പ്രതികളെ യാത്രയാക്കാൻ കെ.കെ. ശൈലജയും എത്തി; കീഴടങ്ങിയ സദാനന്ദൻ വധശ്രമക്കേസ് പ്രതികളെ ജയിലിലടച്ചു
text_fieldsപ്രതികളെ ജയിലിലേക്ക് യാത്രയാക്കുന്നതിന്റെ ദൃശ്യം
തലശ്ശേരി: ബി.ജെ.പി നേതാവും രാജ്യസഭ എം.പിയുമായ സി. സദാനന്ദൻ വധശ്രമക്കേസിലെ സി.പി.എം പ്രവർത്തകരായ എട്ട് പ്രതികൾ വർഷങ്ങൾക്കുശേഷം കോടതിയിൽ കീഴടങ്ങി.
സി.പി.എം പ്രവർത്തകരായ മട്ടന്നൂർ ഉരുവച്ചാല്‍ കുഴിക്കല്‍ കെ. ശ്രീധരന്‍, മാതമംഗലം നാണു, പെരിഞ്ചേരി പുതിയ വീട്ടില്‍ മച്ചാന്‍ രാജന്‍, കുഴിക്കല്‍ പി. കൃഷ്ണന്‍ (കുഞ്ഞികൃഷ്ണന്‍), മനക്കല്‍ ചന്ദ്രോത്ത് രവീന്ദ്രന്‍ (രവി), കരേറ്റ പുല്ലാഞ്ഞിയോടന്‍ സുരേഷ് ബാബു (ബാബു), പെരിഞ്ചേരി മൈലപ്രവന്‍ രാമചന്ദ്രന്‍, കുഴിക്കല്‍ കെ. ബാലകൃഷ്ണന്‍ (ബാലന്‍) എന്നിവരാണ് തിങ്കളാഴ്ച തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി മുമ്പാകെ കീഴടങ്ങിയത്.
പ്രതികളെ വിചാരണ കോടതി നേരത്തേ ശിക്ഷിച്ചിരുന്നു. എന്നാല്‍, ശിക്ഷാവിധിക്കെതിരെ മേല്‍കോടതികളില്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലായിരുന്നു പ്രതികള്‍. ഏഴുവര്‍ഷത്തെ തടവാണ് പ്രതികള്‍ക്കെതിരെ വിധിച്ചിരുന്നത്. സുപ്രീംകോടതിയും അപ്പീല്‍ തള്ളിയതോടെയാണ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. മട്ടന്നൂര്‍ ഉരുവച്ചാലിലെ പഴശ്ശി രക്തസാക്ഷി മന്ദിരത്തില്‍നിന്ന് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ഇവര്‍ക്ക് യാത്രയയപ്പ് നല്‍കി.
പ്രതികളെ യാത്രയാക്കാന്‍ സ്ഥലം എം.എല്‍.എ കെ.കെ. ശൈലജ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സി.പി.എം പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ എത്തിയിരുന്നു. കോടതിയിൽ കീഴടങ്ങാനായി പോകുന്ന പ്രതികളായ സി.പി.എം പ്രവര്‍ത്തകര്‍ക്കായി മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കോടതി നടപടികൾക്കുശേഷം പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
1994 ജനുവരി 25ന് രാത്രിയാണ് ജന്മനാടായ പെരിഞ്ചേരിക്ക് സമീപം സദാനന്ദനെ സി.പി.എം പ്രവർത്തകർ പതിയിരുന്ന് ആക്രമിച്ചത്. അക്രമത്തിൽ അദ്ദേഹത്തിന്റെ രണ്ട് കാലുകളും വെട്ടിമാറ്റി. രക്തം വാർന്ന് റോഡരികിൽ കിടന്ന സദാനന്ദനെ 15 മിനിറ്റിനുശേഷം പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഫെബ്രുവരി ആറിന് നിശ്ചയിച്ച സഹോദരിയുടെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് ബന്ധുവീടുകൾ സന്ദർശിച്ച് മടങ്ങുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. ആൾക്കൂട്ടത്തെ ഭയപ്പെടുത്താനായി നാടൻ ബോംബുകളും പ്രതികൾ എറിഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിക്കാതിരിക്കാൻ ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവസമയത്ത് എൽ.പി സ്കൂൾ അധ്യാപകനായിരുന്നു സദാനന്ദൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

