Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാമ്പസ് വ്യവസായ...

കാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ മന്ത്രിസഭ തീരുമാനം

text_fields
bookmark_border
കാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ മന്ത്രിസഭ തീരുമാനം
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് കാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടനുബന്ധിച്ച് കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് സ്കീം - 2024 അംഗീകരിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങളിലാണ് കാമ്പസ് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നത്.

വ്യവസായ ആവശ്യത്തിനായി സ്ഥല ലഭ്യതയുടെ ദൗർലഭ്യം പരിഹരിക്കുന്നതിന് സർക്കാർ ആവിഷ്കരിച്ച നവീന പദ്ധതിയാണ് കാമ്പസ് വ്യവസായ പാർക്ക്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് ഇവ ആരംഭിക്കുന്നത് വഴി വിദ്യാർഥി സമൂഹത്തിൽ വ്യവസായ സംരംഭകത്വം വളർത്താനും വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും കഴിയും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങളിലൂടെ പുതുതായി കണ്ടെത്തുന്ന ഉൽപ്പന്നങ്ങളുടെ വ്യാവസായിക ഉത്പാദനം വേഗത്തിൽ ആരംഭിക്കുന്നതിനുള്ള സംവിധാനം കൂടി ആവിഷ്കരിക്കും.

ഡ്രൈവിംഗ് ലൈസന്‍സ് അച്ചടി തുകയിലെ കുടിശ്ശിക അനുവദിക്കും

ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അച്ചടിച്ച് വിതരണം ചെയ്തതിലുള്ള കുടിശ്ശിക നല്‍കാന്‍ തീരുമാനിച്ചു. ഐടിഐ ലിമിറ്റഡ് ബാംഗ്ലൂരിന് നല്‍കാനുള്ള 8.66 കോടി രൂപയും സി-ഡിറ്റിന് നല്‍കാനുള്ള തുകയും ഉള്‍പ്പെടെ 15 കോടി രൂപയാണ് അനുവദിക്കുക.

ഇടുക്കി, രാജകുമാരി, മുരിക്കാശ്ശേരി, നെടുങ്കണ്ടം, കരിമണ്ണൂര്‍, കട്ടപ്പന എന്നീ ആറ് പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെ 174 താല്ക്കാലിക തസ്തികകള്‍ക്കും, തൃശ്ശൂര്‍ ജില്ലയിലെ തൃശൂര്‍ യൂനിറ്റ് നമ്പര്‍ വണ്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലെ 29 താല്ക്കാലിക തസ്തികകള്‍ക്കും തുടര്‍ച്ചാനുമതി ദീര്‍ഘിപ്പിച്ച് നല്‍കിയത് മന്ത്രിസഭയോഗം സാധൂകരിച്ചു.

ആലപ്പുഴ തുറവൂര്‍ - പമ്പാ റോഡില്‍ വെമ്പനാട് കായലിന് കുറുകെയുള്ള മാക്കേക്കടവ് - നേരേക്കടവ് പാലം നിർമാണത്തിന്‍റെ തുടര്‍ പ്രവൃത്തിക്കുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ നിര്‍ദേശം മന്ത്രിസഭയോഗം അംഗീകരിച്ചു. ഇതോടെ ബാക്കിയുള്ള പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനാകും.

പാലക്കാട് പട്ടാമ്പിയിലെ പ്രഭാകരന്‍റെ മകന്‍ എം.പി പ്രവീണിന് പട്ടിക ജാതി വികസന വകുപ്പിന്‍റെ കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കുളില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ നിയമനം നല്‍കും. അതിക്രമത്തിന് ഇരയായി മരണപ്പെടുന്ന പട്ടികജാതി-പട്ടിക വര്‍ഗത്തില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്ന പദ്ധതി പ്രകാരമാണിത്. പ്രഭാകരന്‍ ഒരു കൂട്ടം ആളുകളുടെ ആക്രമണത്തില്‍ 2015 ലാണ് മരണപ്പെട്ടത്.

രണ്ടാം ദേശിയ ജുഡീഷ്യല്‍ ശമ്പള കമീഷന്‍റെ ശുപാര്‍ശ അനുസരിച്ച് സംസ്ഥാനത്തെ വിജിലന്‍സ് ട്രൈബ്യൂണൽമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അലവന്‍സുകളും 2016 ജനുവരി ഒന്ന് പ്രാബല്യത്തില്‍ പരിഷ്കരിക്കും. മലബാര്‍ ഇന്‍റര്‍നാഷണല്‍ പോര്‍ട്ട് ആന്‍‍ഡ് സെസ് ലിമിറ്റഡ് കമ്പനിയുടെ എംഡിയായ എല്‍.രാധാകൃഷ്ണന്‍റെ സേവനകാലാവധി ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു.

കോട്ടൂര്‍ ആന പുനരവധിവാസ കേന്ദ്രത്തിന്‍റെയും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്‍റെയും സ്പെഷ്യല്‍ ഓഫീസറായ കെ ജെ വര്‍ഗീസിന്‍റെ നിയമനകാലാവധി ദീര്‍ഘിപ്പിച്ചു. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി വാട്ടര്‍ അതോറിറ്റി ഏറ്റെടുക്കുന്ന കൊല്ലം, പെരിനാട് വില്ലേജിലെ വസ്തുവും തൃക്കരുവ വില്ലേജിലെ വസ്തുവും രജിസ്റ്റര്‍ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷന്‍ ഫീസ് ഇനങ്ങളിലുള്ള തുക ഇളവ് ചെയ്യാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cabinet
News Summary - Cabinet decided to establish campus industrial parks
Next Story