അരിക്കൊമ്പന് കൂട്; മുറിക്കുന്നത് 128 ഗ്രാന്‍റിസ് മരങ്ങൾ
text_fieldsഅരിക്കൊമ്പൻ എന്ന കാട്ടാനക്കായി കൂട് നിർമിക്കുന്നതിന് മൂന്നാറിൽ മരങ്ങൾ മുറിക്കുന്നു
തൊടുപുഴ: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിന് മുന്നോടിയായി കൂട് നിർമാണത്തിന് മരങ്ങൾ മുറിച്ച് തുടങ്ങി. വയനാട്ടില്‍നിന്നെത്തിയ സംഘം അടയാളപ്പെടുത്തിയ 128 ഗ്രാന്‍റിസ് മരങ്ങളാണ് മുറിക്കുന്നത്. ആനയെ മയക്കുവെടി െവച്ച് പിടികൂടി കോടനാട് ആനത്താവളത്തിലേക്ക് മാറ്റാനാണ് നീക്കം. മയക്കുവെടി വെച്ച് പിടികൂടിയശേഷം ആനയെ പാർപ്പിക്കുന്നതിനായാണ് കൂട് നിർമിക്കുന്നത്. മൂന്നാറിൽ വനം വകുപ്പിന്‍റെ സെൻട്രൽ നഴ്സറിക്ക് സമീപത്തുനിന്നാണ് മരങ്ങള്‍ മുറിക്കുന്നത്.
ജില്ലയിൽ ഭീതി പരത്തുന്ന കാട്ടാനകളിൽ ഏറ്റവും അപകടകാരി അരിക്കൊമ്പനാണെന്നാണ് കണ്ടെത്തൽ. ഇതിനെ മയക്കുവെടിവെച്ച് പിടികൂടി കോടനാട്ടേക്ക് മാറ്റുന്നതിനാണ് പ്രഥമ പരിഗണന. സാധ്യമായില്ലെങ്കിൽ റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിൽ തുറന്നുവിടും. മയക്കുവെടിവെച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകി ആഴ്ചകൾ കഴിഞ്ഞിട്ടും നടപടികൾ വൈകുന്നതിൽ നാട്ടുകാർക്കിടയിൽ പരക്കെ പ്രതിഷേധമുണ്ട്. ജനവാസ മേഖലകളിലിറങ്ങിയ അരിക്കൊമ്പൻ രണ്ടാഴ്ചക്കിടെ നിരവധി വീടുകൾ ആക്രമിച്ച പശ്ചാത്തലത്തിലാണ് വനം വകുപ്പ് നടപടികൾ വേഗത്തിലാക്കിയത്. വയനാട്ടിൽനിന്നുള്ള രണ്ടു പേരാണ് പ്രത്യേക വലുപ്പത്തിലുള്ള മരങ്ങൾ കണ്ടെത്തി അടയാളപ്പെടുത്തിയത്. പ്രത്യേക പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തിലാകും കൂട് നിര്‍മാണം. തുടർന്ന്, ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വയനാട്ടില്‍നിന്നുള്ള ദൗത്യസംഘം ഇടുക്കിയില്‍ എത്തും.
ജലാശയങ്ങളും മലഞ്ചെരുവുകളും കൂടുതലുള്ള ജില്ലയുടെ സവിശേഷ ഭൂപ്രകൃതി കണക്കിലെടുത്ത് മയക്കുവെടി വെക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കുങ്കി ആനകളെയും എത്തിക്കും. രണ്ടാഴ്ചക്കകം അരിക്കൊമ്പനെ പിടിക്കാനാകുമെന്നാണ് വനം വകുപ്പിന്‍റെ കണക്ക്കൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

