തടസ്സം നീങ്ങുന്നു; കോഴഞ്ചേരി പാലത്തിന്റെ തുടർപ്രവൃത്തി ടെൻഡറിന് മന്ത്രിസഭ അനുമതി
text_fieldsനിർമാണത്തിലിരിക്കുന്ന കോഴഞ്ചേരി പാലം
പത്തനംതിട്ട: കോഴഞ്ചേരി പുതിയ പാലത്തിന്റെ തുടർപ്രവൃത്തിയുടെ ടെൻഡറിന് ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ അനുമതി. പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലെറ്റെടുപ്പ് ഉൾപ്പെടെ പൂർത്തീകരിച്ച്, ബാക്കിയുള്ള പ്രവൃത്തി 13.94 കോടി രൂപക്കാണ് ടെൻഡർ ചെയ്തത്.
2018 ഡിസംബർ 19ന് പാലത്തിന്റെ പ്രവൃത്തി പി.ജി കൺസ്ട്രഷൻ കമ്പനി കരാർ ഏറ്റെടുക്കുകയും എഗ്രിമെൻറ് വെക്കുകയും ചെയ്തിരുന്നു. കരാർ തുക വർധനയും ജി.എസ്.ടി തുകയും കരാറുകാരൻ ആവശ്യപ്പെട്ടു. മുൻകൂറായി ഭൂമി ലഭ്യമാക്കാത്തതും ഏറ്റെടുക്കൽ നടപടികളുടെ കാലതാമസവും പദ്ധതിയെ ബാധിച്ചു. നിർമാണത്തിനായി പോസ്റ്റ് ഓഫിസ് അധീനതയിലുള്ള സ്ഥലവും ആവശ്യമായി വന്നു. വൈദ്യുതി പോസ്റ്റുകളും മറ്റും മറ്റാനുള്ള പണം ലഭിക്കാനും കാലതാമസം നേരിട്ടു. ഹൈകോടതിയിൽ ഉൾപ്പെടെ ഉണ്ടായിരുന്ന കേസുകൾമൂലം രണ്ടരവർഷം പ്രവൃത്തി തടസ്സപ്പെട്ടു. കമ്പനി പ്രവൃത്തി പൂർത്തീകരിക്കാത്തതിനെ തുടർന്ന് കരാർ അവസാനിപ്പിച്ചു. പിന്നീട് അഞ്ചുതവണ തുടർപ്രവൃത്തി ടെൻഡർ ചെയ്തെങ്കിലും സർക്കാർ മാനദണ്ഡം അനുസരിച്ചു അംഗീകാരം ലഭിച്ചില്ല. തുടർന്ന് അവസാന ടെൻഡറിൽ ശ്യാമ ഡൈനമിക്സ് എന്ന കമ്പനി പങ്കെടുക്കുകയും അംഗീകാരത്തിനായി കാബിനറ്റിൽ വെക്കുകയായിരുന്നു. കിഫ്ബി 2016-17 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോഴഞ്ചേരി പുതിയ പാലത്തിന്റെ നിർമാണം. 19.77 കോടി രൂപയുടെ ഭരണാനുമതിയും 25.01.2018ൽ 19.69 കോടി രൂപക്ക് സാങ്കേതികാനുമതിയും ലഭിച്ചിരുന്നു. കോഴഞ്ചേരിയിൽ തിരുവല്ല-കുമ്പഴ റോഡിൽ സ്ഥിതിചെയ്യുന്ന കോഴഞ്ചേരി പഴയപാലത്തിന് സമാന്തരമായി പമ്പയാറിന് കുറുകെയാണ് പുതിയ പാലം നിർമിക്കുന്നത്. പാലത്തിന് 198.8 മീറ്റർ നീളവും ഇരുവശത്ത് നടപ്പാതയോടു കൂടി 12 മീറ്റർ വീതിയുമാണുള്ളത്.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ബി.എം ആൻഡ് ബി.സി വർക്കും ആവശ്യസ്ഥലങ്ങളിൽ സംരക്ഷണഭിത്തിയും ഉൾപ്പെടുത്തിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കോഴഞ്ചേരി ഭാഗത്ത് 90 മീറ്ററും തിരുവല്ല ഭാഗത്ത് 390 മീറ്ററുമാണ് സമീപനപാതയുടെ നീളം. നിലവിലുള്ള സംസ്ഥാനപാതയായ തിരുവല്ല-കുമ്പഴ റോഡിൽ കോഴഞ്ചേരി ടൗണിൽ അനുഭവിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരത്തിനും ശബരിമല തീർഥാടകർക്ക് ഗതാഗതകുരുക്കിൽപെടാതെ പോകാനും ഈ പാലം സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

