കാലിക്കറ്റിലെ പുസ്തക വിവാദം: സാഹചര്യം സിന്‍ഡിക്കേറ്റ് പരിശോധിക്കും
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ പുസ്തകവിവാദമുണ്ടാകാനിടയായ സാഹചര്യം സിന്‍ഡിക്കേറ്റ് പരിശോധിക്കും. നാക് സംഘം കാമ്പസ് സന്ദര്‍ശിച്ച സമയത്ത് വിവാദമുണ്ടായതിന് കാരണക്കാരായവരെ കണ്ടെത്തി നടപടിയെടുക്കാനാണ് സാധ്യത.ഈ മാസം 29ന് സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ ധാരണയായിട്ടുണ്ട്.
വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തില്ലെങ്കിലും നാക് സന്ദര്‍ശനം വിലയിരുത്തുന്നതിനൊപ്പം ഇക്കാര്യവും ചര്‍ച്ച ചെയ്യുമെന്ന് സിന്‍ഡിക്കേറ്റംഗം യൂജിന്‍ മൊറോലി പറഞ്ഞു. മികച്ച നാക് ഗ്രേഡ് ലഭിക്കുന്നത് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമുണ്ടായെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എം.എസ്.എഫ് മാര്‍ച്ച്, ബി.ജെ.പി പ്രതിഷേധം എന്നിവയെല്ലാം ഇതിന്റെ ഭാഗമാണെന്നും സംശയിക്കുന്നു.
സി.എച്ച് സെന്‍ട്രല്‍ ലൈബ്രറിയില്‍ നാക് സംഘത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ന്യൂ എഡിഷന്‍സ് വിഭാഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള 'മോദി @20 ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകം മറ്റ് പുസ്തകങ്ങള്‍ക്കൊപ്പം പ്രദര്‍ശിപ്പിച്ചിരുന്നു. നാക് സംഘത്തെ പ്രീണിപ്പിക്കാനാണിതെന്ന് ആരോപിച്ച് ഒരു വിഭാഗം വിദ്യാർഥികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പുസ്തകം മാറ്റിവെച്ചു. വിവാദമായതോടെ പുസ്തകം പുനഃസ്ഥാപിക്കുകയായിരുന്നു. പുസ്തകം എടുത്തുമാറ്റിയത് വാര്‍ത്തയായതോടെ ബി.ജെ.പിയും യുവമോര്‍ച്ചയും പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

