ആനക്കുട്ടീ പോകല്ലേ...
text_fieldsപുൽപള്ളി: പള്ളിക്കൂടത്തിൽ എല്ലാ കുട്ടികൾക്കും പഠിക്കാമല്ലോ എന്നോർത്തിട്ടായിരിക്കാം ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടിയുമെത്തി. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് വനത്തോട് ചേർന്ന ചേകാടി ഗവ. എൽ.പി സ്കൂളിൽ സമീപത്തെ കാട്ടിൽനിന്ന് കുറുമ്പൻ ആനക്കുട്ടിയെത്തിയത്. കൂട്ടം തെറ്റിയ ആനക്കുട്ടി സ്കൂൾ മുറ്റത്ത് ആദ്യം ശങ്കിച്ചുനിന്നു.
അവിടെയുള്ള ജീപ്പിന്റെ ടയറിൽ ഒന്നു മുട്ടിയുരുമ്മി. പിന്നെ നേരെ വരാന്തയിലേക്ക്. കുട്ടിക്കുറുമ്പനെ കണ്ടതോടെ സ്കൂളിലെ കുട്ടികൾക്ക് കൗതുകമായി. എന്നാൽ, അധ്യാപകർക്ക് വേവലാതി. കുട്ടികളെയെല്ലാം ക്ലാസിൽ കയറ്റി വാതിലടച്ചു. ഏറെനേരം വരാന്തയിൽ ആനക്കുട്ടി അങ്ങനെ നിന്നു. ചെറുതുമ്പിക്കൈയാൽ അവിടെയുള്ള വിവിധ വർണത്തിലുള്ള ചെരിപ്പുകൾ തട്ടിക്കളിച്ചു.
സ്കൂളിൽ ആനക്കുട്ടി എത്തിയ വിവരം നാട്ടുകാർ വനപാലകരെ അറിയിച്ചു. അവരെത്തിയാണ് കുറുമ്പനെ കാടുകയറ്റിവിട്ടത്. തുടർന്ന് ആനക്കുട്ടി അമ്മക്കൊപ്പം ചേർന്നു. ഇതോടെയാണ് അധ്യാപകർക്കും വനപാലകർക്കും ശ്വാസം നേരെവീണത്. പക്ഷേ, സ്കൂളിലെ കുറുമ്പന്മാർക്ക് ആനക്കുട്ടി കുറെനേരംകൂടി അവിടെ നിൽക്കണേയെന്നായിരുന്നു മോഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

