Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഫ്ബിക്കെതിരെ വീണ്ടും...

കിഫ്ബിക്കെതിരെ വീണ്ടും സി.എ.ജി; നിലപാടിലുറച്ച് സർക്കാറും

text_fields
bookmark_border
കിഫ്ബിക്കെതിരെ വീണ്ടും സി.എ.ജി; നിലപാടിലുറച്ച് സർക്കാറും
cancel
Listen to this Article

തിരുവനന്തപുരം: കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്‍റെ ബാധ്യതയല്ലെന്ന വാദം തള്ളി വീണ്ടും കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ റിപ്പോർട്ട്. കിഫ്ബിയുടെയും സാമൂഹിക പെന്‍ഷന്‍ കമ്പനിയുടെയും വായ്പ സംസ്ഥാന സര്‍ക്കാറിന്‍റെ ബാധ്യതയാണെന്ന് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സി.എ.ജി ആവർത്തിച്ചു. കഴിഞ്ഞ റിപ്പോർട്ടിലും ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നെങ്കിലും സംസ്ഥാന സർക്കാർ പ്രമേയം കൊണ്ടുവന്ന് അത് പരിഗണിക്കുന്നത് ഒഴിവാക്കിയിരുന്നു.

ഓഡിറ്റിന്‍റെ അന്തിമഘട്ടത്തിൽ എക്‌സിറ്റ് കോണ്‍ഫറന്‍സില്‍ സംസ്ഥാന ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി സര്‍ക്കാറിന് ബാധ്യതയില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും സി.എ.ജി അംഗീകരിച്ചിട്ടില്ല. കിഫ്ബിയുടെ വായ്പ സംസ്ഥാന സര്‍ക്കാർ ബാധ്യതയല്ലെന്ന വാദം അവഗണിച്ച സി.എ.ജി റിപ്പോര്‍ട്ടിനൊപ്പം അതിനെ എതിർക്കുന്ന പ്രസ്താവനയും മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ സമര്‍പ്പിച്ചു.

ബജറ്റിന് പുറത്തെ വായ്പ സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയെ സാരമായി ബാധിക്കുന്നെന്ന് സി.എ.ജി റിപ്പോർട്ട് പറയുന്നു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക ബാധ്യതക്ക് ഇത് ആക്കം കൂട്ടും. 2020-21ൽ 9273.24 കോടി രൂപ ബജറ്റിന് പുറത്തുനിന്ന് കടമെടുത്തിരുത്തു. കിഫ്ബി വഴി 8604.19 കോടിയും പെന്‍ഷന്‍ കമ്പനിയിലൂടെ 669.05 കോടിയും. സംസ്ഥാനത്തിന്‍റെ ആകെ കടം 3,24,855.06 കോടിയായി. ഇത് തുടര്‍ന്നാല്‍ കടം കുമിഞ്ഞുകൂടും. പലിശ കൊടുക്കല്‍ മാത്രം കടത്തിന് കാരണമാകും. കാലക്രമേണ ഭാവി തലമുറക്ക് ഭാരമാകും.

കിഫ്ബിയുടെ വായ്പകള്‍ ബജറ്റിന് പുറത്തുള്ള വായ്പകളല്ലെന്നും ഇവ ആകസ്മികമായ ബാധ്യതകളാണെന്നും ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി വിശദീകരിച്ചെങ്കിലും സി.എ.ജി തള്ളി. സ്വന്തമായി വരുമാനമില്ലെന്നിരിക്കെ സര്‍ക്കാര്‍ എല്ലാ വര്‍ഷവും ബജറ്റിലൂടെ കിഫ്ബിയുടെ കടബാധ്യത തീർക്കണം. ഈ കടമെടുക്കലുകള്‍ ആകസ്മിക ബാധ്യതകളായി കണക്കാക്കാനാകില്ലെന്നും സ്വന്തം വിഭവങ്ങളിലെ ബാധ്യതയാണെന്നും സി.എ.ജി വ്യക്തമാക്കി.

കിഫ്ബിയുടെ വായ്പകള്‍ക്കെതിരെ സി.എ.ജി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന സാഹചര്യത്തില്‍ മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാറും. ബജറ്റിന് പുറത്തുള്ള വായ്പയായി സംസ്ഥാനം തരംതിരിച്ചിരുന്ന കിഫ്ബിയുടെ കടമെടുപ്പുകളുമായി ബന്ധപ്പെട്ട നിരീക്ഷണം നിയമസഭയുടെ പി.എ.സി തള്ളിയിട്ടും സി.എ.ജി നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണെന്ന് ധനമന്ത്രി പറയുന്നു. 2019ലെ റിപ്പോര്‍ട്ട് സഭ ചര്‍ച്ച ചെയ്തപ്പോള്‍തന്നെ കിഫ്ബിയുടെ വായ്പകള്‍ സര്‍ക്കാര്‍ ഉറപ്പുകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അതുകൊണ്ടുതന്നെ സര്‍ക്കാറിന്റെ നേരിട്ടുള്ള ബാധ്യതയല്ല, ആകസ്മിക ബാധ്യതയാണെന്നും വ്യക്തമാക്കിയിരുന്നു. പെൻഷൻ കമ്പനി വായ്പകളെയും ബജറ്റിന് പുറത്തെ വായ്പ പട്ടികയിലാണ് സി.എ.ജി തരംതിരിച്ചിരിക്കുന്നത്. ഇത് താല്‍ക്കാലിക വായ്പയാണ്.

60 ലക്ഷം പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം വൈകാതിരിക്കാനുള്ള ഫണ്ട് മാനേജ്‌മെന്‍റ് സംവിധാനം മാത്രമാണ്. ആ പണത്തില്‍ ബഹുഭൂരിപക്ഷവും ആ വര്‍ഷം തന്നെ തിരിച്ചടക്കുന്നു. ഈ സാമൂഹിക സുരക്ഷ ശൃംഖലയാണ് രാജ്യത്തെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി കേരളത്തെ നിലനിര്‍ത്തുന്നതെന്ന വസ്തുതയിലെ അവബോധം സി.എ.ജിക്ക് നഷ്ടപ്പെട്ടെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു. ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയും പ്രസ്താവനയിൽ ഒപ്പിട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governmentCAGKIFB
News Summary - CAG again against Kifb; The government will stand firm
Next Story