Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടമെടുപ്പ്...

കടമെടുപ്പ് മറച്ചുവെച്ചു; 12,669.92 കോടിയുടെ പൊരുത്തക്കേടെന്ന് സി.എ.ജി

text_fields
bookmark_border
കടമെടുപ്പ് മറച്ചുവെച്ചു; 12,669.92 കോടിയുടെ പൊരുത്തക്കേടെന്ന് സി.എ.ജി
cancel

തിരുവനന്തപുരം: ബജറ്റിന് പുറത്തെ കടമെടുപ്പുകൾ സംബന്ധിച്ച് സംസ്ഥാനം സമർപ്പിച്ച കണക്കുകളിൽ 12,669.92 കോടിയുടെ വ്യത്യാസവും പൊരുത്തക്കേടുമെന്ന് സി.എ.ജി റിപ്പോർട്ട്. സംസ്ഥാനത്തിന്റെ വാർഷിക വായ്പാ പരിധി കേന്ദ്രം നിശ്ചയിക്കാൻ ബജറ്റിന് പുറത്തെ വായ്പകളുടെ വിശദാംശങ്ങൾ സമർപ്പിക്കണം. ഇത്തരം ഓഫ് ബജറ്റ് കടമെടുപ്പുകളുടെ വ്യാപ്തിയനുസരിച്ചാണ് കേന്ദ്രം വായ്പാപരിധി ക്രമീകരിക്കുന്നത്.

കിഫ്ബിയും പെൻഷൻ കമ്പനിയും വഴിയാണ് പ്രധാനമായും ബജറ്റിന് പുറത്തെ സർക്കാറിന്റെ വായ്പയെടുക്കലുകൾ. എന്നാൽ, ഇതുസംബന്ധിച്ച് യഥാർഥ കണക്കല്ല സമർപ്പിച്ചതെന്നാണ് സി.എ.ജി ചൂണ്ടിക്കാട്ടുന്നത്. 2024-25 സാമ്പത്തിക വർഷം കിഫ്ബിയുടെ ശരിക്കുമുള്ള വായ്പ 8,089.92 കോടിയാണ്. ഇക്കാര്യം കേന്ദ്രത്തിന് റിപ്പോർട്ട് ചെയ്തില്ല. ഈ സാമ്പത്തിക കാലയളവിൽ 5,563.09 കോടിയാണ് പെൻഷൻ കമ്പനി കടമെടുത്തതെങ്കിലും കേന്ദ്രത്തെ അറിയിച്ചത് 983.09 കോടി മാത്രം. ഫലത്തിൽ കിഫ്ബിയുടെ 8,089.92 കോടിയും പെൻഷൻ കമ്പനിയുടെ 4,580.00 കോടിയും ചേർത്ത് 12,669.92 കോടിയുടെ പൊരുത്തക്കേട് കണക്കിലുള്ളതായി സി.എ.ജി കണ്ടെത്തി.

കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്പയെടുക്കൽ ബജറ്റിന് പുറത്തുള്ളതാണെന്നും ട്രഷറിയുമായി ബന്ധമില്ലെന്ന് ഒരുഭാഗത്ത് വാദിക്കുമ്പോഴാണ് ഇത്തരം വായ്പയുടെ വിവരങ്ങൾ മറച്ചുവെച്ചത്. ഓഫ് ബജറ്റ് വായ്പകൾ പോലും സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ കൂട്ടിച്ചേർക്കുന്ന കേന്ദ്രസമീപനം മൂലമാണ് മറച്ചുവെക്കലെന്നാണ് സൂചന. ഇതിനിടെ, കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പകളുടെ വിശദാംശങ്ങൾ കഴിഞ്ഞ സർക്കാർ ബജറ്റിൽ വെളിപ്പെടുത്തിയില്ലെന്ന വിമർശനവും സി.എ.ജി ഉന്നയിച്ചു. ഇത്തരം ബാധ്യതകൾ മുൻകൂട്ടി വെളിപ്പെടുത്താത്തത് പൊതു ധനകാര്യ മാനേജ്‌മെന്റിലെ സുതാര്യത കുറക്കുകയും സർക്കാറിന്റെ അക്കൗണ്ടുകളുടെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും.

കിഫ്ബിയും പെൻഷൻ കമ്പനിയും എടുക്കുന്ന വായ്പകൾ ബജറ്റിന് പുറത്തെ കടമെടുപ്പാണെന്നും അവ സർക്കാർ നൽകുന്ന ഗ്യാരണ്ടികളുടെ പരിധിയിൽ വരുന്ന ആകസ്മിക ബാധ്യതകൾ മാത്രമാണെന്നുമാണ് സർക്കാറിന്റെ മറുപടി. ഈ സ്ഥാപനങ്ങൾക്ക് കടം വീട്ടാൻ തനതായ വരുമാനമില്ലാത്തതിനാൽ സർക്കാർ ബജറ്റിലെ വിഹിതം ഉപയോഗിച്ചാണ് തിരിച്ചടവ് നടത്തുന്നത്. ഫലത്തിൽ സർക്കാറിന്റെ വായ്പാ പരിധിയിൽ വരുമെന്ന നേരത്തെയുള്ള വിമർശനം ഇക്കാര്യത്തിലും സി.എ.ജി ആവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Budgetaudit reportCAG Audit
News Summary - CAG finds irregularities worth Rs 12,669.92 crore
Next Story