കൊൽക്കത്ത സ്വദേശി കഞ്ചാവുമായി പിടിയിൽ
text_fieldsകുറവിലങ്ങാട്: പശ്ചിമബംഗാളിൽനിന്ന് ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ച് പൊതികളാക്കി കുറവിലങ്ങാട് ടൗണിലും പരിസരത്തും വിൽപന നടത്തിവന്നിരുന്നയാൾ പിടിയിൽ. കൽക്കത്ത സ്വദേശി എസ്.കെ. ടിപ്പുവിനെയാണ് കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ ഒ.പി. വർമ ദേവന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കുറവിലങ്ങാടിന് സമീപം വാടകക്ക് താമസിക്കുന്ന ഇയാൾ തൊഴിലാളികൾക്കും കോളജ് വിദ്യാർഥികൾക്കും പൊതി ഒന്നിന് 500 രൂപ നിരക്കിൽ കഞ്ചാവ് വിൽപന നടത്തി വരുകയായിരുന്നു.
നാല് പൊതി കഞ്ചാവും വലിക്കാനുള്ള ചിലിം എന്ന ഉപകരണവും കണ്ടെടുത്തു. കുറവിലങ്ങാട് റേഞ്ചിലെ ഉദ്യോഗസ്ഥർ പല സ്ക്വാഡുകളായി തിരിഞ്ഞ് പട്രോളിങ് നടത്തുന്നതിനിടെ ഭയന്നോടിയ പ്രതിയെ പിൻതുടർന്ന് ഇയാൾ താമസിച്ച വാടക വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു. പരിശോധനയിൽ ഇയാളോടൊപ്പം താമസിച്ചിരുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ എല്ലാവരും കഞ്ചാവിന് അടിമകളാണെന്ന് എക്സൈസിന് ബോധ്യമായിട്ടുണ്ട്.
അന്തർ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.പ്രിവന്റിവ് ഓഫിർമാരായ കെ.ആർ. ബിനോദ്, അനു.വി. ഗോപിനാഥ്, എക്സൈസ് ഇന്റലിജൻസ് വിഭാഗം പ്രിവന്റിവ് ഓഫിസർ പി.എ. മേഘനാഥൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എ.എസ്. ദീപേഷ്, വേണുഗോപാൽ കെ.ബാബു, അമൽഷ മാഹിൻകുട്ടി എന്നിവരും പങ്കെടുത്തു.

