കോഴിക്കോട് ആദ്യ ദിനമെത്തുന്നത് 70 പ്രവാസികൾ; ക്വാറൻറീൻ മൂന്നിടത്ത്
text_fieldsകോഴിക്കോട്: ഗൾഫിൽനിന്ന് ആദ്യദിനം ജില്ലയിൽ മടങ്ങിയെത്തുന്നത് 70 പ്രവാസികൾ. വ്യാഴാഴ്ച ദുബൈയിൽനിന്ന് എയർഇന്ത്യ വിമാനത്തിൽ കരിപ്പൂരിലെത്തുന്ന കോഴിക്കോട്ടുകാരെ സ്വീകരിക്കാൻ ജില്ല ഒരുങ്ങി. രാത്രി പത്തു മണിയോടെയാണ് പ്രവാസികൾ എത്തുന്നത്. വിമാനത്താവളത്തിലെ പരിശോധനകൾക്കുശേഷം രാമനാട്ടുകരയിൽ ഇവരെ ക്വാറൻറീനിൽ പാർപ്പിക്കാനാണ് തീരുമാനം. സീപാലസ് ഹോട്ടൽ, ചാലിയാർ ടൂറിസ്റ്റ്ഹോം, ലക്ഷദ്വീപ് ഹൗസ് എന്നിവിടങ്ങളിലാണ് ഇവരെ പാർപ്പിക്കുക. റിയാദിൽനിന്നുള്ള വിമാനം വ്യാഴാഴ്ചയുണ്ടാകില്ല. ആദ്യഘട്ടത്തിൽ 567 ക്വാറൻറീൻ കേന്ദ്രങ്ങൾ ഒരുക്കും. കമ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം എത്തിക്കുമെന്നും തദ്ദേശതലത്തിൽ മേൽനോട്ട സമിതികൾ ഉണ്ടാവുമെന്നും ജില്ല കലക്ടർ എസ്. സാംബശിവ പറഞ്ഞു.
കുടുംബശ്രീ യൂനിറ്റുകൾക്കായിരിക്കും ഇതിെൻറ ചുമതല. പണം നൽകുന്നവർക്ക് ഹോട്ടലുകളിൽ എ.സി റൂമുകളിൽ കഴിയാം. പ്രവാസികൾ കൂടുതലായി എത്തുന്ന ജില്ലയെന്ന നിലയിലുള്ള ക്രമീകരണങ്ങളാണ് കോഴിക്കോട്ടുള്ളത്. നഗരത്തിലും ഗ്രാമീണ മേഖലകളിലുമായി ക്വാറൻറീൻ കേന്ദ്രങ്ങൾ സജ്ജമാണ്. ഇഖ്റ, മലബാർ എന്നീ സ്വകാര്യ ആശുപത്രികളും പദ്ധതിയുമായി സഹകരിക്കും.
ഹോട്ടലുകൾ, റിസോർട്ടുകൾ, കോൺവെൻറുകൾ, ഗസ്റ്റ്ഹൗസുകൾ, മതസ്ഥാപനങ്ങളുടെയും പരിശീലന കേന്ദ്രങ്ങളുടെയും താമസസ്ഥലങ്ങൾ, സ്കൂളുകൾ, കോളജുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ, ഒഴിഞ്ഞുകിടക്കുന്ന വീടുകൾ എന്നിവയെല്ലാം നിരീക്ഷണ കേന്ദ്രമാക്കാനാണ് ആലോചിക്കുന്നത്. പരിശോധനയിൽ രോഗലക്ഷണമുള്ളവരെ ആശുപത്രിയിലെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
