ഇന്ന് സംയുക്ത സമിതി ഹർത്താൽ
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത സമിതി െചാവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തും. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. കടകളടച്ചും യാത്ര, തൊഴിൽ എന്നിവ ഒഴിവാക്കിയും പഠിപ്പ് മുടക്കിയും മുഴുവൻ ജനങ്ങളും പ്രതിഷേധം രേഖപ്പെടുത്തണമെന്ന് സമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ അഭ്യർഥിച്ചു.
ശബരിമല തീർഥാടകർക്ക് ഒരു അസൗകര്യവും ഉണ്ടാകില്ല. റാന്നി താലൂക്കിനെ പൂർണമായി ഹർത്താലിൽനിന്ന് ഒഴിവാക്കി. തദ്ദേശ ഉപതെരഞ്ഞെടുപ്പിനോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ തടസ്സമുണ്ടാകില്ല. ഹർത്താൽ തികച്ചും സമാധാനപരമായിരിക്കും. ഡൽഹി മാതൃകയിൽ പൊലീസും സംഘ്പരിവാറും ചേർന്ന് പ്രക്ഷോഭത്തെ പൈശാചികവത്കരിക്കാൻ സാധ്യതയുണ്ട്. കേരള പൊലീസിൽ സംഘ്പരിവാർ സ്വാധീനം എല്ലാവർക്കുമറിയാം.
വെൽെഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ്, എസ്.ഡി.പി.െഎ സംസ്ഥാന വൈസ് പ്രസിഡൻറ് മൂവാറ്റുപുഴ അഷറഫ് മൗലവി, ബി.എസ്.പി സംസ്ഥാന സെക്രട്ടറി മുരളി നാഗ, ഡി.എച്ച്.ആർ.എം വർക്കിങ് പ്രസിഡൻറ് സജി കൊല്ലം, സമിതി കൺവീനർ ശ്രീജ നെയ്യാറ്റിൻകര, മൈനോരിറ്റി റൈറ്റ്സ് വാച്ചിലെ അഡ്വ. ഷാനവാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
ജനകീയ ഹർത്താൽ വിജയിപ്പിക്കണം -സംയുക്ത സമിതി
കോഴിക്കോട്: ചൊവ്വാഴ്ച പ്രഖ്യാപിച്ച സംസ്ഥാന ഹർത്താൽ വിജയിപ്പിക്കണമെന്ന് സംയുക്ത സമിതി ജില്ല ഭാരവാഹികൾ ആഹ്വാനം ചെയ്തു. കടകൾ അടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹർത്താൽ സമാധാനപരമായി നടത്തണം. രാവിലെ ആറു മുതൽ വൈകീട്ട് ആറുമണി വരെ നടക്കുന്ന ഹർത്താലിൽനിന്ന് ശബരിമല തീർഥാടകരെയും പാൽ, പത്രം, പയ്യോളി കീഴൂരിലെ ആറാട്ടുത്സവം എന്നിവയെയും ഒഴിവാക്കിയിട്ടുണ്ട്.
ഹർത്താലിനെതിരെ നടക്കുന്ന കുപ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയണമെന്നും എ. വാസു (എസ്.ഡി.ടി.യു), അസ്‌ലം ചെറുവാടി (വെൽഫെയർ പാർട്ടി), മുസ്തഫ പാലേരി (എസ്.ഡി.പി.ഐ), ജിനോഷ് പാവണ്ടൂർ (ബി.എസ്.പി), ഒ.കെ. ഫാരിസ് (സോളിഡാരിറ്റി), റഹീം ചേന്ദമംഗലൂർ (ഫ്രറ്റേണിറ്റി), പി.സി. മുഹമ്മദ് കുട്ടി (എഫ്.ഐ.ടി.യു), മുഹമ്മദ് സഈദ് (എസ്.ഐ.ഒ), കെ. മാധവൻ, ഇസ്മായിൽ കമ്മന, സലിം കാരാടി, അംബിക എന്നിവർ ആവശ്യപ്പെട്ടു.
ഹർത്താൽ നിയമവിരുദ്ധം -ആലപ്പുഴ പൊലീസ് മേധാവി
ആലപ്പുഴ: പൗരത്വഭേദഗതി നിയമത്തിനെതിരെ ചില സംഘടനകൾ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹർത്താൽ നിയമവിരുദ്ധമാണെന്ന് ജില്ല പൊലീസ് മേധാവി കെ.എം. ടോമി. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, ബി.എസ്.പി, കേരള മുസ്ലിം യുവജന ഫെഡറേഷൻ, സോളിഡാരിറ്റി, എസ്.ഐ.ഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം തുടങ്ങിയ സംഘടനകളുടെ സംയുക്തയോഗ തീരുമാനം എന്ന രീതിയിലാണ് ഹർത്താൽ ആഹ്വാനം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടനകൾ ഏഴുദിവസംമുമ്പ് നോട്ടീസ് നൽകണമെന്ന് ഹൈകോടതി ഉത്തരവ് നിലവിലുണ്ട്. ഈ സംഘടനകളൊന്നും സമയപരിധിക്കുള്ളില്‍ ഔദ്യോഗികമായി നോട്ടീസ് നൽകിയിട്ടില്ല. ചൊവ്വാഴ്ച ജില്ലയിൽ ഹർത്താൽ നടത്തുകയോ അനുകൂലിക്കുകയോ ചെയ്താൽ അതിെൻറ ഭാഗമായുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഉത്തരവാദിത്തം ഈ സംഘടനകളുടെ ജില്ല നേതാക്കൾക്കായിരിക്കും. അവരുടെ പേരിൽ കർശന നിയമനടപടി സ്വീകരിക്കും.
ചൊവ്വാഴ്ച നടക്കുന്ന പഞ്ചായത്ത് ഉപെതരഞ്ഞെടുപ്പുകളിൽ പൊതുജനങ്ങൾക്ക് വോട്ടവകാശം വിനിയോഗിക്കാനും മറ്റും ഹർത്താൽ പ്രചാരണം തടസ്സം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതിനാൽ െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റങ്ങൾകൂടി ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കുമെന്നും പൊലീസ് മേധാവി വാർത്തക്കുറിപ്പിൽ അറിയിച്ചു. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
