Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മാധ്യമം...

'മാധ്യമം ആഴ്ചപ്പതിപ്പ്'​ 25 വയസ്: ഈ കുഞ്ഞിന്‍റെ വളർച്ചയിൽ മിഡ്​ വൈഫിന്‍റെ അത്രയും സന്തോഷമെന്ന് സി. രാധാകൃഷ്ണൻ

text_fields
bookmark_border
c radhakrishnan
cancel
Listen to this Article

കോഴിക്കോട്: 'മാധ്യമം ആഴ്ചപ്പതിപ്പി'ന്റെ രജതജൂബിലി ആഘോഷവേളയിൽ ആശംസകൾ നേർന്ന് എഴുത്തുകാരനും മാധ്യമം ദിനപത്രം മുൻ എഡിറ്ററുമായ സി. രാധാകൃഷ്ണൻ. ഒരു കുഞ്ഞിന്‍റെ വളർച്ചയിൽ മിഡ്​ വൈഫിനുണ്ടാകുന്ന അത്രയും സന്തോഷമാണ് മാധ്യമം ആഴ്​ചപ്പതിപ്പിന്‍റെ വളർച്ചയിൽ തനിക്കെന്ന് സി. രാധാകൃഷ്ണൻ പറഞ്ഞു.

സി. രാധാകൃഷ്ണന്‍റെ സന്ദേശത്തിന്‍റെ പൂർണരൂപം:

മാധ്യമം ആഴ്​ചപ്പതിപ്പ്​ 25-ാം വയസിലേക്ക്​ പ്രവേശിച്ചിരിക്കുന്ന അവസരത്തിൽ മാധ്യമം ആഴ്ചപ്പതിപ്പിനും പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എല്ലാ വായനക്കാർക്കും പൊതുവെയും നല്ലതു വരാൻ ഞാൻ ആഗ്രഹിക്കുന്നു. അറിവ്​ എല്ലാവർക്കുമായി പകർന്നുകൊടുക്കുക എന്നത്​ ഏറ്റവും വലിയ ഒരു ദൗത്യമാണ്​.

വിശുദ്ധ ഖുർആനിലെ സൂറത്തിലെ 39:9 ആയത്ത് ഇങ്ങനെ പറയുന്നു: സർവശക്തനായ അല്ലാഹുവേ കാര്യങ്ങളുടെ ആത്യന്തികമായ നിജസ്ഥിതി എനിക്ക്​ അറിവാക്കിത്തരിക എന്നും. അറിവാണ്​ ഈ ഭൂമിയിലെ ഏറ്റവും വലിയ ശക്തിയും ധനവും എന്ന്​ നമുക്കറിയാം. അറിവില്ലായ്മയാണ്​ എല്ലാ ദുഃഖങ്ങളുടെയും അടിസ്ഥാന കാരണം എന്നും നമുക്കറിയാം. പത്രമാധ്യമങ്ങളും പുസ്തകങ്ങളും എല്ലാം ചെയ്യുന്നത്​ അറിവ്​ സാർവത്രികമായി പ്രചരിപ്പിക്കുകയാണ്​. അത്​ കൃത്യമായ അറിവായിരിക്കുകയും നാടിന്​ നന്മ ചെയ്യാൻ കഴിയുന്ന അറിവായിരിക്കുകയും ചെയ്യുക എന്നുള്ളതാണ്​ ഈ മാധ്യമങ്ങളിലൊക്കെ പ്രവർത്തിക്കുന്ന ആളുകളുടെ അടിസ്ഥാന ധർമം.

അതുകൊണ്ടാണ്​ വൈക്കം മുഹമ്മദ്​ ബഷീറിനെ പോലെയുള്ള മഹാന്മാരായ എഴുത്തുകാർ ലോകത്തുള്ള എല്ലാവർക്കും സുഖമായിരിക്കട്ടെ എന്ന്​ പ്രാർഥിക്കുന്നത്,​ അതിനുവേണ്ടി ജീവിതവൃത്തി ഉഴിഞ്ഞുവെച്ചത്​. എല്ലാവരുമുണ്ടീ ലോകത്ത്​. ഞങ്ങളെപ്പോലെയുള്ള ചെറിയ ചെറിയ ആളുകൾ തുടർന്ന്​ പ്രവർത്തിച്ചു വരുന്നതും ഈയൊരു കാര്യത്തിനുവേണ്ടിയാണ്​. എത്രത്തോളം ഫലമുണ്ടായി എന്നു നമുക്ക്​ പറയാൻ പറ്റില്ല. പക്ഷേ, ആത്​മാർഥമായി ശ്രമിച്ചു എന്ന്​ നമുക്ക്​ പറയാൻ പറ്റും. അതാണല്ലോ ദൈവ സാക്ഷ്യത്തിനു മുമ്പിൽ ഏറ്റവും വലിയ കാര്യം.

ഈയൊരവസരത്തിൽ ലോകത്തിലെ വെളിച്ചം, നന്മ, അറിവ്​ ഉണ്ടാക്കാൻ വേണ്ടി, പ്രവർത്തിക്കാൻ വേണ്ടി വിത്ത്​ കുത്തിയിടപ്പെട്ട ഈയൊരു പ്രസിദ്ധീകരണത്തിന്‍റെ ആദ്യകാലത്തെ ചുമതല​ക്കാരൻ എന്ന നിലയിൽ എനിക്കേറെ സന്തോഷമുണ്ട്​. ഒരു കുഞ്ഞ്​ വലുതായി, നന്നായി, ഫലപ്രദമായി ജീവിച്ചു വലുതായി വളർന്നു കാണുമ്പോൾ ആ കുഞ്ഞിന്‍റെ പ്രസവത്തിൽ പ​ങ്കെടുത്ത മിഡ്​ വൈഫിന്​ എന്തുമാത്രം സന്തോഷമു​ണ്ടോ​ അത്രയുമാണ്​ ഇപ്പോഴത്തെയും ഇന്നലെവരെയുമുള്ള മാധ്യമം ആഴ്ചപ്പതിപ്പ്​ കാണുമ്പോൾ എനിക്കുണ്ടാകുന്നത്​. ഈ ചെറിയ ഭൂമിയിൽ ചെറിയതെന്നു ഞാനിപ്പോൾ പറയാൻ കാരണം ശാസ്ത്രം ഈ ഭൂമിയെ വളരെ ചെറുതാക്കിയിരിക്കുന്നു. വൻകരകൾ തമ്മിലുള്ള അന്തരം പോലുമില്ലാതായിരിക്കുന്നു. നാടുകൾ തമ്മിലുള്ള അന്തരത്തിന്‍റെ കാര്യം പറയാനുമില്ലല്ലോ. ഈ ചെറിയ ഭൂമിയിലെ എല്ലാ മനുഷ്യർക്കും സുഖമായും സന്തോഷമായും കഴിയാൻ സാധിക്കാതെ വന്നതിന്‍റെ ദുരിതം നമ്മളിപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കയാണ്​.

ഭൂമിയിൽ ഒരു മനുഷ്യനും ഒരു മനുഷ്യനും തമ്മിലും പകയും വിദ്വേഷവും ഉണ്ടാവാൻ പാടില്ല എന്നു മാത്രമല്ല, എല്ലാ മനുഷ്യരും എല്ലാ മനുഷ്യരെയും സഹോദരന്മാരായി കാണുന്ന ഒരവസ്ഥ ഉണ്ടാകണം എന്നുകൂടി ഈ എളിയ മനസ്സുകൊണ്ട്​ ഞാനാഗ്രഹിക്കുന്നു. ഞാനാണോ എന്‍റെ സഹോദരന്‍റെ ചോരയുടെ കാവൽക്കാരൻ എന്ന ചോദ്യത്തിന്​ ആണ്​ ആണ്​ ആണ്​ എന്ന്​ ലോകത്ത്​ എല്ലാ മനുഷ്യരും ഒരുപോലെ പറയുന്ന ഒരു കാലം സ്വപ്നം കണ്ടുകൊണ്ടാണ്​ ഈ 83 വയസ്സുവരെ ഞാൻ ജീവിച്ചത്​.

ഇനിയുള്ള കുറച്ചുകാലം കൂടി ഇതേ സ്വപ്നത്തിന്‍റെ വെളിച്ചത്തിൽ മു​ന്നോട്ടു പോകാനും ഈ തുരങ്കത്തിന്‍റെ അറ്റത്ത്​ ആ വെളിച്ചമുണ്ട്​ എന്ന ഒരു വിശ്വാസം നിലനിർത്താനും പ്രചരിപ്പിക്കാനും അത്​ നമുക്ക്​ എത്തിപ്പെടാൻ കഴിയുന്ന ഒരു വെളിച്ചമാണ്​ എന്ന ധൈര്യം നാട്ടുകാർക്ക്​ പകരാനും മാധ്യമത്തിന്​, ആഴ്ചപ്പതിപ്പിന്​ കഴിയുമാറാകട്ടെ എന്നാണ്​ എന്‍റെ എളിയ ആ​ശംസ. അതിന്​ സർവശക്തനായ ദൈവം നമുക്ക്​ ശേഷി തരട്ടെ, അതിനുള്ള സൗകര്യങ്ങൾ ഉണ്ടാക്കിത്തരട്ടെ എന്നു കൂടി എനിക്ക്​ പ്രാർഥിക്കാനുണ്ട്​. ഈ പ്രാർഥന തീർച്ചയായും ഫലിക്കും എന്നാണ്​ എന്‍റെ ഉറച്ച വിശ്വാസം.

കാരണം, ഈ ഒരു പ്രസ്ഥാനത്തിന്‍റെ പിറകിൽ പ്രവർത്തിക്കുന്ന ആളുകളുടെ അന്യൂനമായ ആത്​മാർഥത പണ്ടേ എനിക്ക്​ പരിചയമുള്ളതാണ്​. ജാതി, മത വ്യത്യാസം കൂടാതെ ദേശ, വർഗ, ലിംഗ ഭേദംകൂടാതെ എല്ലാവരോടും ആത്​മാർഥത പുലർത്താനുള്ള കഴിവ്​ ഒരു പുതിയ ആധുനിക ലോക സംസ്കാരത്തിന്‍റെ ഭാഗമായി ലഭിക്കാൻ എല്ലാ തരത്തിലുമുള്ള സൗകര്യങ്ങളും കഴിവുകളുമുപയോഗിച്ച്​ പ്രവർത്തിക്കാൻ സർവശക്തൻ സൗകര്യവും അവസരവും നൽകട്ടെ എന്നുകൂടി പ്രാർഥിച്ചു കൊള്ളുന്നു. എല്ലാവർക്കും എല്ലാവർക്കും നമസ്കാരം, നന്ദി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadhyamamMadhyamam Weekly Silver Jubilee
News Summary - C Radhakrishnan wishes Madhyamam Weekly Silver Jubilee, Madhyamam
Next Story