സി. കൃഷ്‌ണൻ നായർ സ്മാരക പത്രപ്രവർത്തക പുരസ്കാരം; വി.എ. മുനീറിന് പ്രത്യേക പരാമർശം
text_fieldsവി.എ. മുനീർ
കാസർകോട്: ആദ്യകാല പത്രപ്രവർത്തകനും സി.പി.എം മുൻ സംസ്ഥാന കമ്മിറ്റിയംഗവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന സി. കൃഷ്‌ണൻ നായരുടെ സ്‌മരണക്ക് കാസർകോട് ഇ.എം.എസ് പഠനകേന്ദ്രം ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിൽ 'മാധ്യമം' മലപ്പുറം യൂനിറ്റ് സബ് എഡിറ്റർ വി.എ. മുനീറിന് പ്രത്യേക പരാമർശം. 2022 സെപ്റ്റംബർ 11ന് വാരാദ്യ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച 'കാടിനെ പഠിപ്പിച്ചവൾ' എന്ന ഫീച്ചറിനാണ് പുരസ്കാരം.
നിലമ്പൂർ വനാന്തരങ്ങളിൽ താമസിക്കുന്ന ഗോത്ര വിഭാഗങ്ങളായ കാട്ടുനായ്ക, ചോലനായ്ക വിഭാഗങ്ങളിലുള്ളവർക്ക് അറിവും ജ്ഞാനവും പകർന്ന് നൽകുന്നതിനായി 40 വർഷം പ്രയത്നിച്ച നിലമ്പൂർ മണലോടിയിലെ അമ്മിണി ടീച്ചറുടെ ജീവിതം വരച്ചു കാട്ടിയ ഫീച്ചറാണ് പുരസ്കാരത്തിന് അർഹമായത്.
മലപ്പുറം ജില്ലയിലെ പോത്തുകല്ല് ഞെട്ടിക്കുളം സ്വദേശിയായ വി.എ. മുനീർ 2010 മുതൽ മാധ്യമത്തിൽ സബ് എഡിറ്ററാണ്. കോഴിക്കോട്, കൊച്ചി, മലപ്പുറം എഡിഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്.
പരേതനായ വാളങ്ങോടൻ അബുവിന്‍റെയും മാവുങ്ങൽ കദീജയുടേയും മകനാണ്. ഉമ്മുസൽമയാണ് ഭാര്യ. പാലാട് ഗൈഡൻസ് പബ്ലിക് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ഫൈഹ ഫാത്തിമയും ഇഷ മെഹ്ഫിയുമാണ് മക്കൾ.
മാതൃഭൂമി ദിനപത്രത്തിന്‍റെ കോഴിക്കോട് യൂനിറ്റ് സബ് എഡിറ്റർ രജി ആർ നായർക്കാണ് സി. കൃഷ്‌ണൻ നായർ പുരസ്കാരം. വി.എ. മുനീറിനെ കൂടാതെ ദേശാഭിമാനി കാസർകോട് സീനിയർ സബ് എഡിറ്റർ കെ.വി. രഞ്ജിത്തിനും പ്രത്യേക ജൂറി പരാമർശവുമുണ്ട്. ഡോ. വി.പി.പി. മുസ്‌തഫ, ഡോ. സി. ബാലൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്ത്. ചൊവ്വാഴ്ച രാവിലെ ഏഴരക്ക് പിലിക്കോട് സി. കൃഷ്‌ണൻ നായർ സ്‌മാരക മന്ദിരത്തിൽ നടക്കുന്ന അനുസ്‌മരണ ചടങ്ങിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്‌ണൻ പുരസ്കാരങ്ങൾ സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

