കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള കോഓ ഡിനേഷന് കമ്മിറ്റി മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ച സമര പ്രഖ്യാപന സമ്മേളനത്തിൽ സംസാ രിച്ചവരെല്ലാം പറഞ്ഞത് ഒന്നുമാത്രം. ‘ഇത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ല. മനുഷ്യെൻറ പ്രശ്നമാണ്. നാളെ ക്രൈസ്തവരെയും ഹിന്ദുക്കളെയും ദലിതരെയുമെല്ലാം തേട ിയെത്തുന്ന ഭീഷണി. ഈ മണ്ണിൽ ജനിച്ച തങ്ങൾ ഇവിടെതന്നെ മരിക്കും. അതിനെ ചോദ്യം ചെയ്യാൻ ആ ർക്കും അവകാശമില്ല’.
ഉൾക്കൊള്ളലും സഹിഷ്ണുതയുമാണ് രാജ്യത്തിെൻറ പ്രതീകമെന്ന് പ ാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഈ തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാവണം. പൗരത്വത്തിന് തുരങ്കം വെയ്ക്കുന്നവരുടെ അന്ത്യം പരിതാപകരമായിരിക്കും. ഇന്ത്യ ആരുടെയും തറവാട് സ്വത്തല്ലെന്നും ഇന്ത്യ ഇന്ത്യക്കാരുടേതാണെന്നും ഫാഷിസ്റ്റ് ശക്തികളെ ബോധ്യപ്പെടുത്താനുള്ള ഈ അവസരം ഉപയോഗിക്കണം. നാനാത്വത്തില്‍ എകത്വമെന്ന സന്ദേശം ഉള്‍കൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും ഇന്ത്യക്കായി നമുക്ക് നിലനില്ക്കണമെന്നും തങ്ങൾ പറഞ്ഞു.
ആവേശമുണർത്തുന്നതായിരുന്നു മുംബൈ ഹൈകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി.ജി കോള്‍സെ പാട്ടീലിെൻറ വാക്കുകൾ: ‘കശ്മീരിെൻറ പ്രത്യേക പദവി എടുത്തുമാറ്റിയപ്പോഴും യു.പിയിലടക്കം നിരവധി പേരെ വേട്ടയാടിയപ്പോഴും വീടുകള്‍ അഗ്നിക്കിരയാക്കിയപ്പോഴും ഒരു പ്രതിഷേധത്തിനുമിറങ്ങാതെ നമ്മള് വെറുതെയിരുന്നു. ഇപ്പോഴെങ്കിലും നമുക്ക് തിരിച്ചറിവുണ്ടായിരിക്കുന്നു.
രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ കാണാന്‍ മുപ്പത് വര്‍ഷത്തോളമായി ആഗ്രഹിക്കുകയായിരുന്നു. അംബാനിക്കും അദാനിക്കും കോര്‍പറേറ്റുകള്‍ക്കും മോദി-ഷാ സഖ്യം രാജ്യത്തെ വില്‍ക്കുകയാണ്. ഇതില്‍നിന്ന് ശദ്ധതിരിച്ചുവിടാനാണ് ഇപ്പോഴത്തെ ശ്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയുടെ ആശയം പിൻപറ്റുന്നവരും ബ്രിട്ടീഷുകാർക്ക് രാജ്യത്തെ ഒറ്റിക്കൊടുത്തവരും തമ്മിലുള്ള ഈ യുദ്ധം വിജയിക്കുകതന്നെ ചെയ്യുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം പറഞ്ഞു. ഈ പോരാട്ടം രാജ്യത്തിനും മനുഷ്യനും വേണ്ടിയാണെന്നും പ്രക്ഷോഭത്തിനൊപ്പം ക്രൈസ്തവ സമുദായവും കൈകോർക്കുമെന്നും കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് ജോണി നെല്ലൂർ പറഞ്ഞു.