‘പൊലീസ് അന്വേഷിച്ച് തള്ളിയ പരാതി, പാർട്ടി വിശദീകരണം തേടിയിട്ടില്ല’; പീഡനാരോപണം തള്ളി സി. കൃഷ്ണകുമാർ
text_fieldsസി. കൃഷ്ണകുമാർ
പാലക്കാട്: തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതി തള്ളി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ രംഗത്ത്. സ്വത്തു തർക്കവുമായി ബന്ധപ്പെട്ട പരാതിയാണ് പുറത്തുവന്നതെന്നാണ് കൃഷ്ണകുമാറിന്‍റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ യുവതി പീഡനാരോപണം ഉന്നയിച്ചിരുന്നു. പൊലീസ് പരാതി അന്വേഷിച്ച് തള്ളിയതാണ്. കഴമ്പുണ്ടെന്ന് തോന്നിയ പരാതിയിൽ പാർട്ടി നടപടിയെടുത്തിട്ടുണ്ട്. അത്തരത്തിലൊരു പരാതിയിലാണ് സന്ദീപ് വാര്യരെ മാറ്റി നിർത്തിയതെന്നും കൃഷ്ണകുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
പാർട്ടി നേതൃത്വം വിശദീകരണമൊന്നും തേടിയിട്ടില്ല. അങ്ങനെയുണ്ടായാൽ നേതൃത്വത്തെ ബോധ്യപ്പെടുത്താൻ സാധിക്കും. നേരത്തെ ഉണ്ടായിരുന്ന നേതൃത്വത്തിന് സത്യമറിയാം. കാര്യങ്ങൾ പാർട്ടിയെ ബോധ്യപ്പെടുത്തിയിരുന്നു. ഞങ്ങളുടെ ഇടയിലുണ്ടായിരുന്ന അസുരവിത്ത് പുറത്ത് പോയി. അയാളാണ് ഇതിന് പിന്നിലെന്നും കൃഷ്ണകുമാർ ആരോപിച്ചു. പീഡന പരാതിയിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ കൃഷ്ണകുമാറിന് സാധിച്ചില്ല. വാർത്ത പുറത്തുവിട്ട മീഡിയവൺ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.
പീഡനത്തിന് ഇരയായെന്ന് കാണിച്ച് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പാലക്കാട്ടുകാരിയായ യുവതി കഴിഞ്ഞ ദിവസം ഇ-മെയിലിൽ പരാതി അയക്കുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് കൃഷ്ണകുമാർ പീഡിപ്പിച്ചെന്നാണ് പരാതി. മുമ്പ് ബി.ജെ.പി നേതാക്കളോട് പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. നിലവില്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലാണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഓഫീസ് യുവതിക്ക് മറുപടിയും അയച്ചിട്ടുണ്ട്.
പാലക്കാട്ടെ ബി.ജെ.പിയെ നിയന്ത്രിച്ചിരുന്നത് കൃഷ്ണകുമാറായിരുന്നു. ഏറെ എതിര്‍പ്പുണ്ടായിട്ടും ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി. പക്ഷേ ജയിക്കാനായില്ല. വേടനെതിരെ ഭാര്യ നല്‍കിയ പരാതിയും ഏറെ വിമര്‍ശിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് പുതിയ ചര്‍ച്ചകളും പുറത്തേക്ക് വരുന്നത്. ബി.ജെ.പിയുടെ ഭാരവാഹിത്വത്തില്‍നിന്നും കൃഷ്ണകുമാറിനെ മാറ്റിയിരുന്നു. എന്നാല്‍ കോര്‍ കമ്മറ്റിയില്‍ രാജീവ് ചന്ദ്രശേഖര്‍ പരിഗണന നല്‍കുകയും ചെയ്തു. വി. മുരളീധരന്റേയും കെ. സുരേന്ദ്രന്റേയും വിശ്വസ്ത ഗണത്തില്‍ പെട്ട നേതാവായിരുന്നു കൃഷ്ണകുമാര്‍. ഭാര്യയും പാലക്കാട്ടെ ബി.ജെ.പി നേതാവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

