ഒരുവിധ സാമ്പത്തിക ദുരുപയോഗവും നഷ്ടവും ആരോപിച്ചിട്ടില്ല; ദുരിതാശ്വാസനിധി വകമാറ്റിയെന്ന സി.എ.ജി റിപ്പോർട്ട് തള്ളി പിണറായി
text_fieldsതിരുവനന്തപുരം: കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആർ.എഫ്) സംഭാവന ലഭിച്ച തുക വകമാറ്റിയെന്ന സി.എ.ജി റിപ്പോർട്ട് വസ്തുതാവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സി.എം.ഡി.ആർ.എഫിന്റെ വിശ്വാസ്യത തകര്‍ക്കാനും എൽ.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അരുതാത്തത് സംഭവിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദുരിതാശ്വാസനിധിയിൽനിന്ന് 262 കോടി രൂപ വകമാറ്റിയെന്ന് സി.എ.ജി കണ്ടെത്തിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.എ.ജി റിപ്പോര്‍ട്ടില്‍ ടി.എസ്.ബി അക്കൗണ്ടില്‍നിന്ന് കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കും തിരിച്ചും ചെലവഴിക്കാതെ കിടന്ന പണംമാറ്റിയത് ക്രമരഹിതമാണ് എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഒരുവിധ സാമ്പത്തിക ദുരുപയോഗവും നഷ്ടവും ആരോപിച്ചിട്ടുമില്ല. ട്രഷറി അക്കൗണ്ടില്‍ തന്നെ പണം സൂക്ഷിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ തൃപ്തികരമായ വിശദീകരണം നല്‍കിയിട്ടും നിര്‍ഭാഗ്യവശാല്‍ അക്കൗണ്ടന്റ് ജനറല്‍ ഈ വസ്തുതകളെ ശരിയായി ഉള്‍ക്കൊള്ളാന്‍ തയാറാവുന്നില്ലെന്നും പിണറായി പറഞ്ഞു.
2024-25 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടിലെ നിഗമനങ്ങളില്‍, സ്റ്റേറ്റ് ട്രഷറി സേവിങ്സ് ബാങ്കില്‍ നിന്നുള്ള തുകകള്‍ സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കുന്ന ഭാഗത്താണ് ദുരിതാശ്വസനിധിയില്‍നിന്നുള്ള പണം പിന്‍വലിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, റിപ്പോര്‍ട്ടിലെ 139-ാം പേജില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. 2024-25 വര്‍ഷത്തില്‍ അഞ്ച് എസ്.ടി.എസ്.ബി അക്കൗണ്ടുകളില്‍ കിടന്നിരുന്ന ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട 262.06 കോടി രൂപയുടെ പൊതുസംഭാവനകള്‍ സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിലേക്ക് തിരിച്ചെടുത്തു. ഇത്തരത്തിലുള്ള സര്‍ക്കാറിതര ഫണ്ടുകള്‍ സംസ്ഥാനത്തിന്റെ സഞ്ചിതനിധിയിലേക്ക് തിരിച്ചെടുത്തത് ക്രമരഹിതമാണ്.
ഇതേഭാഗത്ത് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ എസ്.ടി.എസ്.ബി അക്കൗണ്ടുകളില്‍ സാമ്പത്തിക വര്‍ഷാവസാനം വിനിയോഗിക്കാതെ കിടക്കുന്ന തുക പൊതുകണക്കിന്റെ വലുപ്പം കുറയ്ക്കാന്‍ വേണ്ടി എല്ലാ വര്‍ഷവും തിരിച്ചെടുക്കാറുണ്ടെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട് (2026 ജനുവരി). തിരിച്ചെടുത്ത സി.എം.ഡി.ആര്‍.എഫ് ഫണ്ടുകള്‍ അതാത് എസ്.ടി.എസ്.ബി അക്കൗണ്ടുകളില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ പ്രഥമവാരത്തില്‍ തന്നെ റീഅലോക്കേറ്റ് ചെയ്തുകൊടുത്തു.
എന്നാല്‍, റിപ്പോര്‍ട്ടിന്റെ ഈ ഭാഗത്ത് തിരിച്ചെടുത്ത ഫണ്ടുകള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ പ്രഥമ വാരത്തില്‍ തന്നെ റീഅലോക്കേറ്റ് ചെയ്തത് ഓഡിറ്റ് ടീം കണ്ടെത്തിയിട്ടുള്ളതായി പരാമര്‍ശിച്ചിട്ടുണ്ട്. ഇതില്‍നിന്നും വസ്തുതകള്‍ കൃത്യമായി മനസ്സിലാക്കാവുന്നതാണ്. ഓരോ സാമ്പത്തിക വര്‍ഷാവസാനവും മാര്‍ച്ച് 31-ന് സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗ്രാന്റ്-ഇന്‍-എയ്ഡ് സ്ഥാപനങ്ങള്‍ തുടങ്ങി സര്‍ക്കാരുമായി ബന്ധപ്പെട്ട ട്രഷറി അക്കൗണ്ടുകളില്‍ ചെലവാക്കാതെ കിടക്കുന്ന തുക സംസ്ഥാനത്തിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റുന്ന ഒരു പ്രക്രിയ നിലവിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്ന തികച്ചും സുതാര്യമായ ഒരു ക്രമീകരണമാണ് ഇത്. എന്നാല്‍, പ്രസ്തുത തുക പുതിയ സാമ്പത്തിക വര്‍ഷാരംഭത്തില്‍ കാലതാമസമില്ലാതെ പഴയപടി ട്രഷറി അക്കൗണ്ടിലേക്ക് തന്നെ ക്രെഡിറ്റ് ചെയ്യുകയാണ് പതിവ്.
സര്‍ക്കാറിന്റെ വകുപ്പുകളിലെയോ സ്ഥാപനങ്ങളിലെയോ ചെലവഴിക്കാതെ കിടക്കുന്ന പണം സാമ്പത്തിക വര്‍ഷാവസാനം കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റുകയും തിരിച്ചുനല്‍കുകയും ചെയ്യുന്നതില്‍ ഒരു ദുരൂഹതയും നിലവിലില്ല. ഇങ്ങനെ മാറ്റം ചെയ്യുമ്പോള്‍ ഒരു പൈസ പോലും നഷ്ടപ്പെടുന്നുമില്ല. ദുരിതാശ്വാസ നിധിയിലെ പണം പൂര്‍ണമായും സുരക്ഷിതമാണ്. അത് മറ്റേതെങ്കിലും ആവശ്യത്തിനായി വകമാറ്റുകയോ വിനിയോഗിക്കപ്പെടുകയോ ചെയ്യുന്നതുമില്ല.
സി.എ.ജി റിപ്പോര്‍ട്ടിനെ മറയാക്കി രാഷ്ട്രീയപ്രേരിതമായി ബോധപൂര്‍വമായ ശ്രമം നടക്കുകയാണെന്നും യാഥാർഥ്യം ജനങ്ങള്‍ തിരിച്ചറിയണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

