Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഠനവും അനുമതിയുമില്ല, കോടികൾ പാഴായി; ടൂറിസം പദ്ധതികളിൽ രൂക്ഷവിമർശനവുമായി സി.എ.ജി

text_fields
bookmark_border
2024ൽ അവസാനിച്ച സാമ്പത്തിക വർഷത്തെ പദ്ധതികളാണ് പരിശോധിച്ചത്
പഠനവും അനുമതിയുമില്ല, കോടികൾ പാഴായി; ടൂറിസം പദ്ധതികളിൽ രൂക്ഷവിമർശനവുമായി സി.എ.ജി
cancel

തിരുവനന്തപുരം: മതിയായ സാധ്യതാപഠനമോ നിർബന്ധിത അനുമതികളോ വാങ്ങാതെ ആരംഭിച്ച ടൂറിസം പദ്ധതികൾ കോടികൾ പാഴാക്കിയെന്ന ഗുരുതര കണ്ടെത്തലുമായി സി.എ.ജി റിപ്പോർട്ട്. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും ഫീൽഡ് തലത്തിലെ പ്രായോഗിക വിഷയങ്ങൾ കണക്കിലെടുക്കാതെയുള്ള തിടുക്കപ്പെട്ട ഭരണാനുമതികളും മൂലം വിനോദസഞ്ചാര വകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസന ഫണ്ടുകൾ വലിയ തോതിൽ നഷ്ടപ്പെടുത്തിയെന്ന് ഓഡിറ്റ് വിലയിരുത്തുന്നു. 2024ൽ അവസാനിച്ച സാമ്പത്തിക വർഷത്തെ ടൂറിസം വകുപ്പ് പദ്ധതികൾ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. വിനോദസഞ്ചാര ഡയറക്ടറേറ്റിന്റെ ആകെ 642 പദ്ധതികളിൽ നിന്ന് 1,319.59 കോടി ചെലവുള്ള 181 പദ്ധതികളാണ് വിശദ ഓഡിറ്റിനായി സി.എ.ജി തെരഞ്ഞെടുന്നത്.

പഠനമില്ല, 33 പദ്ധതികൾ പെരുവഴിയിൽ

187.06 കോടി രൂപ അടങ്കൽ തുകയുള്ള 33 പദ്ധതികൾക്ക് ഒരുവിധ സാധ്യതാ പഠനമോ സാങ്കേതിക പരിശോധനകളോ നടത്താതെ വിനോദസഞ്ചാര ഡയറക്ടറേറ്റ് അനുമതി നൽകിയത് മൂലം പദ്ധതികൾ നിഷ്ക്രിയമോ പാതിവഴിയിലോ ആണ്. 11 പദ്ധതികൾ നിർമാണം നിലച്ച നിലയിലാണ്. 14 പദ്ധതികൾ നിർമ്മാണം പൂർത്തിയായിട്ടും പൂർണമായും നിഷ്ക്രിയമായി കിടക്കുന്നു. എട്ട് പദ്ധതികൾ ആരംഭിക്കാൻ പോലും കഴിഞ്ഞില്ല. 187.06 കോടിയാണ് അടങ്കലെങ്കിലും ഇതിൽ 51.55 കോടി ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്.

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ സിപ്-ലൈൻ ടവറുകൾ ഉദാഹരണമാണ്. 99.99 ലക്ഷ രൂപയാണ് അനുവദിച്ചത്. 51 ലക്ഷം ചെലവഴിച്ചതിനു ശേഷം പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.

അനുമതി വാങ്ങില്ല, ഗുരുതര സാമ്പത്തിക നഷ്ടം

നിർബന്ധിത അനുമതികൾ നേടാതെയും ഭൂമിയുടെ സ്വഭാവം പരിശോധിക്കാതെയും പ്രവൃത്തി ആരംഭിച്ചതും ഗുരുതര സാമ്പത്തിക നഷ്ടങ്ങൾക്ക് കാരണമായി. ഏതൊരു പൊതുമരാമത്ത് പ്രവൃത്തിയും ആരംഭിക്കുന്നതിന് മുൻപ് നിർബന്ധിതവും നിയമപരവുമായ എല്ലാ അനുമതികളും നേടിയിരിക്കണമെന്നും പ്രവൃത്തി ടെൻഡർ ചെയ്യും മുൻപ് തന്നെ തടസ്സങ്ങളില്ലാത്ത 100 ശതമാനം ഭൂമിയുടെ അവകാശവും ഉറപ്പാക്കണമെന്നും മാന്വലിൽ കൃത്യമായി പറയുന്നുണ്ട്. ഇതാണ് ലംഘിക്കപ്പെട്ടത്.

പ്രധാന കണ്ടെത്തലുകൾ

തിരുവനന്തപുരത്തെ ചൊവ്വറ പൊഴി തൂക്കുപാലം തീരദേശ നിയന്ത്രണ മേഖലാ അനുമതി വാങ്ങാതെ പ്രവൃത്തി ആരംഭിച്ചതിനാൽ തദ്ദേശ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി. ഇതോടെ പദ്ധതി ഉപേക്ഷിക്കുകയും ചെലവഴിച്ച ഒരു കോടി രൂപ പാഴായി.

കൊടുങ്ങല്ലൂർ ബൈപ്പാസ് സൗന്ദര്യവൽക്കരണത്തിന് നാഷണൽ ഹൈവേ അതോറിറ്റിയുടെ മുൻകൂർ അനുമതി വേണമെന്ന് കരാറിൽ നിഷ്കർഷിച്ചിട്ടും അനുമതി വാങ്ങാതെ കരാർ ഏജൻസി പ്രവൃത്തി ആരംഭിച്ചു. ഇതിനായി വൈദ്യുതോപകരണങ്ങൾ വാങ്ങിക്കൂട്ടുകയും ചെയ്തു. എൻ.എച്ച്.എ.ഐ അനുമതി നിഷേധിച്ചതോടെ പദ്ധതി ഉപേക്ഷിച്ചു. വാങ്ങിയ 1.16 കോടിയുടെ വൈദ്യുതോപകരണങ്ങൾ ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്നു.

അതിരപ്പള്ളി ടൂറിസം ഫെസിലിറ്റേഷൻ കേന്ദ്രത്തിനായി കണ്ടെത്തിയ ഭൂമി നിർമാണത്തിന് അനുയോജ്യമല്ലാത്ത കുത്തനെയുള്ള മലഞ്ചെരുവായതിനാൽ പണി നടത്താനായില്ല. പദ്ധതിക്കായി കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിന് മൊബിലൈസേഷൻ അഡ്വാൻസായി നൽകിയ 3.36 കോടി രൂപ (പദ്ധതി അടങ്കലിന്റെ 80 ശതമാനം) പദ്ധതി റദ്ദാക്കിയിട്ടും ഇതുവരെ തിരികെ ലഭിച്ചിട്ടില്ല.

തൃശൂർ കാക്കത്തുരുത്ത് കിളിപ്പാടം പക്ഷിനിരീക്ഷണ കേന്ദ്രത്തിന് തെരഞ്ഞെടുത്ത ഭൂമി വർഷം മുഴുവൻ വെള്ളക്കെട്ടുള്ള നെൽവയലായിരുന്നു. കൂടാതെ കഫറ്റീരിയക്കും ടോയ്‌ലറ്റിനുമായി കണ്ടെത്തേണ്ടിയ സ്വകാര്യ ഭൂമി ഏറ്റെടുത്തതുമില്ല. പദ്ധതി ഉപേക്ഷിച്ചെങ്കിലും ഡി.ടി.പി.സിക്ക് നൽകിയ 1.25 കോടി അഡ്വാൻസ് തുക തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല.

മുസിരിസ് പൈതൃക പദ്ധതിക്ക് കീഴിലെ ബോട്ട് ജെട്ടികൾ: പള്ളിപ്പുറം കോട്ട, വലിയപള്ളി, അഴീക്കോട്, തിരുവഞ്ചിക്കുളം, കുറ്റിച്ചിറ എന്നിവിടങ്ങളിൽ ബോട്ട് ജെട്ടികൾ നിർമിക്കാൻ 2.26 കോടിക്ക് ഭരണാനുമതി നൽകി. ഡി.ടി.ഒ റിപ്പോർട്ട് വാങ്ങാത്തതിനാൽ ജലത്തിന്റെ ആഴമോ സഞ്ചാരയോഗ്യതയോ മുൻകൂട്ടി പരിശോധിച്ചില്ല. 2.25 കോടി ചെലവിൽ ജെട്ടികൾ പൂർത്തിയായെങ്കിലും ബോട്ട് സർവീസ് ആരംഭിച്ചില്ല. പള്ളിപ്പുറത്ത് കവാടം പൂട്ടിയിട്ടിരിക്കുകയാണ്. ആഴക്കുറവും ചെളി അടിഞ്ഞതും മൂലം ബോട്ടുകൾക്ക് ജെട്ടിയിലേക്ക് അടുക്കാൻ സാധിക്കുന്നില്ല. വലിയപള്ളി ജെട്ടിയും വിരളമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

മൺറോ തുരുത്ത് വില്ലേജ് ടൂറിസം പദ്ധതി (കൊല്ലം): മൂന്ന് കോടി ചെലവിൽ എട്ട് പ്രവർത്തികൾ ഭരണാനുമതി നൽകിയെങ്കിലും ഡി.ടി.ഒ റിപ്പോർട്ട് വാങ്ങിയിരുന്നില്ല. ഹൗസ് ബോട്ട് ടെർമിനൽ 2.40 കോടി ചെലവിൽ നിർമ്മിച്ചെങ്കിലും അനുകൂലമല്ലാത്ത സാഹചര്യങ്ങൾ കാരണം പദ്ധതി പൂർണമായി ഉപേക്ഷിച്ചു. സ്റ്റീൽ ബാറുകൾ തുരുമ്പെടുത്ത് നശിച്ചു

34.05 കോടി ചെലവഴിച്ച 22 പദ്ധതികൾക്ക് ബന്ധപ്പെട്ട ഡിസ്ട്രിക്റ്റ് ടൂറിസം ഓഫീസുകളിൽ (ഡി.ടി.ഒ) നിന്ന് പദ്ധതി പ്രദേശം സംബന്ധിച്ച റിപ്പോർട്ട് വാങ്ങാതെയാണ് ഡയറക്ടറേറ്റ് അനുമതി നൽകിയത്. ഇത് മൂലം അഞ്ച് പദ്ധതികൾ പൂർണമായും ഉപേക്ഷിച്ചു, നാല് പദ്ധതികൾ പൂർത്തിയായിട്ടും നിഷ്ക്രിയമായി തുടരുന്നു. 10 പദ്ധതികളിൽ കാലതാമസം നേരിട്ടു. മൂന്ന് പദ്ധതികൾ ഭാഗികമായി മാത്രമേ നടപ്പിലാക്കാനായുള്ളൂവെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു.

ടൂറിസം വകുപ്പിൽ ആസ്തി രജിസ്റ്ററില്ല, പദ്ധതികൾ അനാഥമെന്നും സി.എ.ജി

തിരുവനന്തപുരം: ടൂറിസം ഡയറക്ടറേറ്റിൽ ആസ്തി രജിസ്റ്റർ സൂക്ഷിക്കുന്നില്ലെന്നും സർക്കാർ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തുടനീളം സൃഷ്ടിച്ച വിനോദസഞ്ചാര ആസ്തികളെക്കുറിച്ചുള്ള ഒരു വിവരവും വകുപ്പിലില്ലെന്നും സി.എ.ജി വിമർശനം. ഇത് വകുപ്പിന്റെ ഗുരുതരമായ ബലഹീനതയും ആസ്തി പരിപാലനത്തിലെ കെടുകാര്യസ്ഥതയുമാണ് വ്യക്തമാക്കുന്നുവെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു.

2025 ആഗസ്റ്റിൽ സമർപ്പിച്ച മറുപടിയിൽ ഈ കണ്ടെത്തലിനെക്കുറിച്ച് യാതൊരു വിശദീകരണവും നൽകാതെ സർക്കാർ പൂർണമായും മൗനം പാലിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കിയ ശേഷം അവ ഡി.ടി.പി.സിക്കോ മറ്റ് പ്രവർത്തന ഏജൻസികൾക്കോ കൈമാറുന്നതിന് മുമ്പ് കൃത്യമായ ഔപചാരിക കരാറുകളിൽ ഏർപ്പെടേണ്ടതുണ്ട്. ഇത്തരം കരാറുകളിൽ പദ്ധതിയുടെ പ്രവർത്തനവും പരിപാലനവും, വരുമാനം പങ്കിടൽ രീതി, ഇരുപക്ഷത്തിന്റെയും കൃത്യമായ ചുമതലകളും ഉത്തരവാദിത്തങ്ങളും എന്നിവ വ്യക്തമായി നിർവചിച്ചിരിക്കണം.

ഓഡിറ്റർ ജനറൽ പരിശോധിച്ച പൂർത്തിയായ 40 പദ്ധതികളിൽ, ദീർഘകാല പരിപാലനവും മേൽനോട്ടവും ആവശ്യമുള്ള 10 പദ്ധതികൾ (21.52 കോടി നിക്ഷേപം) ഉണ്ടായിരുന്നു. എന്നാൽ, ഈ പദ്ധതികൾ കൈമാറിയപ്പോൾ പ്രവർത്തന-പരിപാലനത്തെക്കുറിച്ചോ വരുമാന പങ്കിടലിനെക്കുറിച്ചോ യാതൊരുവിധ കരാറുകളും വ്യവസ്ഥകളും നടപ്പിലാക്കിയില്ല.

കൃത്യമായ ഉത്തരവാദിത്തങ്ങൾ നിശ്ചയിക്കാതിരുന്നതിനാൽ ഡയറക്ടറേറ്റിന്റെയോ ഡി.ടി.പി.സിയുടെയോ ഭാഗത്തുനിന്ന് മേൽനോട്ടമോ നിരീക്ഷണമോ ഉണ്ടായില്ല. ഇത് അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായ പരിപാലനമില്ലാതെ വേഗത്തിൽ തകരുന്നതിന് കാരണമായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CAG Issues Strong Criticism of Tourism Projects
Next Story