ശബരിമല വിമാനത്താവളത്തിന് മന്ത്രിസഭയുടെ അംഗീകാരം
text_fieldsതിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ആരംഭിക്കുന്ന ഗ്രീന്‍ഫീള്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. പ്രതിവര്‍ഷം മൂന്നു കോടിയിലധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന ശബരിമലയിലേയ്ക്ക് നിലവില്‍ റോഡുഗതാഗതമാര്‍ഗ്ഗം മാത്രമാണുള്ളത്. ചെങ്ങന്നൂര്‍/ തിരുവല്ല റയില്‍വേസ്റ്റേഷനുകളില്‍ നിന്നും റോഡുമാര്‍ഗ്ഗമോ, എം.സി. റോഡ്/ എന്‍.എച്ച് 47 എന്നിവയിലെ ഉപറോഡുകളോ ആണ് ഇവിടെ എത്തിച്ചേരാനുള്ള മാര്‍ഗ്ഗം.
അങ്കമാലി-ശബരി റയില്‍പാത നിര്‍മ്മാണം സര്‍ക്കാരിന്‍റെ പരിഗണനയിലാണെങ്കിലും ഫണ്ടിന്‍റെ ലഭ്യത, കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരം എന്നിവയിലുണ്ടാകുന്ന കാലതാമസം ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് തടസ്സമായി നില്‍ക്കുന്നുണ്ട്. സീസണ്‍ സമയത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ഇതു സഹായകരമാകും. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി പുതിയ തസ്തികകള്‍
ആരോഗ്യവിദ്യാഭ്യാസ വകുപ്പില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും പട്ടികവര്‍ഗ്ഗത്തിനു മാത്രമായും മതിയായ പ്രാതിനിധ്യം ലഭിക്കുന്നതിന് സഹായകരമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുപ്രകാരം ഓഫ്താല്‍മിക് അസിസ്റ്റന്‍റ്- 9 (പട്ടികജാതി/പട്ടികവര്‍ഗ്ഗം- 7, പട്ടികവര്‍ഗ്ഗം-2), റേഡിയോഗ്രാഫര്‍ ഗ്രേഡ് 2 - 20 (പട്ടികജാതി/പട്ടികവര്‍ഗ്ഗം- 15, പട്ടികവര്‍ഗ്ഗം-5), ബ്ലഡ്ബാങ്ക് ടെക്നീഷ്യന്‍ ഗ്രേഡ് 2 - 15 (പട്ടികജാതി/പട്ടികവര്‍ഗ്ഗം- 12, പട്ടികവര്‍ഗ്ഗം- 3) ഉള്‍പ്പെടെ 44 സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കും.
കെ.ആര്‍.എഫ്.ബി. പുനസംഘടിപ്പിച്ചു
കേരള സ്റ്റേറ്റ് റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍.എഫ്.ബി.) പുനഃസംഘടിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള ഇന്‍ഫ്രാസ്ട്രച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡിന്‍റെ സാമ്പത്തിക സഹായത്താല്‍ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി കേരള റോഡ് ഫണ്ട് ബോര്‍ഡ് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. പുതിയ തസ്തികകള്‍ സൃഷ്ടിച്ചും പുനര്‍വിന്യാസം വഴിയുമാണ് കെ.ആര്‍.എഫ്.ബി. പുനഃസംഘടിപ്പിക്കുക. പുതുതായി പ്രോജക്ട് ഡയറക്ടര്‍ - 1, ജനറല്‍ മാനേജര്‍ - 1, ടീം ലീഡര്‍ - 1, ഡിവിഷണല്‍ അക്കൗണ്ടന്‍റ് - 1 എന്നീ തസ്തികകള്‍ സൃഷ്ടിക്കും.
ഡെപ്യൂട്ടി ജനറല്‍ മാനജേര്‍ (ഇ.ഇ) - 1, അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ (എ.ഇ.ഇ) - 3, അസിസ്റ്റന്‍റ് മാനേജര്‍ (എ.ഇ) - 6, റസിഡന്‍റ് എഞ്ചിനീയര്‍ (ഇ.ഇ) - 5, ഡെപ്യൂട്ടി റസിഡന്‍റ് എഞ്ചിനീയര്‍ (എ.ഇ.ഇ) - 14, അസിസ്റ്റന്‍റ് റസിഡന്‍റ് എഞ്ചിനീയര്‍ (എ.ഇ.) - 28, ഡിവിഷണല്‍ അക്കൗണ്ടന്‍റ് - 1, ജൂനിയര്‍ സൂപ്രണ്ട് - 1, ക്ലാര്‍ക്ക് - 2, എന്നീ തസ്തികകള്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നും പുനര്‍വിന്യാസം വഴിയാകും നിയമിക്കുക.
ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി സര്‍വീസിന് ദൂരപരിധി നിശ്ചയിച്ചു
സംസ്ഥാനത്തെ 31 റൂട്ടുകള്‍ ദേശസാല്‍ക്കരിച്ചുകൊണ്ട് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനത്തില്‍ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി സര്‍വീസിന് 140 കി.മി. ദൂരപരിധി നിശ്ചയിച്ച് ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 1989-ലെ കേരള മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ദൂരപരിധിയില്ലാതെ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി എന്ന നിര്‍വ്വചനം ഉള്‍പ്പെടുത്തുന്നതിനായി 2016 ഫെബ്രുവരി 26-ന് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനത്തിലും ഈ ഭേദഗതി വരുത്തും.
ബിനു ബെനഡിക്ടിന് തസ്തികമാറ്റം നല്‍കും
മണല്‍മാഫിയയുടെ ആക്രമണത്തിനിരയായി ചലനശേഷി നഷ്ടപ്പെട്ട് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സിറ്റി എ.ആറിലെ സിവില്‍ പോലീസ് ഓഫീസര്‍ ബിനു ബെനഡിക്ടിന് തസ്തികമാറ്റം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊല്ലം ജില്ലാ സായുധസേനയില്‍ സമാന ശമ്പളസ്കെയിലും ആനുകൂല്യങ്ങളുമുളള സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് തസ്തികമാറ്റം നല്‍കുക.
കേരള ഹൈക്കോടതിയില്‍ സീനിയര്‍ ഗവ. പ്ലീഡറായി സി.എം.കമ്മപ്പുവിനെ നിയമിച്ചു. കേരള ഹൈക്കോടതിയില്‍ 5 ഗവ. പ്ലീഡര്‍മാരുടെയും 5 സീനിയര്‍ ഗവ. പ്ലീഡര്‍മാരുടെയും തസ്തികകള്‍ സൃഷ്ടിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതിപ്രദേശത്തെ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് തൊഴില്‍ വകുപ്പില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ - 1, ക്ലാര്‍ക്ക് - 1, ഓഫീസ് അറ്റന്‍ഡന്‍റ് - 1 എന്നീ തസ്തികകള്‍ സൃഷ്ടിച്ചു.
ശമ്പളപരിഷ്കരണം
തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുളള കേരള റൂറല്‍ എംപ്ലായ്മെന്‍റ് & വെല്‍ഫയര്‍ സൊസൈറ്റിയിലും ഗ്രാമലക്ഷ്മി മുദ്രാലയത്തിലെ തൊഴിലാളികള്‍ക്കും ധനകാര്യ വകുപ്പിന്‍റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ശമ്പളപരിഷ്കരണ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
