽകാനും ക്രമസമാധാനം ഉറപ്പാക്കാനും നിർദേശം നൽകിയത്. എതിർകക്ഷികളായ എസ്.എഫ്.ഐ നേതാക്കളടക്കമുള്ളവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

