റവന്യൂ-ധന കമ്മി കൂടി; സംസ്ഥാനത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കനത്തതെന്ന് സി.എ.ജി. റിപ്പോർട്ട്
text_fieldsമന്ത്രി കെ.എൻ.ബാലഗോപാൽ, മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കനത്തതെന്ന് കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്. റവന്യൂ-ധന കമ്മികൾ കുത്തനെ ഉയർന്നുവെന്നും വരവും ചെലവും തമ്മിലെ തുടർച്ചയായ അന്തരം സാമ്പത്തിക ഞെരുക്കം വ്യക്തമാക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കടമെടുത്ത പണം വികസന പ്രവർത്തങ്ങൾക്കും ആസ്തി നിർമാണത്തിനും പകരം സാധാരണ ചെലവുകൾക്കും കടം വീട്ടാനുമാണ് ഉപയോഗിക്കുന്നതെന്നും ധനമന്ത്രി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.അതേസമയം, മൊത്തം കടം സുസ്ഥിരത കൈരിച്ചുവെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തിന്റെ യഥാർഥ വളർച്ച നിരക്ക് നിലനിർത്തുന്നതിനെ ആശ്രയിച്ചാണ് മൊത്തം കടത്തിന്റെ സുസ്ഥിരത. കടം, ബജറ്റിന് പുറത്തുള്ള കടമെടുക്കൽ എന്നിവ വർധിക്കുന്നത് കടത്തിന്റെ സുസ്ഥിര ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കും.
റവന്യൂ കമ്മി 2022-23 ലെ 9226.28 കോടിയിൽ നിന്ന് 2023-24ൽ 18140.19 കോടിയായി ഉയർന്നു. 96.61 ശതമാനമാണ് വർധന. ധനകമ്മിയാകട്ടെ മുൻവർഷത്തെ 25554. 54 കോടിയിൽ നിന്ന് 2023-24ൽ 34258.05 കോടിയായി ഉയർന്നു. 34.06 ശതമാനം വർധന. സേവനങ്ങളുടെ നിലവിലെ സ്ഥിതി നിലർത്താനും മുൻകാല ബാധ്യത വീട്ടാനുമാണ് റവന്യൂ ചെലവ് മാറ്റുന്നത്. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കോ സേവന ശൃംഗലക്കോ അത് വർധനവുണ്ടാക്കുന്നില്ലെന്നും സി.എ.ജി. വിലയിരുത്തി.
കിഫ്ബി, പെൻഷൻ കമ്പനി എന്നിവ വഴി എടുത്ത കടങ്ങളുടെ കാര്യത്തിൽ സി.എ.ജി. നിലപാട് മാറ്റിയില്ല. സംസ്ഥാനം 2023-24ൽ 10634.46 കോടി രൂപ ബജറ്റിന് പുറത്ത് കടമെടുത്ത കാര്യം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത് സഞ്ചിത നിധിയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും സംസ്ഥാന ബജറ്റ് വഴിയാണ് തിരിച്ചടക്കുന്നത്.
സംസ്ഥാനത്തിന്റെ മൂലധന ചെലവ് വെറും 13584.45 കോടിയാണെന്നും ഇത് ആകെ ചെലവിന്റെ 8.52 ശതമാനം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പലിശ, ശമ്പളം, പെൻഷൻ തുടങ്ങിയവ ആകെ റവന്യൂചെലവിന്റെ 56.68 ശതമാനമാണ്. നികുതി വരുമാനം 6.48 ശതമാനം കണ്ട് കുറഞ്ഞു. അതേസമയം, മൊത്തം ചെലവിൽ 0.48 ശതമനം വർധനവുണ്ടായി. ബജറ്റിന് പുറത്തെ കമെടുപ്പ് കൂടി പരിഗണിച്ചാൽ സംസ്ഥാനത്തിന്റെ മൊത്തം ബാധ്യത ജി.എസ്.ഡി.പിയുടെ 37.84 ശതമാനം വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, സി.എ.ജി. റിപ്പേർട്ടിലെ നിഗമനങ്ങളോട് മന്ത്രി കെ.എൻ. ബാലഗോപാൽ വിയോജിച്ചു. ഇവ സംസ്ഥാനത്തിന്റെ നേരിട്ടുള്ള ബാധ്യതയാകുന്നില്ലെന്നും ആകസ്മിക ബാധ്യത മാത്രമാണെന്നും സഭയിൽ വച്ച കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

